Sunday, January 18, 2009

ഖബറിലേക്ക് വെള്ളം ചുമന്ന് ചുമന്ന്....

അസ്മാ, നീയറിയാതെ ഞാന്‍ നിന്റെ മണ്ണിനും മനുഷ്യര്‍ക്കുംവേണ്ടി പ്രാര്‍ത്ഥിച്ച ചിത്രം
ജൊന്‍ ജുവിലെ ആഫ്രോ-ഏഷ്യന്‍ എഴുത്തുകാരസംഗമ (നവംബര്‍,2007) ത്തിന്റെ പ്രാരംഭവേദിയില്‍ ‘അലച്ചില്‍‘ എന്ന തന്റെ പ്രബന്ധം വായിക്കുന്ന മഹമ്മൂദ് ദര്‍വിഷ്

അസ്മയുമൊത്ത്, ഗ്വാങ്ജുവിലേക്കുള്ള എക്സ്പ്രസ്സ് ബസ്സില്‍
കവിതയിലും സാമൂഹികനീതിയിലും ഉത്ക്കണ്ഠപ്പെടുന്ന മനുഷ്യര്‍ ലോകത്തിന്റെ പല കോണുകളിലിരുന്ന് മഹമ്മൂദ് ദര്‍വിഷ് എന്ന മഹാനായ ഫലസ്തീനിയെ ഓര്‍മ്മിച്ച, മൂന്നു മാസം മുമ്പത്തെ ഒരു വൈകുന്നേരം - 2008 ഒക്ടോബര്‍ 5 ന് - മനസ്സിലും പിന്നീട് യാദൃച്ഛികമായി കടലാസിലും കുറിക്കേണ്ടിവന്ന ഓര്‍മ്മകളാണിത്. തൃശ്ശൂര്‍ പബ്ലിക് ലൈബ്രറിയിലെ ചെറിയൊരു സദസ്സുമായി പങ്കിട്ടവ. ഗാസാമുനമ്പ് ഒരു കൊഴുത്ത കഫക്കട്ടയായി ഏഷ്യയുടെ തൊണ്ടയില്‍ കിടന്ന് പിടയ്ക്കുന്ന ദുഃസ്വപ്നത്തില്‍ നിര്‍ത്താതെ ചുമച്ചുപോയ ഒരു പാതിരയ്ക്ക്, കുറച്ചുപേരോടു കൂടി ആ ഓര്‍മ്മ പങ്കിടണമെന്നു തോന്നി... അതുകൊണ്ട്, അന്നു കുറിച്ചത് അതുപോലെ താഴെ-

മഹമ്മൂദ് ദര്‍വിഷിനെ സ്മരിക്കും മുമ്പ് എനിക്ക് ഓര്‍ക്കാനുള്ളത് മറ്റൊരു ഫലസ്തീനിയെയാണ് ; ദക്ഷിണകൊറിയയില്‍ വച്ച് എന്റെ കൂട്ടുകാരിയും കുഞ്ഞനുജത്തിയുമായി മാറിയ അസ്മാ അല്‍ ഗൌള്‍ എന്ന പെണ്‍കുട്ടിയെ.


ഹംഗൂക് സര്‍വകലാശാലാവളപ്പിലെ ശാന്തമായ തടാകക്കരയില്‍ വച്ചാണ് അസ്മയെ ഞാന്‍ ആദ്യമായി കണ്ടത്. അത്ഭുതപാരവശ്യത്തോടെ തടാകത്തിലേക്ക് തുറിച്ചുനോക്കിയിരിക്കുകയായിരുന്ന അവള്‍ ആരോടെന്നില്ലാതെ പറഞ്ഞു:


“എന്തൊരു ഭംഗിയാ ഈ കൊറിയയ്ക്ക്...” ആരെയോ ശകാരിക്കുംവിധം ഒച്ചയെടുത്താണ് അവള്‍ സംസാരിക്കുന്നത്, “...ഇത്രയ്ക്ക് പച്ചപ്പും വെള്ളവും പക്ഷികളും ഞാന്‍ കണ്ടിട്ടേയില്ലല്ലോ”


പരിചയപ്പെടലിനിടെ അവളുടെ ഓരോവാക്കും മുഖത്തടിക്കുമ്പോലെ. അവളെക്കാള്‍ 18 വയസ്സ് മൂപ്പുണ്ട് എനിക്ക്. കുറേക്കൂടി മയത്തില്‍ സംസാരിച്ചാലെന്താ ഇവള്‍ക്ക് എന്ന് മനസ്സു തികട്ടി. ഡയസ്പൊറാ (Diaspora) എന്ന പ്രതിഭാസത്തിന്റെ നിഷ്ഠൂരത തീരെ അറിഞ്ഞിട്ടില്ലാത്ത ഞാന്‍ അപ്രതീക്ഷിതമായി ചോദിച്ചു:


“യഹൂദാ അമിച്ചായിയുടെ കവിതകളെക്കുറിച്ച് എന്താണ് നിന്റെ അഭിപ്രായം?”


