Saturday, September 20, 2008

പവര്‍കട്ട്

വരാന്ത വരാന്തയിലിരിക്കുന്നു
ഇരുട്ടിന്റെ കവുങ്ങ് മടിയില്‍കേറിയിരിക്കുന്നു
കൂട്ടുകാരി അതില്‍നിന്നൊരു കുത്തുപാള തെറുക്കുന്നു
അടര്‍ന്നുവീണ കിഴട്ടുപാളയില്‍
കുട്ടികള്‍ വഞ്ചിതുഴയുന്നു

ഓര്‍മ്മ
വരുന്നു, വല്യുപ്പയായി
സൈക്കിളില്‍ നിറയെ അടയ്ക്കയുമായി

കവുങ്ങുമ്മൂട്ടില്‍
പഴയ സ്പെയര്‍പാര്‍ട്ടുകള്‍ തിളക്കിവില്‍ക്കുന്ന ഒരു കട
സുജൂദിലിരുന്ന് പാതാളം ചൂണ്ടി
തുരുമ്പുരുവിടുന്നു

ഞങ്ങളെ തീറ്റി നീറ്റി കെട്ടുപോയ ഒരു വിറകടുക്കള
കാറ്റുവീണ മണ്ടയില്‍ പുകവിരിച്ചിരുന്ന്
മക്കള്‍ക്കുള്ള 'ദുഅ'കള്‍ മുറുക്കിത്തുപ്പുന്നു

എവിടെ എന്റെ മക്കള്‍ ?
ബലതന്ത്രനിയമങ്ങളില്ലാത്ത
ആനിമേഷനുകള്‍ ?
അവരുടെ വല്ല്യുപ്പുപ്പ
നട്ടും ബോള്‍ട്ടുമിട്ടു മുറുക്കിയ കെസ്സുതാരാട്ട്
അഴിച്ചുപിരുത്ത്
മുറ്റത്തെ പനിക്കൊതുകുകള്‍ക്ക് ശ്രുതിചേര്‍ക്കുന്ന
മറൂള*കള്‍ ?

(ഇരുട്ട്
എല്ലാതാരാട്ടുകളുടെയും അവസാനമെന്ന്
വരാന്തകള്‍ക്കറിയാം;
എല്ലാ ഇരുട്ടത്തിരുപ്പുകള്‍ക്കും
പകല്‍ പോലെ അറിയാവുന്ന വാസ്തവം)

ദേ, കറന്റ് വന്നു

തെളിയുന്നു,
അവള്‍ അടിച്ചുവാരിയും കഴുകിയും കാത്ത
വെളിച്ചം
എന്റെയും അവളുടെയും ഉമ്മമാര്‍
ഉമ്മുമ്മമാര്‍ വല്യുമ്മുമ്മമാര്‍
ഇരുട്ടുമെഴുകി വെടിപ്പാക്കിയ
അതേ വെളിച്ചം

അതിന്റെ മടിയില്‍
മകളായ് ചിതറിയ ചിരി ഛര്‍ദ്ദി
മകനുപേക്ഷിച്ച
'ബാറ്റ്മാ'**ന്റെ ഒടിഞ്ഞ ഒരു ചിറക്...

വരാന്ത എഴുന്നേല്‍ക്കുന്നു
വീട്ടിലേക്കോ പുറത്തേക്കോ?

-------------------

കുറിപ്പുകള്‍:
* മറുപിള്ള
** വവ്വാലിന്റെ രൂപഛായയുള്ള ഒരു കാര്‍ട്ടൂണ്‍ അതിമാനുഷന്‍

13 comments:

umbachy said...

വരാന്ത
വരാത്തവരെ കാത്ത് ഒരേ ഇരിപ്പാണ്
വഴിയിലേക്ക്
വലിച്ചിഴക്കപ്പെടുന്നതു വരെ,

കോഴിക്കോട്ട് നിന്നു കഴിച്ച ആ ഊണ്‍
മറന്നോ സാര്‍,

Mahi said...

വായിക്കാറുണ്ട്‌ സാറിന്റെ കവിതകള്‍ എല്ലാം ഇഷ്ടം ബലതന്ത്രനിയമങ്ങളില്ലാത്ത
ആനിമേഷനുകളേയും ഇരുട്ടുമെഴുകി വെടിപ്പാക്കിയ
ആ വെളിച്ചത്തേയും

urumbu (അന്‍വര്‍ അലി) said...

