Sunday, July 10, 2011

ഫ്ലാറ്റില്‍ ജനാലയ്ക്കല്‍

ആ‍ടിക്കൊഴിഞ്ഞ തന്‍ കൊച്ചരിപ്പല്ലു കൈ
വെള്ളയില്‍ വച്ചു വിതുമ്പലോടെ
ആരാരുമില്ലാത്ത ഫ്ലാറ്റില്‍ ജനാലയ്ക്ക -
ലാറുവയസ്സുള്ള മുത്തിയമ്മ

അല്ലല്ലൊരാളുണ്ട് കൂട്ടിന്, സിറ്റൌട്ടി -
ലാലോലമാടുന്ന കൂട്ടിനുള്ളില്‍
പല്ലില്ല പക്ഷേ, കിളിക്കൂട്ടുകാരിക്ക-
തോര്‍ത്തിട്ടവള്‍ക്കു ചിരിയുമുണ്ട്

അപ്പൊഴുണ്ടൂളിയിടുന്നൊരു കിങ്ഫിഷര്‍
തൊട്ടയല്‍ഫ്ലാറ്റീന്നെറിച്ചപോലെ
കൂര്‍മ്പന്മുഖവും കോണ്‍വാലും ചിറകുമായ്
മുട്ടനാകാശം മുറിച്ചുകൊണ്ട്

അച്ഛന്‍ വരാറുള്ള കിങ്ഫിഷര്‍; പക്ഷെ,യാ
പക്ഷിക്കു പല്ലില്ല വായുമില്ല
പൊട്ടിച്ചിരിച്ചുപോ,യോര്‍ക്കാതവളൊരു
മുറ്റമാ,യച്ചിരി മുല്ലകളായ്....മുറ്റത്തു തുമ്പികള്‍, പൂമ്പാറ്റകള്‍, മടല്‍ -
ക്രിക്കറ്റിലാര്‍പ്പിടുമേട്ടന്മാരും
ഒറ്റയ്ക്കിരുന്നു മയങ്ങുമപ്പുപ്പനെ
തട്ടിവിളിക്കുന്ന കാറ്റുകളും

പാത്രം കഴുകും കലപിലയ്ക്കുള്ളിലെ
കാക്കകള്‍, ചേച്ചിമാ, രമ്മുമ്മയും
‘നട്ടുച്ചയായോടീ’ന്നച്ഛന്‍, ‘തനിക്കെന്താ
വട്ടുണ്ടോ’ന്നമ്മേടുറക്കുപേച്ചും

അക്കുവുംനങ്ങുവുമായിഷേമൊത്തുള്ളൊ -
രിംഗ്ലീഷുവേണ്ടാത്ത സ്കൂള്‍ക്കളിയില്‍
മാന്തണല്‍, നീളന്‍വെയില്‍വടി വീശി വ -
ന്നന്തിയാവോളം പഠിപ്പിക്കലും

ആദ്യമായ് മിന്നാമിനുങ്ങിനെ കാണലും
ആ മിന്നലിന്നും തിളങ്ങുന്നതും
ആറുവയസ്സുള്ളൊരാമുറ്റമാകെ രാ
മുല്ലകള്‍ പാറി നിറയുകയായ്....നാട്ടിലെക്കാഴ്ചകളോര്‍ത്താവാം, കയ്യിലെ
കൊച്ചരിപ്പല്ലും ചിരിക്കിണുണ്ട്
മാതളത്തിന്റെ കുഞ്ഞല്ലിപോല്‍ തുഞ്ചത്തൊ -
രിത്തിരിച്ചോരക്കറ പുരണ്ട്

ഓര്‍ക്കയാവാം; അയല്പക്കത്തെ വല്യുമ്മ
ആയിഷപ്പെണ്ണിന്റെ പാല്‍പ്പല്ലിനെ
ചാണകം പൂശി മേലോടിന്‍പുറത്തേക്കു
വീശിയെറിഞ്ഞൊരു വിത്തുപോലെ

‘കീരീടെ പല്ലു താ പുത്തരിപ്പല്ലു താ‘ -
ന്നെല്ലാരുമൊത്തുചേര്‍ന്നാര്‍പ്പിടുമ്പോള്‍
ആയിഷ മാത്രം കരഞ്ഞു, പല്ലില്ലാത്ത
വല്യുമ്മതന്‍ മടിത്തട്ടിലന്ന്