അപ്പോഴാണ് അസ്മ ആദ്യമായി എന്റെ മുഖത്തേക്ക് നോക്കിയത്. തീ പാറുന്ന നോട്ടം:


“ഞങ്ങള്‍ ജൂതന്മാരുടെ സാഹിത്യം വായിക്കാറില്ല”


സര്‍വജ്ഞാനിയും സാര്‍വ്വലൌകികതാരോഗിയുമായ എന്നിലെ മലയാളി അവിടം കൊണ്ടവസാനിപ്പിക്കാന്‍ തയ്യാറായിരുന്നില്ല. ഞാന്‍ പറഞ്ഞു:


“കവിതയില്‍ എന്ത് അറബിയും ജൂതനും.... നിങ്ങളുടെ മഹമ്മൂദ് ദര്‍വിഷ് ഹീബ്രുവിന്റെ ആരാധകനല്ലേ.”


അല്പനേരം അവള്‍ ഒന്നും മിണ്ടിയില്ല. എന്നെത്തന്നെ നോക്കിക്കൊണ്ടിരുന്ന അവളുടെ കണ്ണുകളില്‍ മെല്ലെ നനവു പരന്നു. മുന്നിലെ ചെറുതടാകം ഒരു കാച്ചിപ്പക്ഷി (ശാന്തപ്രകൃതിയായ ഒരു കൊറിയന്‍ പക്ഷി) യായി ആ മുഖത്ത് പറന്നിറങ്ങി. ഇടറുന്ന ശബ്ദത്തില്‍ അവള്‍ പറഞ്ഞു:


“ഞങ്ങള്‍ സാധാരണ ഫലസ്തീനികള്‍ അങ്ങനെയായിപ്പോയി, മിസ്റ്റര്‍ അന്‍വര്‍. പക്ഷേ മഹമ്മൂദ് ദര്‍വിഷ് വലിയ ആളല്ലേ. ഗാസയില്‍ ഹമാസ് അധികാരത്തില്‍ വന്നാലുള്ള ഭവിഷ്യത്തുകളെപ്പറ്റി അദ്ദേഹം ഞങ്ങളെ ഓര്‍മ്മിപ്പിച്ചിരുന്നു. എന്നിട്ടും ഞങ്ങള്‍ അവരെ വോട്ടുചെയ്തു ജയിപ്പിച്ചു....ഇപ്പോള്‍ തലയ്ക്കുമീതെ ഇസ്രായേല്‍ പടയുടെ ബോംബറുകള്‍, താഴെ ഹമാസിന്റെ ഭ്രാന്തന്‍ തോക്കുകള്‍.... ഞങ്ങളെ ആര്‍ക്കും വേണ്ട; ഞങ്ങള്‍ക്ക് മറ്റുള്ളവരെയും.”ആറുമാസക്കാലം ഞങ്ങള്‍ - അസ്മയും ഞാനും - ഒന്നിച്ചുണ്ടായിരുന്നു; യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൌസിലെ അടുത്തടുത്ത മുറികളിലും തെക്കുവടക്കുള്ള യാത്രകളിലുമായി. വെളുക്കുവോളം അല്‍ജസീറ തുറന്നുവച്ച് ഗാസയില്‍ നിന്നുള്ള അശുഭവാര്‍ത്തകള്‍ക്കു മുന്നില്‍ പകച്ചിരിക്കുകയും വല്ലപ്പോഴുമുള്ള ഉറക്കത്തിനിടയില്‍ അഭയാര്‍ത്ഥിത്തെരുവിലെ തന്റെ കുടുസ്സുവീട്ടില്‍ കുഞ്ഞുമകന്റെയും മുത്തച്ഛന്റെയും മേല്‍ മിസൈലുകള്‍ പറന്നിറങ്ങുന്ന സ്വപ്നദംശനത്താല്‍ ഞെട്ടിയുണരുകയും സമയബോധമോ സങ്കോചമോ തരിമ്പുമില്ലാതെ എന്റെ മുറിവാതിലിലേക്ക് അലച്ചുവീഴുകയും ചെയ്യുന്ന അസ്മയിലൂടെ മാത്രമേ എനിക്കിന്ന് ഏതൊരു ഫലസ്തീനിയെയും വായിക്കാനാവുന്നുള്ളൂ. ഇപ്പോള്‍ മഹാനായ കവി, മഹമ്മൂദ് ഈ ഭൂമുഖത്തുനിന്നുതന്നെ നാടുകടത്തപ്പെട്ടുകഴിഞ്ഞിരിക്കുന്നു. പക്ഷേ ദര്‍വിഷ് കവിതകള്‍ എന്റെ മുന്നിലിരിക്കുന്നു; ഭൂമി പിളര്‍ക്കെ അലറിക്കരയുന്ന, ചോരപോലെ റെഡ് വൈന്‍ വിഴുങ്ങി പൊട്ടിച്ചിരിക്കുന്ന, അകാരണമായി കയര്‍ക്കുന്ന, അടുത്ത നിമിഷം സര്‍വകലാശാലാ വളപ്പിലെ തടാകം പോലെ ശാന്തയാകുന്ന അസ്മാ എന്ന പെണ്‍കുട്ടിയുടെ രൂപവും പൊരുളുമാണ് ആ കവിതകള്‍ക്കിപ്പോള്‍.

