Thursday, September 13, 2007

യിന്‍- യാങ്1ഹാന്‍നദി2 ഒരു തറി
നീരൊഴുക്കിന്റെ യിന്‍; അതില്‍
‍അനേകായിരം രാവിളക്കുകളില്‍ നിന്നു കുതിക്കുന്ന
യാങ്നൂലുകളുടെ പാവ്

ഹാന്‍
ഒരു നെയ്ത്തുകാലത്തിന്റെ ഓര്‍മ്മ-
യിന്‍-യാങ്
യിന്‍-യാങ്
തറിയില്‍ ഒരുവള്‍ നിര്‍ത്താതെ പാടിയിരുന്നു

അവളുടെ രാവഞ്ചികള്‍ മീട്ടിയ യിന്നില്‍
‍ഇഴയിട്ട്, നക്ഷത്രമത്സ്യങ്ങളുടെ യാങ്

*

കൊയ്ത്തുകാലം വന്നു; ചോരയുടെ കാലം3
യിന്‍-യാങ് നിലവിളിയും കൊലവിളിയുമായി

കീറിപ്പറിഞ്ഞ സോവ്ള്‍ വാരിയുടുത്ത്
മുടികരിഞ്ഞ സാനുകളെ4 വാരിയെടുത്ത്
അവള്‍ മഞ്ഞക്കടലിലേക്ക് അലറി

ആരും കണ്ടിട്ടില്ല പിന്നീടവളെ

(ഒരു പടുകൂറ്റന്‍ അപ്പാര്‍ട്മെന്റില്‍
‍അടക്കിപ്പിടിച്ച തന്റെ ശ്വാസം മാത്രം ശ്വസിച്ച്
വെള്ളിക്കിഴങ്ങിന്റെ വേരുപോലുള്ള നരയുമായി
‍മകന്റെ ഫ്ലാറ്റിലെ കുടുസ്സുമുറിയിലുണ്ടെന്ന് ലീ സി-യങ്)5

*

പക്ഷേ
ഇന്നു രാത്രി അവള്‍ വരും
ഹാന്‍തറിയില്‍
ഹംഗുളിന്റെ യിന്‍-യാങ്ങില്‍
‍എന്റെ മലയാളവളവുകള്‍ വായിക്കും

ഞങ്ങള്‍ നെയ്യും
യീ-സാന്‍കവിത, തെറ്റിയുടുത്ത ജയില്‍വേഷം6
കിം കി-ദോസിനിമ, തെറിച്ച നിശാവസ്ത്രം7
ഭാരതപ്പുഴ, പിഞ്ഞിയ ഒരീരിഴത്തോര്‍ത്ത്

*

കുറിപ്പുകള്‍:-
1. യിന്‍-യാങ് : പ്രപഞ്ചസന്തുലനത്തെ ദാര്‍ശനികവും ജ്യോതിശ്ശാസ്ത്രപരവും ദൃശ്യാത്മകവുമായി വിശദീകരിക്കുന്ന പ്രാചീന ചൈനീസ് സങ്കല്പനം. പ്രാഥമികമായി യിന്‍ ചന്ദ്രനെയും ഇരുട്ടിനെയും സ്ത്രീയെയും കുറിക്കുന്നു; യാങ് സൂര്യനെയും പകലിനെയും പുരുഷനെയും. ഒരു വൃത്തത്തിനുള്ളിലെ പരസ്പരാപേക്ഷമായ കറുപ്പും വെളുപ്പുംരൂപങ്ങളായാണ് യിന്‍-യാങ്ദ്വന്ദം ചിത്രീകരിക്കാറ്. പൂര്‍വ്വേഷ്യന്‍ പാരമ്പര്യങ്ങളിലാകെ പടര്‍ന്നുകിടക്കുന്ന ഈ ആഖ്യാനത്തിന്റെ സ്വാധീനം കൊറിയന്‍ ഭാഷാരൂപീകരണത്തിലുമുണ്ട്. യിന്‍(തിരശ്ചീന) യാങ്(ലംബ) രേഖകളുടെ സങ്കലനമാണ് കൊറിയന്‍ ലിപിയായ ഹംഗുള്‍.

2. ഹാന്‍ (ഹാന്‍ഗാങ്) : സോവ്ള്‍നഗരത്തിനു കുറുകേ ഒഴുകി മഞ്ഞക്കടലില്‍ ചേരുന്ന നദി.
രാത്രിയില്‍ ഹാന്‍നദിക്കരയില്‍ നിന്നാല്‍ സോവ്ള്‍ മെട്രോയിലെ അനേകായിരം വൈദ്യുതവിളക്കുകള്‍ ജലവിതാനത്തില്‍ ബിംബിച്ച് അന്തമറ്റ ചിത്രപടങ്ങളായി മാറുന്ന മായക്കാഴ്ച കാണാം.


