Tuesday, August 6, 2013

ആണുറക്കം

ഒതുക്കത്തില്‍
കിടക്കണം

ഇടത്ത് അവള്‍
വലത്ത് മകള്‍

വാക്കുതെറ്റിച്ച് പുകവലിച്ചത്
മകളറിയരുത്
വകയിലൊരുത്തിയെ ഉമ്മവച്ചത്
അവളും

ശ്വാസമടക്കി
മേലോട്ടു നോക്കി
ശവം പോലെ

അഞ്ചുകൊല്ലം അനങ്ങാത്ത
ഇന്ത്യന്‍ പൌരബോധം പോലെ

വിഷംചെന്ന്
ഉടല്‍കെട്ട്

കിടക്കുന്നു

ഈ കവിത
അവളോ മകളോ എഴുതിയാല്‍
എങ്ങനെയിരിക്കും?

Monday, August 13, 2012

കൊണ്ടോട്ടി എയര്‍പ്പോര്‍ട്ടില്‍ നിന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് അവിശ്വാസിയായ ഒരിടത്തരം വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോള്‍....

(പച്ചക്കുതിര യുടെ ഓഗസ്റ്റ് ലക്കത്തില്‍ പ്രസിദ്ധീകരിച്ച കവിതയാണ്. പക്ഷേ കാതലായ ഒരു വാക്ക് അവര്‍  എഡിറ്റ് ചെയ്തു. ശരിയായ പാഠം ചുവടെ)

ചാലിയാര്‍;
കിഴക്കന്‍ കാട് അഴിച്ചെറിഞ്ഞ പര്‍ദ്ദ,
അറബിക്കടലിലേക്ക് വളച്ചുകെട്ടിയ
ഇരുണ്ടുമെലിഞ്ഞ വിനൈല്‍ ഫ്ലെക്സ്

കാറ്റ്
അതിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ
വെയില്‍നക്ഷത്രങ്ങള്‍ വരച്ചുമായിച്ചുകൊണ്ടിരിക്കെ -

അല്ലാഹുവല്ലാതെ ഇല്ല മറ്റൊരിലാഹ്... എന്ന്
ജുമുഅയ്ക്ക്1 നിരക്കുന്ന
ആണ്‍കുന്നുകള്‍;
നോക്കെത്താദൂരത്ത്
കപ്പ നട്ട
റബ്ബര്‍ നട്ട
ക്വാറി നട്ട
ഏറനാടന്‍ കുമ്പകള്‍

അല്ലാഹുവല്ലാതെ ഇല്ല... എന്ന്
മണ്ണും ചെങ്കല്ലും കുഴല്‍ക്കിണറുകളും ചുമന്ന്
പാതാളത്തിലേക്ക് സുജൂദ്2 പോകുന്ന
വയസ്സുചെന്ന പ്രാര്‍ത്ഥനകള്‍

അല്ലാഹുവല്ലാതെ ഇല്ല ഇല്ല... എന്ന്
ആകാശത്തേക്ക്  കല്ലിലും കമ്പിയിലും സിമന്റിലും
കൂര്‍ത്തുപൊന്തുന്ന
പുത്തന്‍ ഹദീസുകള്‍3

ഇല്ല മറ്റൊരിലാഹ്... എന്ന്
ഇടിഞ്ഞുവീഴാറായ  പഴയ മദ്രസകളും വായനശാലകളും

ഇല്ല ഇല്ല ഇല്ല... എന്ന്
ഒരിക്കലും തിരക്കൊഴിയാത്ത
ലീഗ് സി.പി.എം. ജമാ‍അത്തെ ആപ്പീസുകള്‍....

ഇല്ല ഇല്ല ഇല്ല....
പാണക്കാട്ടേക്ക്
പഴുക്കടയ്ക്കയും ഇടിച്ചക്കയും
പഴുത്ത പറങ്കിമാങ്ങയുമായി പോകുന്ന
ടാറിളകിയ റോഡുകള്‍