മണ്ണില്‍ വിതച്ചാല്‍ പൊടിക്കും, മേല്‍ക്കൂരമേല്‍
വീശിവിതച്ചാല്‍ പറക്കുമെന്ന്
തൊണ്ണുകാട്ടിച്ചിരിച്ചപ്പുപ്പനാരാത്രി
കെട്ടിപ്പിടിച്ചതുമോര്‍ക്കയാവാം....പെട്ടെന്നു താഴേക്കെറിഞ്ഞവള്‍ തന്മണി -
പ്പല്ലിനെ ഓര്‍മ്മകളാല്‍ പൊതിഞ്ഞ്
അച്ഛനുമമ്മയുമില്ലാത്ത ഫ്ലാറ്റിന്റെ
ഇച്ചിരിപ്പോലം ജനലിലൂടെ

ആഴമറിയാച്ചുവപ്പുമൊ, രായിരം
തേറ്റകള്‍ പൊന്തും മുഖവുമായി
താഴെപ്പരന്നുകിടപ്പാണ് പട്ടണം
തീ വിതച്ചിട്ട രാപ്പാടമായി

നാട്ടീന്നിരുട്ടിന്‍ വിമാനത്തിലൊട്ടിയി -
ങ്ങെത്തിയ മിന്നാമിനുങ്ങുകളേ
ദൂരദൂരത്തെയര്‍പ്പോര്‍ട്ടില്‍ റണ്‍വേകളില്‍
പൊട്ടിക്കിളര്‍ന്ന കൂണ്‍വെട്ടങ്ങളേ

പാതിരാപ്പാതവിളക്കുമരങ്ങളേ
ചക്രവാളപ്പെരുമീനുകളേ
കൂട്ടണേ നിങ്ങടെ കൂട്ടത്തി,ലീവരും
വേരറ്റ പട്ടണപ്പല്ലിനേയും

25 comments:

റ്റോംസ്‌ || thattakam .com said...

അക്കുവുംനങ്ങുവുമായിഷേമൊത്തുള്ളൊ -
രിംഗ്ലീഷുവേണ്ടാത്ത സ്കൂള്‍ക്കളിയില്‍
മാന്തണല്‍, നീളന്‍വെയില്‍വടി വീശി വ -
ന്നന്തിയാവോളം പഠിപ്പിക്കലും

പഴയ കാലം വെറുതെ ഓടിയെത്തി

ശ്രീനാഥന്‍ said...

തീ വിതച്ചിട്ട രാപ്പാടമായി ... ഫ്ലാറ്റിലെ കുഞ്ഞിനെ ഒരു ലളിത താളത്തിൽ കൃത്യമായി പ്ലേസ് ചെയ്ത ഈ കവിത കുഞ്ഞരിപ്പല്ലില്ലാതെ അറതുറന്ന് ഒരു ചോരക്കണമായി മനസ്സിൽ വീഴുമ്പോൾ തരിച്ചു നിൽക്കുന്നു ഞാൻ.

വിനീത് നായര്‍ said...

താളത്തില്‍ വീണ്ടും ഒരു കൊറിയന്‍ കവിത..!!

__faisal__ said...

Great poem, Anwar Ikka. Comments at http://faisal.in/?p=149

junaith said...

നന്നായിരിക്കുന്നു ഇക്കാ,ഓര്‍മ്മകളില്‍ മാത്രമാണ് പല കുട്ടികള്‍ക്കും ഇപ്പോള്‍ മുത്തശ്ശനും, മുത്തശ്ശിയും, വല്യുമ്മയും, വല്യുപ്പയും, ഗ്രാമങ്ങളും വയല്‍ക്കിളികളും...എല്ലാമെല്ലാം...അടച്ചു മൂടിയ നാല് ഫ്ലാറ്റ് ചുവരുകള്‍ക്കിടയിലാണ് പല കുട്ടികളും..
പഴയ മലയാള പാഠാവലിയിലെ ഒരു കവിത പിന്നെയും വായിച്ച പോലൊരു ഗൃഹാതുരത്വം എനിക്കും...

Ra Sh said...