3. ഇരുപതാംനൂറ്റാണ്ടിലുടനീളം ജാപ്പനീസ് കൊളോണിയല്‍ ചൂഷണത്തിന്റെയും ആഭ്യന്തരയുദ്ധത്തിന്റെയും പട്ടിണിയുടെയും പിടിയിലായിരുന്നു കൊറിയന്‍ ഉപദ്വീപ്.

4. സാന്‍: മല

5. ഗ്രാമങ്ങളില്‍ പോലും കൂറ്റന്‍ കോര്‍പ്പറേറ്റ് അപ്പാര്‍ട്മെന്റുകള്‍ ഉയര്‍ന്നുവന്ന കൊറിയന്‍ സാമ്പത്തികമുന്നേറ്റകാലത്തെക്കുറിച്ച് കൊറിയന്‍കവി ലീ സി-യങ് എഴുതിയ 'അമ്മ' എന്ന കവിതയില്‍ നിന്ന്.

6. യീ സാന്‍: കൊറിയന്‍ കവിയും കഥാകാരനും. 1937ല്‍ ഇരുപത്തേഴാം വയസ്സില്‍ ജപ്പാനിലെ ഫുക്കുവോക്കാ ജയിലില്‍ കിടന്നു മരിച്ചു. ഒട്ടുമിക്ക എഴുത്തുകാരും ദേശീയവാദികളായിരുന്ന കാലത്ത് യീ സാന്‍ ഒരു ബൊഹീനിയനായി ജീവിക്കുകയും ജാപ്പനീസ് ഭാഷയില്‍ എഴുതുകയും ആധുനികതയുടെ രചനാകലാപം പ്രഖ്യാപിക്കുകയും ചെയ്തു. കൊറിയന്‍ ദേശീയസാഹിത്യപ്രസ്ഥാനത്തിന് വഴിപിഴച്ച പ്രതിഭയും പുതുതലമുറയ്ക്ക് കാലംതെറ്റിപ്പിറന്ന മഹാപ്രതിഭയുമാണ് യീ സാന്‍.

7. കിം കി ദോക്: ലോകപ്രശസ്തനായ കൊറിയന്‍ ചലച്ചിത്രകാരന്‍. ദേശീയവികാരത്തിനും ജനപ്രിയതയ്ക്കും പ്രാമുഖ്യമുള്ള കൊറിയയില്‍, സദാചാരമൂല്യങ്ങളെ നിരസിക്കുകയും ആധുനികകൊറിയന്‍ വ്യക്തിസത്തയുടെ രോഗാതുരതകള്‍ തുറന്നുകാട്ടുകയും ചെയ്യുന്ന കിം കി ദോക് പൊതുവേ അസ്വീകാര്യനാണ്.

Monday, July 16, 2007

ഇരുപുറവും ചൂടുള്ള ദോശ

നാം കിടക്കുമ്പോളോര്‍ത്തില്ല നമ്മളില്‍
നാം കിടന്നു വേവാന്‍ തുടങ്ങുന്നത്

നാം കിടന്നു,
മുരണ്ടൂ വിറക്
ദേ
നാം കിടുങ്ങുന്നു
ചൂടിന്നിരുപുറം

ആരുവന്നു തിരിച്ചിട്ടു നമ്മളെ
അമ്പു, തുമ്പിയോ? ദൈവമോ സ്വപ്നമോ?

ഞാന്‍ തിണര്‍ത്തൂ
നെരിപ്പില്‍‍
അണുവണുവായ് തണുത്തു നീ
കോശസമുദ്രമായ്

നമ്മളെത്തിന്നുവാനൊരു കണ്‍സ്യൂമര്‍
നാവു നീട്ടി; ഒടുക്കത്തെ നാവ്
അതിന്‍
നഷ്ടമൂല്യമേ നമ്മിലെ ചൂട്

ഗ്യാസു തീര്‍ന്നോ?

ഹലോ, ഗ്യാസേജന്‍സിയല്ലേ?
നമ്പര്‍ 278...
ങ്ഹേ!രണ്ടുമാസം കഴിയുംന്നോ?
....ഓക്കെ.

വേഗം കഴിച്ചോളൂ
നല്ല ചൂടാ
നല്‍...ല്ല ചൂടാ.