ഒരു കാവ്യനീതിപോലെ, ദര്‍വിഷ് എന്ന മനുഷ്യനെയും അവളെനിക്ക് പരിചയപ്പെടുത്തി. 2007 നവംബറില്‍ ജൊന്‍ ജു പട്ടണത്തില്‍ നടന്ന ആഫ്രോ-ഏഷ്യന്‍ എഴുത്തുകാരസംഗമത്തിനിടയില്‍. ദര്‍വിഷ് വരുന്നതറിഞ്ഞ് അവള്‍ എനിക്ക് വാക്കുതന്നിരുന്നു: “ജേര്‍ണലിസ്റ്റ് എന്ന നിലയില്‍ എനിക്കൊരു വിലാസമുണ്ട്. പരിചയമൊന്നുമില്ലെങ്കിലും ഞാന്‍ കയറി മുട്ടും. നിന്നെയും കൂട്ടാം.”

ജൊന്‍ ജു മേളയില്‍ വലിപ്പച്ചെറുപ്പമെന്യേ എഴുത്തുകാര്‍ക്ക് പരസ്പരം കാണാന്‍ ഒരു പ്രയാസവുമില്ലെങ്കിലും അവളോടൊപ്പമേ അദ്ദേഹത്തെ പരിചയപ്പെടൂ എന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. ഡയസ്പൊറാ സെമിനാര്‍ നടന്ന ഹാളിനു പുറത്തെ ഇടനാഴിയില്‍ വച്ച് ഒരു ദിവസം അസ്മയുടെ പിന്‍ വിളി, പതിവ് അലര്‍ച്ചയില്‍. ഞാന്‍ തിരിഞ്ഞു നോക്കി. ഒരൊഴിഞ്ഞ കോണില്‍ വെന്റിങ്ങ് മെഷീനില്‍ നിന്ന് ചായ പാര്‍ന്നുകൊണ്ട് മഹമ്മൂദ് ദര്‍വിഷും അസ്മയും മാത്രം. സംഗമം രണ്ടു ദിവസം പിന്നിട്ടിരുന്നു. അവള്‍ ഇതിനകം ദര്‍വിഷിന്റെ നിഴലുപോലെയായിക്കഴിഞ്ഞിരുന്നു. ആഘോഷത്തോടെ അവളെന്നെ പരിചയപ്പെടുത്തി:

“ഇന്ത്യയില്‍ നിന്നുള്ള... നോ...കേരളത്തില്‍ നിന്നുള്ള കവിയാണ്. എന്റെ ആത്മസുഹൃത്ത്”

എന്നിലെ കേരളദേശീയവാദിയെ ഒന്നു ഞോണ്ടിക്കൊണ്ട് അവള്‍ പറഞ്ഞു. അല്പനേരത്തേക്ക് എനിക്കൊന്നും മിണ്ടാന്‍ കഴിഞ്ഞില്ല. എന്റെ ഇരട്ടിയോളം ഉയരമുണ്ട് ദര്‍വിഷിന്. അന്തര്‍മുഖവും ഏകാന്തവുമായ ഒരു കവിതയുടെ അവസാനവരി ആ മുഖത്ത് തളര്‍ന്നുകിടന്നിരുന്നു; കാലത്തിന്റെ കവിരേവപ്രജാപതി എഴുതിച്ചേര്‍ത്തപോലെ. അതിന്റെ വിപരീതധ്വനിയെന്നോണം ആഴമുള്ള ഒരു പുഞ്ചിരി അദ്ദേഹം എന്റെ നേര്‍ക്ക് ചൊരിഞ്ഞു. കലങ്ങിമറിഞ്ഞ ഉള്ളില്‍ നിന്നോ മുന്നിലെ മഹാസാന്നിദ്ധ്യത്തില്‍നിന്നോ രക്ഷപെടാനാവണം, ഞാന്‍ പെട്ടെന്നു പറഞ്ഞു:

“താങ്കളുടെ കവിത 20 കൊല്ലം മുമ്പ് ഞാന്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.”