പറഞ്ഞ് പറഞ്ഞ് അവസാനത്തെ മൂന്നു ഖന്ധികകളില്‍ തേറ്റകളിലേക്കും തീ പിടിച്ച രാപ്പാടങ്ങളിലേക്കും റണ്‍വേകളിലെ കൂണ്‍വെട്ടങ്ങളിലേക്കും എറിയപ്പെട്ട ആ പാവം പട്ടണപ്പല്ലിന്റെ ചിത്രം നടുക്കമുണ്ടാക്കി.

mustafa desamangalam said...

gambeeram........ormakal oonjaladunna nimishanagalilude......

love only

ഒരില വെറുതെ said...

അടിമുടി കവിത.

അസൂയ, ഈ ഒഴുക്കുള്ള ഭാഷയോട്.
അതില്‍ തത്തും കുഞ്ഞു മനസ്സിനോട്.
താളത്തില്‍ പറഞ്ഞിട്ടും ക്ലീഷേകളെ
ചൂലുകൊണ്ടോടിച്ച പ്രതിഭയോട്.
പുതിയ മലയാള കവിതയുടെ ജൈവികത
തെഴുത്തു തെഴുത്ത് പടരുന്നു,
ഈ വരികളില്‍.

kaviurava said...
This comment has been removed by the author.
kaviurava said...

അപ്പൊഴുണ്ടൂളിയിടുന്നൊരു കിങ്ഫിഷര്‍
തൊട്ടയല്‍ഫ്ലാറ്റീന്നെറിച്ചപോലെ
കൂര്‍മ്പന്മുഖവും കോണ്‍വാലും ചിറകുമായ്
മുട്ടനാകാശം മുറിച്ചുകൊണ്ട്,... സെപ്റ്റംബര്‍11
ഓര്‍മിപ്പിക്കും വിതം
ഫ്ലാറ്റില്‍ ജനാലയ്ക്ക -
ലാറുവയസ്സുള്ള മുത്തിയമ്മ കണ്ടുവോ,
അതോ,അന്‍വര്‍ ഇതെഴുതുമ്പോള്‍,
ഊഹിച്ചുകണ്ടതോ...
നാട്ടിലെക്കാഴ്ചകളോര്‍ത്താവാം,
കയ്യിലെ
കൊച്ചരിപ്പല്ലും ചിരിക്കിണുണ്ട്.
നന്നായിട്ടുണ്ട് ഇതനുഭവിക്കനാവുന്നു.kc

zubin said...

nettil vayikkunna aadiathe kavithyanithu madl cricket,,,,

Sanal Sasidharan said...

കൃഷ്ണഗാഥപഠിക്കുന്ന പല്ലുകൊഴിയും കാലത്തിലേക്ക് അലസമായി ഒന്നു പോയി വന്നു...നൊസ്റ്റാൾജിയ ;)...രസകരമായ വായനയിൽ നിന്നും മടങ്ങിവന്നപ്പോൾ പക്ഷേ..നടുക്കുന്ന കാഴ്ചകൾ...

പെട്ടെന്നു താഴേക്കെറിഞ്ഞവള്‍ തന്മണി -
പ്പല്ലിനെ ഓര്‍മ്മകളാല്‍ പൊതിഞ്ഞ്
അച്ഛനുമമ്മയുമില്ലാത്ത ഫ്ലാറ്റിന്റെ
ഇച്ചിരിപ്പോലം ജനലിലൂടെ

ആഴമറിയാച്ചുവപ്പുമൊ, രായിരം
തേറ്റകള്‍ പൊന്തും മുഖവുമായി
താഴെപ്പരന്നുകിടപ്പാണ് പട്ടണം
തീ വിതച്ചിട്ട രാപ്പാടമായി

നാട്ടീന്നിരുട്ടിന്‍ വിമാനത്തിലൊട്ടിയി -
ങ്ങെത്തിയ മിന്നാമിനുങ്ങുകളേ
ദൂരദൂരത്തെയര്‍പ്പോര്‍ട്ടില്‍ റണ്‍വേകളില്‍
പൊട്ടിക്കിളര്‍ന്ന കൂണ്‍വെട്ടങ്ങളേ

പാതിരാപ്പാതവിളക്കുമരങ്ങളേ
ചക്രവാളപ്പെരുമീനുകളേ
കൂട്ടണേ നിങ്ങടെ കൂട്ടത്തി,ലീവരും
വേരറ്റ പട്ടണപ്പല്ലിനേയും

എനിക്ക് പെൺ‌കുട്ടികളെ ഓർത്ത് പേടിയാവുന്നു മാഷേ..നിറയെ ദുഃസൂചനകളുള്ള കാലം..ദുഃസൂചനകളുള്ള കവിതയും..