മറന്നിട്ടില്ല റഫീക്ക്.... ഒന്നും.
ഈമെയില്‍ അയയ്ക്കൂ.... urumbu@gmail.com

simy nazareth said...

മറൂളയും ബാറ്റ്മാനും ഒന്നും വിശദീകരിച്ചു കൊടുക്കേണ്ട കാര്യമില്ല. ആ നക്ഷത്രങ്ങള്‍ എടുത്തു കുപ്പയില്‍ കള.

കവിത നന്നായി.

Sanal Kumar Sasidharan said...

ഓർമ്മവരുന്നു സൈക്കിളിൽ ഇരുട്ടിന്റെ കവുങ്ങിനെ താലോലിക്കുന്നവരുടെ വരാന്തയിലേക്ക് പെണ്ണുങ്ങൾ ഇരുട്ട് മെഴുകി വെടിപ്പക്കിയ വെളിച്ചത്തിലേക്ക്.
ഓർമ്മവരുന്നു എനിക്കും

Kuzhur Wilson said...

വാക്കുകള്‍
വെളിച്ചത്തിന്റെ വിതാനം

അന് വര്‍ ജിയിലെ കവി / സിനിമക്കാരനെയോ
സിനിമക്കാരന്‍ കവിയേയോ ?

വാക്കുകളുടെ ഒരു നല്ല സിനിമ

തണുപ്പായിരുന്നു എനിക്ക് കിട്ടിയത്


സിമി,
അറിയാത്തവര്‍ കാണില്ലെ ? നക്ഷത്രങ്ങള്‍ / അത് അവിടെ കിടന്നോട്ടെ / എങ്കില്‍ വൈലോപ്പിള്ളിയെ നോക്കാന്‍ പോലും പറ്റില്ല

അങ്കിള്‍ said...

കവിതയില്‍ കമ്പമില്ലാത്തത് എന്റെ കുറ്റമാണോ.
ഓഫ് ടോപിക്ക്: തദ്ദേശസ്ഥാപനങ്ങളെ പരിശോധിക്കുന്ന ആപ്പീസിലല്ലേ ജോലി. ഇതാ ഈ ലേഖനം ഇഷ്ടപ്പെടുമായിരിക്കും.

urumbu (അന്‍വര്‍ അലി) said...

ലിങ്കിന് നന്ദി.
പക്ഷേ ഞാന്‍ നന്നാവില്ലമ്മാവാ...

വെള്ളെഴുത്ത് said...

‘വരാന്ത’ സോഫ, റിമോട്ട് എന്നിടത്തു നിന്ന് ഇറങ്ങി നടന്ന് പഴയൊരു വരാന്തയായി ഞാന്‍....കവുങ്ങായിട്ടും എടുത്തു മടിയില്‍ വച്ചിരിക്കുന്നു ഇരുട്ടിനെ..
സുജൂദ്, ദുആ കള്‍ക്കായിരുന്നു അടിക്കുറിപ്പ് വേണ്ടിയിരുന്നത്.. (വേണ്ട)
‘ഇരുട്ടത്തിരുപ്പുകള്‍‘ ഒരടിക്കുറിപ്പുമില്ലാതെ തെളിയും ഉള്ളില്‍ ആര്‍ക്കും. എന്തൊരു പ്രയോഗം..!

Pramod.KM said...

വരാന്തയില്‍ ഇരിക്കുന്ന വരാന്തയെ എഴുന്നേല്‍പ്പിച്ചതിന് അഭിനന്ദനങ്ങള്‍!

Ra Sh said...

verandah verandahyilirikkunnu.
shankeran thengelum.

kavitha valare valare nannayirikunnu.

batman vendayirikkumvare, powercuttil parakkumengilum.

verandah akathum purathum kavithayezhuthatte.

Ra Sh said...

aa kolachiri maaychoode, saar?

മണിലാല്‍ said...

ഇരുട്ടു കൊണ്ടു ഓട്ടയടക്കുന്നവര്‍ കവികള്‍..............