കവിയുടെ കണ്ണുകള്‍ വിടര്‍ന്നു. ആ അന്തര്‍മുഖം ഒരു നിമിഷത്തേക്ക് വലിയൊരു ഫലസ്തീന്‍ ആള്‍ക്കൂട്ടമായി പകര്‍ന്നു:
“വാഹ്! അറബി അറിയുമോ?”
“ഇല്ല. ഇംഗ്ലീഷില്‍ നിന്ന് മറ്റൊരാള്‍ ചെയ്ത വിവര്‍ത്തനം ഞാന്‍ പത്രാധിപരായ ചെറുമാസികയില്‍ പ്രസിദ്ധീകരിച്ചതാണ്.”

മെല്ലെ അദ്ദേഹം തന്റെ ഏകാന്തതയിലേക്ക് മടങ്ങിപ്പോയി; അതോ തോറ്റ ജനതയുടെ ശബ്ദായമാനമായ മൌനത്തിലേക്കോ? എനിക്ക് ഒന്നും ചോദിക്കാനുണ്ടായിരുന്നില്ല; പറയാനും. അഞ്ചുമിനിട്ടോളം ഞങ്ങള്‍ ഒന്നും മിണ്ടാതെ നിന്നു. ഇതിനിടയില്‍ അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോകാനായി ചില സംഘാടകരെത്തി. മാധ്യമങ്ങളില്‍നിന്നും ആരാധകരില്‍നിന്നും ദര്‍വിഷ് കഴിയുന്നത്ര ഒഴിഞ്ഞുനടക്കുകയാണെന്ന് അസ്മയില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു. എനിക്ക് അഭിമുഖമൊന്നും വേണ്ട. പോകുമ്പോള്‍ ഞാന്‍ വെറുതേ നോക്കിനില്‍ക്കുക മാത്രം ചെയ്തു. പക്ഷേ തിരിഞ്ഞുനിന്ന് ശബ്ദം താഴ്ത്തി അദ്ദേഹം പറഞ്ഞു: “ നമുക്ക് വീണ്ടും കാണാം”

ഞങ്ങള്‍ തങ്ങിയ ഹോട്ടലിന്റെ ലോഞ്ചില്‍ വച്ച് രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും കണ്ടു. ഞങ്ങള്‍ രണ്ടുപേര്‍ മാത്രം. എല്ലാവരും സെമിനാര്‍ സ്ഥലത്താണ്. വെന്റിങ്ങ് മെഷീനില്‍ നിന്ന് ചായ പാര്‍ന്ന് ഞങ്ങള്‍ സോഫയിലിരുന്നു. ഞാന്‍ അപേക്ഷിച്ചതു പ്രകാരം അദ്ദേഹം ഏതാനും വരി കവിത ചൊല്ലി. അറബിയില്‍, പതിഞ്ഞ ദുര്‍ബലമായ ശബ്ദത്തില്‍. അറബി അറിയാത്ത ഞാന്‍ അതിന്റെ അര്‍ത്ഥം ചോദിച്ചില്ല. അദ്ദേഹം പറഞ്ഞുമില്ല. പറഞ്ഞതിത്രമാത്രം:
“ഇത് എന്റെ ഒരു ദീര്‍ഘകാവ്യത്തിലെ വരികളാണ്...”
ഏതു വരികള്‍ എന്ന് എനിക്കിപ്പോഴുമറിയില്ല. പക്ഷേ ആ ദീര്‍ഘകാവ്യം, ‘മ്യൂറല്‍’ ഞാന്‍ വായിച്ചിട്ടുണ്ട്. ജീവിതത്തിന്റെ ഏകാന്തതയും മരണത്തിന്റെ സ്വച്ഛതയുമാണ് അതില്‍ നിറയെ. ‘മ്യൂറലി’ ലെ എനിക്കു തിരിയാത്ത അറബി വരികളിലൂടെ ദര്‍വിഷിന്റെ തൊണ്ട എന്നോട് ഇടറിയതെന്താണ്? ‘ഉമ്മി’യും ‘ഐഡന്റിറ്റി കാര്‍’ഡും എഴുതിയ പോരാളിയായ മഹമ്മൂദ്, ഫലസ്തീന്‍ എന്ന അനാഥദേശീയതയുടെ സ്വത്വരൂപകമായി മാറിയ ദര്‍വിഷ്... അവരൊക്കെയും മരിച്ചുകഴിഞ്ഞുവെന്നോ, എന്റെ മുന്നിലിരുന്ന് ചായ മൊത്തുന്ന ഈ മനുഷ്യന്റെ ഉള്ളില്‍? പി. എല്‍. ഒ.യും യാസ്സര്‍ അറഫാത്തും മരിച്ചടങ്ങിയതുപോലെ; സോവിയറ്റ് യൂണിയനും പാബ്ലോ നെരൂദത്വങ്ങളും ഫിദെല്‍ യുഗവും മണ്മറഞ്ഞതുപോലെ; ആധുനികതയുടെ കൊതിപ്പിച്ച എല്ലാ ബ്രഹദാഖ്യാനകങ്ങളും പോലെ....