Fousia R said...

കൂടുതലൊന്നും പറയാനില്ല.
ഒരു പല്ലിനോടൊപ്പം ഇങ്ങിനി വരാത്തവിധം കൊഴിഞ്ഞുപോയതു ഒരുകാലമാണല്ലോ.

Mubi said...

അന്‍വര്‍ക്ക,

ഓര്‍മയില്‍ വീണ്ടും കൊഴിഞ്ഞു പോയ ആ കാലം...

ഇഷ്ടായി.

sarju said...

മാതളത്തിന്റെ കുഞ്ഞല്ലിപോല്‍ തുഞ്ചത്തൊ -
രിത്തിരിച്ചോരക്കറ പുരണ്ട്,...
എടാ, ഇറക്കുമതിചെയ്ത ചുവന്ന മാതളപ്പഴങ്ങൾക്കരികെ നിൽക്കുമ്പോൾ ദികാർട്ടിലെ പഴക്കച്ചവടക്കാരന്റെ ആനാർ ആനാർ എന്ന വിളി വന്നുമൂടാറുണ്ട് ചിലപ്പോൾ , ഉന്തുവണ്ടിയ്ക്ക് കീഴിലെ, നായ്ക്കൂടിലും ചെറിയ സ്ഥലത്ത് അടയ്ക്കപെട്ട ആ ചെക്കനും.കോളാമ്പിയിലൂടെ അല്ലാതെ, ചില വാക്കുകൾ മലയാള കവിതയിൽ വായിക്കുന്നതിന്റെ സന്തോഷം. ശ്രീകുമാറിന്റെ വിറ, ടോണിയുടെ പാരാവാരം, ഫ്ലാറ്റിന്റെ ജനാലയ്ക്കൽ...

നജൂസ്‌ said...

ഇഷ്ടായീ.

sareena mannarmala said...

ആ‍ടിക്കൊഴിഞ്ഞ തന്‍ കൊച്ചരിപ്പല്ലു കൈ
വെള്ളയില്‍ വച്ചു വിതുമ്പലോടെ
ആരാരുമില്ലാത്ത ഫ്ലാറ്റില്‍ ജനാലയ്ക്ക -
ലാറുവയസ്സുള്ള മുത്തിയമ്മ........ നാന്നായിരിക്കുന്നു, മാഷെ
ഒരര് വയസ്സുക്കാരിയുടെ മനസ്സിലേക്ക് മുങ്ങാംകുഴി ഇട്ടുള്ള ഈ കവിഅന്വോഷണം
സറീന .

jayarajmurukkumpuzha said...

valare nannayittundu...... abhinandanangal.....

jayarajmurukkumpuzha said...

manoharamayittundu........ aashamsakal..........

mustafa desamangalam said...
This comment has been removed by the author.
mustafa desamangalam said...

"ഫ്ലാറ്റില്‍ ജനാലയ്ക്കല്‍"
nostalgic poem

Unknown said...

Excellently written... Kudos.
I really felt reading a real rythemic poem.
Poet's imagination took me back to my childhood days... The nostalgia it imparted is so touching.. The poet has left an indelible mark in my heart.
Keep writing...

Unknown said...

Excellently written... Kudos.
I really felt reading a real rythemic poem.
Poet's imagination took me back to my childhood days... The nostalgia it imparted is so touching.. The poet has left an indelible mark in my heart.
Keep writing...

പി. വിജയകുമാർ said...

തീ വിതച്ചിട്ട രാപ്പാടങ്ങളിലെ പട്ടണപ്പല്ലിന്റെ ചരിത്രം ഹൃദ്യമായി.ആഴവും അഴകുമുള്ള ഒരു കവിത വായിച്ച സുഖം.
അൻവർ, ആശംസകൾ.

മനോജ്.കെ said...

നല്ലത്