ഇല്ല ഇല്ല ഇല്ല....
മുജാഹിദ് സുന്നി സമസ്ത അഹമ്മദീയ സമ്മേളനപ്പന്തലുകള്‍
എമ്മീയെസ്സ് മര്‍ക്കസ് സ്വാശ്രയ കോളേജുകള്‍
ദെണ്ണാശുപത്രികള്‍.....
ജുവലറികളുടെ തോളില്‍ കയ്യിട്ടു നില്‍ക്കുന്ന ഇറച്ചിക്കടകള്‍
ഇറച്ചിക്കടകളെ കുടമണിചാര്‍ത്തി നടത്തിക്കുന്ന ജുവലറികള്‍
എല്ലാ കവലയിലും  കണ്ണിറുക്കുന്ന
മുത്തൂറ്റ് മണപ്പുറം കൊശമറ്റം പണമിടപാട് കേന്ദ്രങ്ങള്‍
ഏതു കുണ്ടനിടവഴിയിലും  കുഴഞ്ഞാടിനില്‍ക്കുന്ന
അപ്പെക്സ് അള്‍ട്ടിമം പഞ്ചവര്‍ണ്ണ ബംഗളാവുകള്‍
കമ്പിത്തപാലാപ്പീസുകളെ ഒന്നോടെ വിഴുങ്ങിയ
മണി എക്സ്ചെയ്ഞ്ച് കൌണ്ടറുകള്‍...

ഇല്ല...
ഇല്ല...
ഇല്ല.... എന്ന്
കൊണ്ടോട്ടി എയര്‍പോര്‍ട്ടിലേക്ക്
നിലവിളിച്ചു പായുന്ന
മേഘങ്ങള്‍ മയില്‍വാഹനങ്ങള്‍
കാറുകള്‍ കാക്കപ്പരുന്തുകള്‍
ആംബുലന്‍സുകള്‍ വേഴാമ്പലുകള്‍

ഇല്ല...
ഇല്ല...
ഇല്ല... എന്ന്
നെടുവീര്‍പ്പിടുന്ന
ഉമ്മാരങ്ങള്‍ ഓര്‍മ്മകള്‍
കുപ്പായക്കളിപ്പാട്ടക്കടകള്‍
വളവാച്ച്ചെരുപ്പ് തിളക്കങ്ങള്‍

ഇല്ല...
ഇല്ല...
എന്ന്
കാത്തിരുന്നു വറ്റിയ യോനികള്‍

ഇലാഹ്... 
ഇലാഹ് ...
എന്ന് 
യോനി മറന്ന ലിംഗങ്ങള്‍....

അല്ലാഹുവല്ലാതെ ഇല്ല മറ്റൊരിലാഹ് എന്ന്
കാലത്തില്‍ തറഞ്ഞുനില്‍ക്കുന്ന എമ്മെസ്പീ കുന്നില്‍
അല്ലാഹുവല്ലാതെ ഇല്ല മറ്റൊരിലാഹ് എന്ന്
എല്ലാ ഔദ്യോഗികചുമതലകളും മാറ്റിവയ്ക്കുന്ന സിവില്‍ സ്റ്റേഷനില്‍
വിജനമായ ന്യൂ ബ്ലോക്കില്‍
പണിതീരാത്ത മൂന്നാം നിലയില്‍
വെള്ളിയാഴ്ച ഉച്ചയ്ക്ക്
ഒരാള്‍ ഒറ്റയ്ക്കിരുന്ന് ഈ വരികളെഴുതുന്നു,
പ്രാവുകള്‍ ഒരു നൂറ്റാണ്ട് കാഷ്ടിച്ച ജനലിലൂടെ,
സിഗരറ്റ് കത്തിച്ച്
കൊള്ളി, അങ്ങു താഴെ കുത്തിത്തിരിയുന്ന
വിനൈല്‍ ഫ്ലെക്സിലേക്കെറിയുന്നു,
ധൂമാവിഷ്ടനായ ഒരു കാഫിര്‍;
ജീവനുള്ള മര്‍ത്ത്യമാംസം4 കയറ്റിയ തീവണ്ടി

- കാറ്റ്
വെയില്‍നക്ഷത്രങ്ങള്‍ വരച്ചുമായിച്ചുകൊണ്ടിരിക്കെ.....


 കുറിപ്പുകള്‍
1. ജുമുഅ: മുസ്ലീങ്ങള്‍ വെള്ളിയാഴ്ചകളിൽ ഉച്ചനേരത്ത് അനുഷ്ടിക്കുന്ന സമൂഹപ്രാർത്ഥന. ഒരുമിച്ചുകൂടുക എന്നും വെള്ളിയാഴ്ച എന്നും ഈ അറബി പദത്തിനർത്ഥം.

2. സുജൂദ്: നിസ്കാരത്തിലെ ഒരു മുഖ്യക്രിയ. കാല്‍വിരലുകളിലൂന്നി കുനിഞ്ഞ് കാല്‍മുട്ടുകള്‍, കൈവിരലുകള്‍, മൂക്ക്, നെറ്റി  എന്നിവയാല്‍  ഭൂമിയെ സ്പര്‍ശിച്ചാണ് ഇതു നിര്‍വ്വഹിക്കുക. സുജൂദ് എന്ന വാക്കിന് സാഷ്ടാംഗം, പ്രണാമം, വണക്കം എന്നെല്ലാം അര്‍ത്ഥം.

