Saturday, September 20, 2008

പവര്‍കട്ട്

വരാന്ത വരാന്തയിലിരിക്കുന്നു
ഇരുട്ടിന്റെ കവുങ്ങ് മടിയില്‍കേറിയിരിക്കുന്നു
കൂട്ടുകാരി അതില്‍നിന്നൊരു കുത്തുപാള തെറുക്കുന്നു
അടര്‍ന്നുവീണ കിഴട്ടുപാളയില്‍
കുട്ടികള്‍ വഞ്ചിതുഴയുന്നു

ഓര്‍മ്മ
വരുന്നു, വല്യുപ്പയായി
സൈക്കിളില്‍ നിറയെ അടയ്ക്കയുമായി

കവുങ്ങുമ്മൂട്ടില്‍
പഴയ സ്പെയര്‍പാര്‍ട്ടുകള്‍ തിളക്കിവില്‍ക്കുന്ന ഒരു കട
സുജൂദിലിരുന്ന് പാതാളം ചൂണ്ടി
തുരുമ്പുരുവിടുന്നു

ഞങ്ങളെ തീറ്റി നീറ്റി കെട്ടുപോയ ഒരു വിറകടുക്കള
കാറ്റുവീണ മണ്ടയില്‍ പുകവിരിച്ചിരുന്ന്
മക്കള്‍ക്കുള്ള 'ദുഅ'കള്‍ മുറുക്കിത്തുപ്പുന്നു

എവിടെ എന്റെ മക്കള്‍ ?
ബലതന്ത്രനിയമങ്ങളില്ലാത്ത
ആനിമേഷനുകള്‍ ?
അവരുടെ വല്ല്യുപ്പുപ്പ
നട്ടും ബോള്‍ട്ടുമിട്ടു മുറുക്കിയ കെസ്സുതാരാട്ട്
അഴിച്ചുപിരുത്ത്
മുറ്റത്തെ പനിക്കൊതുകുകള്‍ക്ക് ശ്രുതിചേര്‍ക്കുന്ന
മറൂള*കള്‍ ?

(ഇരുട്ട്
എല്ലാതാരാട്ടുകളുടെയും അവസാനമെന്ന്
വരാന്തകള്‍ക്കറിയാം;
എല്ലാ ഇരുട്ടത്തിരുപ്പുകള്‍ക്കും
പകല്‍ പോലെ അറിയാവുന്ന വാസ്തവം)

ദേ, കറന്റ് വന്നു

തെളിയുന്നു,
അവള്‍ അടിച്ചുവാരിയും കഴുകിയും കാത്ത
വെളിച്ചം
എന്റെയും അവളുടെയും ഉമ്മമാര്‍
ഉമ്മുമ്മമാര്‍ വല്യുമ്മുമ്മമാര്‍
ഇരുട്ടുമെഴുകി വെടിപ്പാക്കിയ
അതേ വെളിച്ചം

അതിന്റെ മടിയില്‍
മകളായ് ചിതറിയ ചിരി ഛര്‍ദ്ദി
മകനുപേക്ഷിച്ച
'ബാറ്റ്മാ'**ന്റെ ഒടിഞ്ഞ ഒരു ചിറക്...

വരാന്ത എഴുന്നേല്‍ക്കുന്നു
വീട്ടിലേക്കോ പുറത്തേക്കോ?

-------------------

കുറിപ്പുകള്‍:
* മറുപിള്ള
** വവ്വാലിന്റെ രൂപഛായയുള്ള ഒരു കാര്‍ട്ടൂണ്‍ അതിമാനുഷന്‍