Sunday, July 15, 2007

കാഫ്ക


വെറിവേനലില്‍
ഒരു തെങ്ങിന്റെ മണ്ടയില്‍
‍തണ്ടുതുരപ്പന്‍ സൂര്യകിരണങ്ങളെ
കടിച്ചുപറിച്ചുകൊണ്ടിരുന്ന ഒരു കാക്ക

പെട്ടെന്ന്
തോന്ന്യാസത്തില്‍
ആകാശം തുരന്ന്
അനേകായിരം അപ്പാര്‍ട്ടുമെന്റുകള്‍ക്കപ്പുറത്ത്
ഉദ്ധരിച്ചുനിന്ന മറ്റേതോ മരത്തെ ഉന്നംവെച്ച്
പറന്നു തുടങ്ങിയതും,
ഒരു മഴ വന്നു

അപ്പാര്‍ട്ടുമെന്റുകളിലൊന്നിലെ
ഇരുപത്തൊന്നാം നിലയിലെ ബാല്‍ക്കണിയില്‍
ഇണചേര്‍ന്നു നിന്നിരുന്ന
ഒരാണും പെണ്ണും
കണ്ട്
അന്തംവിട്ടു നിന്നു,
മഴയ്ക്കു കുറുകേ
ഒറ്റവരയായി
ഒറ്റയ്ക്കു പരക്കുന്ന
ആ കാഫ്കയെ.

ആടിയാടി അലഞ്ഞ മരങ്ങളേ...

'നീലപ്പുല്‍ത്തറകള്‍ക്കുമേല്‍
പലനിഴല്‍ക്കൂടാരമുണ്ടാക്കി'*നടന്ന
പഴങ്കഥകളേ

ഓരോ തുള്ളി ചിതയിലേയ്ക്കും
ഒരായിരം സൂര്യനു കുതിച്ച
ഉടന്തടികളേ

ഉളിപിടിക്കാത്ത കടുന്തടികളേ
ഉരമറിയാത്ത ഇളമുറകളേ
കാറ്റുമ്പുറത്തു കേറി ഇരക്കാന്‍ പോയവരേ

അടിപറിഞ്ഞ നിലപാടുകളേ

ആടിയാടിയലഞ്ഞ്
നാവുകുഴഞ്ഞ്
എടുപിടീന്നൊരുനാള്‍...

ശരി, പിന്നെക്കാണാംന്ന്‍
പൊറിഞ്ഞിട്ടേലും പോകാരുന്നില്ലേ?

ദൈവന്തമ്പുരാനേ!
പ്രൊജക്ടഡ് ടാര്‍ജറ്റുപടി
പ്രോലിട്ടേറിയറ്റു കേരളം വരുമാരുന്നേല്‍
നിന്നുനിന്നു പെരുങ്കാടുകളാവേണ്ടവരല്ലാരുന്നോ,
കഷ്ടം!

ആഴിയാഴിയഴഞ്ഞ് ...
എഴുപിഴീന്ന്...

**************
*കുമാരനാശാന്റെ ‘പ്രരോദന‘ത്തില്‍ നിന്ന്

Monday, March 19, 2007

കുഞ്ഞുങ്ങള്‍ക്കും ഉറക്കുന്നവര്‍ക്കും

ഒരു താരാട്ട്
(ഓമനത്തിങ്കള്‍ക്കിടാവോ എന്ന മട്ട്)


അമ്പുച്ചെറുക്കനുറങ്ങാന്‍ - മാന-
ത്തമ്പിളിത്തൊട്ടിലൊരുങ്ങി

വള്ളിനിലാവിന്റെ തുഞ്ചം - ഒരു
ചില്ലനിലാവില്‍ കൊരുത്ത്

പട്ടുനിലാവതില്‍ ചുറ്റി - പഴ-
മ്പാട്ടുനിലാവൂയലേറി

ഏറെ വെളുക്കോളമാടി - അതില്‍
‍അമ്പുച്ചെറുക്കനുറങ്ങി

Sunday, March 18, 2007

കവിത

കഷ്ടം!
നാം മരിച്ചുവീണത്
ഒരു മണിക്കൂറിന്റെ രണ്ടതിരുകളില്‍
ആ‍ദ്യം ഞാന്‍
ഇരുളാനപ്പുറത്തേറി നരകത്തിലേക്ക്
പിന്നെ നീ
സൂര്യന്റെ തേരില്‍ സ്വര്‍ഗ്ഗത്തിലേക്ക്
നരകത്തില്‍ എനിക്ക്
ആത്മാവുകള്‍ അറയില്‍ തള്ളുന്ന പണികിട്ടി
സ്വര്‍ഗ്ഗത്തില്‍ നിനക്ക്
ആത്മാവുകള്‍ അടിച്ചുവാരുന്ന പണിയും
ഒരിടത്തായിരുന്നെങ്കില്‍
പണിത്തിരക്കിനിടയില്‍
നമുക്ക്
കാണുകയെങ്കിലും ചെയ്യാമായിരുന്നു
കഷ്ടം!

Poem in English

Alas!
It's on either side of the same hour
that we fell dead
Then, moumting the elephant dark,
I to hell
Riding the sun's chariot,
you to heaven
In hell
I was to shut up souls in the cells
In heaven
you were to sweep up souls
If we were together
we could have at least caught
glimses of each other
amid our chores
Alas!
translated from Malayalam by Rizhio Raj