 3. ഹദീസ്: പ്രവാചകന്റെ വാക്കുകളും പ്രവർത്തനങ്ങളും മൗനാനുവാദങ്ങളുമാണ് പൊതുവെ ഹദീസ് എന്ന് അറിയപ്പെടുന്നത്. ഇവ ഏറെക്കാലം ക്രോഡീകരിക്കപ്പെടാതെ കിടന്നു. ആദ്യകാലത്ത് ഹദീഥുകൾ രേഖപ്പെടുത്തുന്നതിനെ നബി വിലക്കിയിരുന്നതായും പിന്നീട്  ഈ നിയന്ത്രണം നബിതന്നെ നീക്കിയതോടെ അനുചരന്മാര്‍ അവ എഴുതി സൂക്ഷിക്കാൻ തുടങ്ങിയതായും കരുതപ്പെടുന്നു. ആളുകൾ സ്വന്തമായി ഹദീസുണ്ടാക്കുന്ന അവസ്ഥയെത്തിയപ്പോഴാണത്രെ അവ ഗ്രന്ഥരൂപത്തില്‍  ക്രോഡീകരിക്കപ്പെട്ടത്. ഇസ്ലാമികവിശ്വാസം അനുസരിച്ച്  ഖുർ‌ആൻ ദൈവവചനവും ഹദീസ് നബിവചനവുമാകുന്നു.

4. “മര്‍ത്ത്യമാംസം, ജീവനുള്ള മര്‍ത്ത്യമാംസം കേറ്റി / മുദ്രവച്ച വാഗണുകളോടിവന്ന കാലം“ - ഇടശ്ശേരിയുടെ ‘മുഹമ്മദബ്ദുറഹിമാന്‍‘ എന്ന കവിത ഓര്‍ത്തുകൊണ്ട്.

Sunday, July 10, 2011

ഫ്ലാറ്റില്‍ ജനാലയ്ക്കല്‍





ആ‍ടിക്കൊഴിഞ്ഞ തന്‍ കൊച്ചരിപ്പല്ലു കൈ
വെള്ളയില്‍ വച്ചു വിതുമ്പലോടെ
ആരാരുമില്ലാത്ത ഫ്ലാറ്റില്‍ ജനാലയ്ക്ക -
ലാറുവയസ്സുള്ള മുത്തിയമ്മ

അല്ലല്ലൊരാളുണ്ട് കൂട്ടിന്, സിറ്റൌട്ടി -
ലാലോലമാടുന്ന കൂട്ടിനുള്ളില്‍
പല്ലില്ല പക്ഷേ, കിളിക്കൂട്ടുകാരിക്ക-
തോര്‍ത്തിട്ടവള്‍ക്കു ചിരിയുമുണ്ട്

അപ്പൊഴുണ്ടൂളിയിടുന്നൊരു കിങ്ഫിഷര്‍
തൊട്ടയല്‍ഫ്ലാറ്റീന്നെറിച്ചപോലെ
കൂര്‍മ്പന്മുഖവും കോണ്‍വാലും ചിറകുമായ്
മുട്ടനാകാശം മുറിച്ചുകൊണ്ട്

അച്ഛന്‍ വരാറുള്ള കിങ്ഫിഷര്‍; പക്ഷെ,യാ
പക്ഷിക്കു പല്ലില്ല വായുമില്ല
പൊട്ടിച്ചിരിച്ചുപോ,യോര്‍ക്കാതവളൊരു
മുറ്റമാ,യച്ചിരി മുല്ലകളായ്....



മുറ്റത്തു തുമ്പികള്‍, പൂമ്പാറ്റകള്‍, മടല്‍ -
ക്രിക്കറ്റിലാര്‍പ്പിടുമേട്ടന്മാരും
ഒറ്റയ്ക്കിരുന്നു മയങ്ങുമപ്പുപ്പനെ
തട്ടിവിളിക്കുന്ന കാറ്റുകളും

പാത്രം കഴുകും കലപിലയ്ക്കുള്ളിലെ
കാക്കകള്‍, ചേച്ചിമാ, രമ്മുമ്മയും
‘നട്ടുച്ചയായോടീ’ന്നച്ഛന്‍, ‘തനിക്കെന്താ
വട്ടുണ്ടോ’ന്നമ്മേടുറക്കുപേച്ചും

അക്കുവുംനങ്ങുവുമായിഷേമൊത്തുള്ളൊ -
രിംഗ്ലീഷുവേണ്ടാത്ത സ്കൂള്‍ക്കളിയില്‍
മാന്തണല്‍, നീളന്‍വെയില്‍വടി വീശി വ -
ന്നന്തിയാവോളം പഠിപ്പിക്കലും

ആദ്യമായ് മിന്നാമിനുങ്ങിനെ കാണലും
ആ മിന്നലിന്നും തിളങ്ങുന്നതും
ആറുവയസ്സുള്ളൊരാമുറ്റമാകെ രാ
മുല്ലകള്‍ പാറി നിറയുകയായ്....



നാട്ടിലെക്കാഴ്ചകളോര്‍ത്താവാം, കയ്യിലെ
കൊച്ചരിപ്പല്ലും ചിരിക്കിണുണ്ട്
മാതളത്തിന്റെ കുഞ്ഞല്ലിപോല്‍ തുഞ്ചത്തൊ -
രിത്തിരിച്ചോരക്കറ പുരണ്ട്

ഓര്‍ക്കയാവാം; അയല്പക്കത്തെ വല്യുമ്മ
ആയിഷപ്പെണ്ണിന്റെ പാല്‍പ്പല്ലിനെ
ചാണകം പൂശി മേലോടിന്‍പുറത്തേക്കു
വീശിയെറിഞ്ഞൊരു വിത്തുപോലെ

‘കീരീടെ പല്ലു താ പുത്തരിപ്പല്ലു താ‘ -
ന്നെല്ലാരുമൊത്തുചേര്‍ന്നാര്‍പ്പിടുമ്പോള്‍
ആയിഷ മാത്രം കരഞ്ഞു, പല്ലില്ലാത്ത
വല്യുമ്മതന്‍ മടിത്തട്ടിലന്ന്

മണ്ണില്‍ വിതച്ചാല്‍ പൊടിക്കും, മേല്‍ക്കൂരമേല്‍
വീശിവിതച്ചാല്‍ പറക്കുമെന്ന്
തൊണ്ണുകാട്ടിച്ചിരിച്ചപ്പുപ്പനാരാത്രി
കെട്ടിപ്പിടിച്ചതുമോര്‍ക്കയാവാം....



പെട്ടെന്നു താഴേക്കെറിഞ്ഞവള്‍ തന്മണി -
പ്പല്ലിനെ ഓര്‍മ്മകളാല്‍ പൊതിഞ്ഞ്
അച്ഛനുമമ്മയുമില്ലാത്ത ഫ്ലാറ്റിന്റെ
ഇച്ചിരിപ്പോലം ജനലിലൂടെ

ആഴമറിയാച്ചുവപ്പുമൊ, രായിരം
തേറ്റകള്‍ പൊന്തും മുഖവുമായി
താഴെപ്പരന്നുകിടപ്പാണ് പട്ടണം
തീ വിതച്ചിട്ട രാപ്പാടമായി

നാട്ടീന്നിരുട്ടിന്‍ വിമാനത്തിലൊട്ടിയി -
ങ്ങെത്തിയ മിന്നാമിനുങ്ങുകളേ
ദൂരദൂരത്തെയര്‍പ്പോര്‍ട്ടില്‍ റണ്‍വേകളില്‍
പൊട്ടിക്കിളര്‍ന്ന കൂണ്‍വെട്ടങ്ങളേ

പാതിരാപ്പാതവിളക്കുമരങ്ങളേ
ചക്രവാളപ്പെരുമീനുകളേ
കൂട്ടണേ നിങ്ങടെ കൂട്ടത്തി,ലീവരും
വേരറ്റ പട്ടണപ്പല്ലിനേയും

Thursday, January 27, 2011

ജ ച്ച ഞാ ജ്ഞ

നമ്മളിടിക്കും കുന്നെല്ലാം
നമ്മുടെ പാറ പൈങ്കിളിയേ

നമ്മളുടയ്ക്കും പാറകളോ
നമ്മുടെ മെറ്റല്‍ മൈങ്കിളിയേ

നമ്മുടെ മെറ്റല്‍ റോഡുകളില്‍
കുണ്ടും കുഴിയും കൂങ്കിളിയേ

നമ്മള്‍ കുതിക്കും വണ്ടികളോ
ഡണ്ടഡ ഡണ്ടഡ ഡ്ഡുങ്കിളിയേ

നമ്മളു വീഴും കുഴിയില്‍ താന്‍
നമ്മള്‍ കിടക്കും കിക്കിളിയേ


ഞങ്ങളിടിച്ചൊരു
ഞങ്ങടെ കുന്നിന്‍
പാറയില്‍ മെറ്റല്‍റോഡൊന്നില്‍

ഞങ്ങള്‍ കുഴിച്ചൊരു
ഞങ്ങടെ കുഴിയില്‍
ഞങ്ങള്‍ കിടന്നു ദ്രവിച്ചെന്നാല്‍

നിങ്ങള്‍ക്കെന്താ സര്‍ക്കാരേ
ജ ച്ച ഞാ ജ്ഞ അല്ലാതെ?


Saturday, August 21, 2010

ഒരു വെളുപ്പാന്‍കാലം

ഒമ്പതര വരെ
ഞരമ്പില്‍ അള്ളിപ്പിടിച്ചുകിടക്കാറുള്ള ആ ജന്തു
ഇന്നെന്താ ഏഴരവെളുപ്പിനു തന്നെ
എഴുന്നേറ്റ് സ്ഥലം വിട്ടത്?
പിണങ്ങിപ്പോയതായിരിക്കുമോ?

ഘര്‍ര്‍....എന്നൊരു അമറിച്ച
എവിടെന്നോ കേള്‍ക്കുന്നുണ്ട്
എന്നോടുള്ള കലിപ്പിന്
അയലത്തെ വല്ലവന്റേം തലച്ചോറില്‍ കേറി
കശപിശയുണ്ടാക്കുകയാവുമോ?
പോയി നോക്കിയിട്ടു തന്നെ കാര്യം.

കോട്ടുവായ അല്പംതുറന്ന്
ശ്വാസത്തിന്റെ അഴിയില്‍ പിടിച്ച്
പുറത്തേക്കു നോക്കി

ആഹ! ഇതു ശരിക്കും ഒരു ജനലാണല്ലോ
ആകാശം മരങ്ങള്‍ കിളികള്‍
മണമുള്ള ചെറിയൊരു തണുപ്പ്...
കൊള്ളാമല്ലോ
എല്ലാരും എന്തൊക്കെയോ ആലോചനയിലുമാണല്ലോ...
എന്നൊക്കെ ആലോചിക്കാന്‍ തുടങ്ങിയതും
ഠപേന്ന് ഒപ്പാരിപോലെ വീണ്ടും ഒരമറി‍ച്ച
അഴിയില്‍, ശ്വാസത്തിന്റെയല്ല,
ശരിക്കുമുള്ള ജനലിന്റെ അഴിയില്‍,
ഒന്നുകൂടി അമര്‍ത്തിപ്പിടിച്ച്
പുറത്തേക്കു നോക്കി

അടുത്ത പറമ്പും
അടുത്തതിന്റെ അടുത്ത പറമ്പും
അതിനപ്പുറത്തെ പറമ്പും
ഒന്നിച്ച് ഒരു പറമ്പാക്കി കയ്യിലെടുത്ത്
ഘര്‍ര്‍... എന്ന് മറ്റൊരു ജന്തു

നെടുകെയും കുറുകെയും
താഴേക്കും മേലേക്കും
ലോകം ഒന്നു കുലുങ്ങി

ഉറക്കം പേടിച്ച്
എന്റെ തലച്ചോറിലേക്കു തന്നെ ഓടിക്കയറി

അയലത്തെ പറമ്പുകളില്‍
ആഴത്തെയും പരപ്പിനെയും ഉയരത്തെയും കുറിച്ച്
ഘര്‍ര്‍.. എന്ന കൂര്‍ക്കഭാഷയില്‍
കവിത എഴുതുകയായിരുന്നു
ഒരു വെളുപ്പാങ്കാല ജെ.സി.ബി

അഴിയിലെ തുരുമ്പില്‍
പല്ലിലെ കാത്സ്യം കൊണ്ട്
ഞാനും ഇറുമ്മി
എന്റെ ഉറക്കത്തോട് ഒരു വരി:
‘ആഴത്തിന്റെ അടിവേരേ അടങ്ങിക്കിടക്ക് '

Saturday, July 24, 2010

ഒരു കവിതയുടെ അഞ്ച് ഓര്‍മ്മകള്‍



(തൊട്ടുമുന്നില്‍ മറഞ്ഞ ശരച്ചന്ദ്രന്)




ഓര്‍മ്മ ഒന്ന് - എഡിറ്റുചെയ്യാത്ത യുമാറ്റിക് ടേപ്പുകള്‍

ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളിലെ
ഒരു പൊതുതെരഞ്ഞെടുപ്പുനാള്‍ വെളുപ്പിന്
സ്ക്കൂള്‍മതിലിനു പുറത്തെ
കുള്ളന്‍ വഴിമരത്തിന്റെ ഇലകള്‍ക്കിടയിലൂടെ
വോട്ടില്ലാത്ത ഒരു പയ്യന്‍ വെയില്‍
എത്തിനോക്കി
തിരുവനന്തപുരത്തെ ആദ്യത്തെ വീഡിയോക്യാമറ
റോഡരികില്‍ നിന്ന് അതു പകര്‍ത്തി

അവര്‍ പരിചയക്കാരായി

വെയില്‍ പലപാടു വളര്‍ന്നു....
നിഴല്‍ത്തടങ്ങള്‍ വെയില്‍കാഞ്ഞുകിടന്ന കാടുകള്‍
കത്തിക്കരിഞ്ഞ നിഴലുകളെ
വെയില്‍ക്കച്ചയില്‍ പൊതിഞ്ഞുകിടത്തിയ ഊരുകള്‍
വെയില്‍ശാലകളുടെ വിള്ളല്‍ തോറും
നിഴലുകള്‍ ഇഴഞ്ഞുനടന്ന നഗരങ്ങള്‍

അവര്‍ കൂട്ടുകാരായി



ഓര്‍മ്മ രണ്ട് - ഫ്ലൈ എവേ ഹോം1

ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറുകളില്‍
മൊബൈല്‍ടവറുകള്‍ കിളരും മുമ്പുള്ള
ഒരു അപ്പാര്‍ട്ട്മെന്റ് ടെറസ്സില്‍
വികൃതികളായ ചില നക്ഷത്രക്കുരുന്നുകള്‍
സന്ധ്യയ്ക് ഒരു തുണ്ട് ആകാശം വിരിച്ചിട്ടു
ഒരാള്‍ മഴവില്ലില്‍ പണിത മേശ കൊണ്ടുവന്നു
മറ്റൊരാള്‍ ഇടിമിന്നല്‍ത്തെളിയുള്ള സ്റ്റീരിയോയും
ചിലര്‍ കണ്മിഴിച്ചും ചിലര്‍ കണ്‍ചിമ്മിയും ഇരുന്നു
ചിലര്‍ മേഘക്കീറുകള്‍ പുതച്ച് ദൂരെ
ഒരു മിടുക്കത്തി നക്ഷത്രം അയല്‍ഗ്യാലക്സികളില്‍ നിന്ന്
ഒരുപറ്റം കാഴ്ചക്കാരെയും കൂട്ടിയെത്തി

തൃപ്പൂണിത്തുറയിലെ ആദ്യത്തെ വീഡിയോ പ്രൊജക്ടര്‍
അവരുടെ ആകാശത്തിലേക്ക്
ആമി എന്ന പെണ്‍കുട്ടിയെയും
പുള്ളിച്ചിറകുള്ള അവളുടെ വാത്തകളെയും പറത്തിവിട്ടു

അവരും ആകാശത്തിലെ പറവകളായി
വീടും ചിറകുമില്ലാത്തവര്‍ക്കൊപ്പം പറന്നു;
നക്ഷത്രങ്ങള്‍ക്കും
ഇടിമിന്നലുകള്‍ക്കും
മഴവില്ലുകള്‍ക്കുമൊപ്പം



ഓര്‍മ്മ മൂന്ന് - കനവ് 2

രണ്ടായിരാമാണ്ട് -
ആദിമണ്‍സൂണ്‍ മോന്തി
ഭൂമി നിറഞ്ഞു കവച്ച ഒരു പകല്‍
മലഞ്ചെരു തിരണ്ടൊലിച്ച നരസിപ്പുഴ
കനവു മേഞ്ഞ ഗുഡ 3
ഇല്ലികള്‍ ഇരമ്പങ്ങളില്‍ മുക്കിവരച്ച കാറ്റ്....

ഒരു കോടക്കാറ്
ആരും കാണാതെ വന്ന്
മലയിടുക്കിനെ ഉമ്മവച്ചുമ്മവച്ച് കിനിഞ്ഞിറങ്ങിയ
ഒരു മുത്തിക്കഥയില്‍
മഴ ‘മേലോരച്ച‘നായി
മണ്ണ് ‘കീഴോരത്തി’യായി4


കേരളത്തിലെ ആദ്യത്തെ നോണ്‍ലീനിയര്‍ കണ്‍സോളിന്റെ
താരകളില്‍
അവരുടെ അടിയോര്‍ക്കിടാങ്ങള്‍
പാട്ടുകളായി ഓടിനടന്നു:

എട്ടുകൊട്ടാഗെ എരിമയു കാലിയോ.... ലവ്വീയാ....
എവിടേക്കു ലവ്വീയാ ആട്ടുവ ലവ്വീയാ....
ലവ്വീയാ.... ലവ്വീയാ....

പാക്കത്തപ്പന്റെ വെള്ളിയാമലൈക്കോ.... ലെന്നായാ....
ആട്ടുത്ത വണ്ണായാ ലാട്ടുത്ത വണ്ണായാ....
ലെന്നായാ....ലെന്നായാ....5



ഓര്‍മ്മ നാല് - അങ്ങനെ പോയവന്റെ ശബ്ദം

പുതുനൂറ്റാണ്ടിലേക്ക് പുറപ്പെട്ടുപോയ
നിന്റെ വീഡിയോക്യാമറയോ
പ്രൊജക്ടറോ കണ്‍സോളോ
ഈ കവിത പിന്നെ കണ്ടിട്ടേയില്ല
വെയിലും
മഴയും
മണ്ണും
വിണ്ണും
മുറിച്ചുമാറ്റപ്പെട്ട
ഏതൊക്കെയോ ചുടലപ്പറമ്പുകളില്‍ നിന്ന്
ഇടയ്ക്കിടെ നിന്റെ കൈഫോണ്‍ മാത്രം
ശബ്ദിച്ചുകൊണ്ടിരുന്നു;

ഉത്തരമഥുരാപുരിയിലെ
ദുഃഖസത്യജ്ഞനായ ഭിക്ഷുവെപ്പോലെ



ഓര്‍മ്മ അഞ്ച് - ഉച്ഛിഷ്ടങ്ങളുടെ ദീര്‍ഘചതുരം

ഇപ്പോള്‍
രണ്ടായിരത്തിപ്പത്തിലെ ഒരു വേനലറുതിയില്‍
തൃശൂര്‍ പട്ടണത്തില്‍
പൂരത്തെറിയുടെ ഉച്ഛിഷ്ടങ്ങള്‍ കനച്ച
ഒരു കാനയുടെ കരയില്‍
സ്ലാബിളകിയുണ്ടായ
കറുത്തുകൊഴുത്ത ദീര്‍ഘചതുരത്തിലേക്ക് മൂത്രമിറ്റിച്ച്
ആടിയാടി
നീ നില്‍ക്കുന്നതായി
ഞാന്‍ സങ്കല്‍പ്പിക്കുന്നു
കൈഫോണ്‍
തോള്‍കൊണ്ട് കാതോട് ചേര്‍ത്തുപിടിച്ച്
നീ ആരോടോ തീവണ്ടിസമയം തിരക്കുന്നു
‘സൂക്ഷിച്ച്’ എന്നു ഞാന്‍ പറഞ്ഞില്ല
‘സമയമായില്ല’ എന്നു നീയും.

കൈഫോണ്‍ കാനയിലേക്കു വീണു

ഇപ്പോള്‍
ഉച്ഛിഷ്ടങ്ങളുടെ കറുത്ത ഒരു ദീര്‍ഘചതുരത്തിലേക്ക്
വാപൊളിച്ചിരിക്കുന്നു ഭൂമിയിലെ മുഴുവന്‍ വാങ്മയങ്ങളും.


കുറിപ്പുകള്‍:

1. കരോള്‍ ബലാര്‍ഡിന്റെ പ്രശസ്ത ചലച്ചിത്രം. ദേശാടക ജനുസ്സില്‍പ്പെട്ട, അനാഥരായ 16 കനേഡിയന്‍ വാത്തക്കുഞ്ഞുങ്ങളെ അവരുടെ വളര്‍ത്തമ്മയായ ആമി എന്ന പെണ്‍കുട്ടിയും അവളുടെ അച്ഛനും ചേര്‍ന്ന് ഒരു അള്‍ട്രാലൈറ്റ് വിമാനത്തോടൊപ്പം പറക്കാന്‍ പരിശീലിപ്പിക്കുന്നതും ഒടുവില്‍ ശൈത്യകാലത്ത് ആമിയുടെ വിമാനത്തെ പതിനായിരം മൈലോളം തെക്കോട്ടു പിന്തുടര്‍ന്ന് വാത്തകള്‍ നോര്‍ത്ത് കരോലിനയിലെ ഒരു പക്ഷിസങ്കേതത്തില്‍ എത്തിച്ചേരുന്നതുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. സഹജപ്രകൃതിയുടെയും സ്വാതന്ത്ര്യത്തിന്റെയും ആകാശങ്ങള്‍ തുറന്നിടുന്ന ഈ ചിത്രം കുട്ടികളെ കാണിക്കാന്‍ ശരത്ത് എപ്പോഴും ഇഷ്ടപ്പെട്ടിരുന്നു.

2. വയനാട്ടിലെ നരസി എന്ന ചെറുപുഴയുടെ കരയിലായി ആദിവാസി സമുദായങ്ങളിലെ കുട്ടികള്‍ ഒന്നിച്ചുപാര്‍ക്കുന്ന പാഠശാല

3. ആദിവാസിപ്പെണ്‍കുട്ടികള്‍ തിരളുമ്പോള്‍ ഒറ്റയ്ക്കു പാര്‍പ്പിച്ചിരുന്ന ചെറുകൂര

4.അടിയോര്‍ ഗോത്രത്തിന്റെ ആദിപിതാവ് മേലോരച്ചനും ആദിമാതാവ് കീഴോരത്തിയുമാണെന്ന് വിശ്വാസം.

5. അടിയോര്‍ ഗോത്രക്കാരുടെ ഒരു പാട്ട്. ശരത്തിന്റെ ‘കനവ്” എന്ന ഡോക്യുമെന്ററിയുടെ ശബ്ദപഥത്തില്‍ ഈ പാട്ട് കേള്‍ക്കാം

Tuesday, July 7, 2009

പള്ളിപ്പുറം വണ്ടിയാപ്പീസ് 1

പള്ളിപ്പുറം വണ്ടിയാപ്പീസില്‍
കാലപ്പഴക്കം കരയിട്ട
കല്ലുകസേരയുടുത്തുംകൊ -
ണ്ടോഞ്ഞിരുന്നു പകലന്ത്യോളം

പള്ളിപ്പുറം വണ്ടിയാപ്പീസ്


ദൂരമഴിഞ്ഞ രണ്ടെല്ലല്ലോ
തൂത നിളയും; അതിന്മീതേ
കൂകി നിറുത്താതിരമ്പിപ്പോയ്
തെക്കുവടക്കു തീവണ്ടത്താന്‍

- ഞെട്ടിച്ചുരുണ്ടട്ടയാപ്പീസ്


നേര്‍ച്ച കഴിഞ്ഞു തന്‍ മെല്ലിച്ച
പൈക്കളെ ധാരാളമാട്ടിക്കൊ -
ണ്ടെത്തി ബ്രേക്കിട്ടു വല്ലപ്പോഴും
പട്ടാമ്പിയില്‍ നിന്നു ചെട്ടിച്ചി2

- ചാടിയെണീറ്റാപ്പീസ് ‘ഏട്ത്തൂ?’


ഇംഗ്ലീഷ് വിളക്കുകാല്‍ പണ്ടത്തെ
പുങ്ക് ചൊറിഞ്ഞു തുരുമ്പിച്ച്
പേരാലു പൊന്തിയ മറ്റേക്കാല്‍
മന്തിനെ നോക്കിക്കൊതിവിട്ടു

- പള്ളിപ്പുറം പ്രാന്തനാപ്പീസ്


നീന്തിവരുമിരുള്‍പ്പാളത്തിന്‍
ചന്തിക്കടിച്ചു പരത്തീട്ടോ
അന്തിപ്പെരുങ്കൊല്ലനുണ്ടാക്കീ
ചുള്ളനിരുട്ടിന്റെ പാടങ്ങള്‍

- പള്ളിപ്പുറം കുണ്ടനാപ്പീസ്


കുണ്ടന്‍ നിലാവിന്റെ കുന്നായി
കുണ്ടന്‍ നിലാവിന്റെ കുണ്ടായി
നീളുന്നു പള്ളിപ്പുറമ്പോക്ക്
നീണ്ടുനിവര്‍ന്ന്, പുല്ലിംഗം പോല്‍

- പാതിരാഗന്ധര്‍വ്വനാപ്പീസ്


1. ഷൊര്‍ണ്ണൂര്‍-മംഗലാപുരം തീവണ്ടിപ്പാതയില്‍ പട്ടാമ്പി കഴിഞ്ഞുള്ള ഒരു ഉള്‍നാടന്‍ തീവണ്ടിയാപ്പീസ്. നിളയും തൂതയും പള്ളിപ്പുറം ഗ്രാമത്തിന്റെ ഇരുവശങ്ങളിലൂടെ ഒഴുകി പടിഞ്ഞാറെ മുനമ്പില്‍ വച്ച് ഒത്തുചേരുന്നു.
2. ‘കറുത്ത ചെട്ടിച്ചികള്‍’ എന്ന ഇടശ്ശേരിക്കവിതയുടെ ഓര്‍മ്മ