തുടര്‍ച്ചയായ ഹൃദ്രോഗത്തിനും രാഷ്ട്രീയവിരക്തികള്‍ക്കുമിടയില്‍, തന്റെ ദീര്‍ഘകാവ്യത്തില്‍ മഹമ്മൂദ് എഴുതി:
This is your name-
a woman said,
and vanished through the winding corridor
There I see heaven within reach
The wing of a white dove carries me
towards another childhood. And I never dreamt
that I was dreaming. Everything is real.
(Mural, 2002)

ഒരുപക്ഷേ ഈ വരികള്‍ തന്നെയാവുമോ അദ്ദേഹം ജൊന്‍ ജുവിലെ ഹോട്ടല്‍ ലോഞ്ചിലിരുന്ന് എന്നോടുരുവിട്ടത്?


 • മഹമ്മൂദ് ദര്‍വിഷ് കഥവശേഷനായതിന്റെ പിറ്റേന്ന് ഇസ്രയേലി മനുഷ്യാവകാശപ്രസ്ഥാനമായ ഗുഷ് ഷാലോം (Gush Shalom) രാഷ്ട്രത്തിന്റെ വിദ്യാഭ്യാസമന്ത്രിക്കയച്ച ഒരു കമ്പിസന്ദേശം ഇങ്ങനെ:
  “At his gravesite we salute Mahmoud Darwish, son of Galilee, conscience of the Palestinian people, poet of anger and hope, partner in the struggle for peace between the two peoples of this land..... Mahmoud Darwish was born between us, and grew up as an Israeli citizen, not more and not less. The fact that the State of Israel was unable to give this great creative talent a feeling of belonging, pushing him into decades of exile – isn’t that our badge of infamy? The least what we can still do after his death is including his poems in the school curriculum presented to Israeli pupils – to the Arab pupils, in order to let them become acquainted with one of the great creative talents of their own culture, but not less important: to the Jewish pupils – to learn through it a bit about the suffering and aspirations of those with whom we can and should make peace.”

  ജൂതനായതുകൊണ്ടുമാത്രം അമിച്ചായിയെ വായിക്കാത്ത അസ്മയ്ക്കും മറ്റനേകര്‍ക്കും മുന്നില്‍, ദര്‍വിഷ് കവിതകളുടെ കനലൂതി ഇസ്രായേലിലെ നല്ലവരായ ജൂതര്‍ കത്തിച്ചുവച്ച ഇത്തിരിവെട്ടമാണ് ഈ കമ്പിസന്ദേശം - ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും തമ്മിലിടഞ്ഞുതകരുന്ന ഫലസ്തീന്‍ രാഷ്ട്രീയനേതൃത്വത്തിന് തെളിയാത്തത്; ന്യൂയോര്‍ക്കിന്റെ ആകാശം മുതല്‍ കെടുകേരളത്തിന്റെ ഉള്‍നാടുകള്‍ വരെ പടര്‍ന്നുകഴിഞ്ഞ പാന്‍ ഇസ്ലാമിക അതിവാദങ്ങള്‍ക്കോ ആര്യ-ബൌദ്ധ-ഗോത്ര-വംശവാദികള്‍ക്കോ ഇടതും വലതുമായ സാമ്രാജ്യത്വ പ്രത്യയശാസ്ത്രങ്ങള്‍ക്കോ പുതുകമ്പോളവ്യവസ്ഥയുടെ നിയാമകങ്ങള്‍ക്കോ ഇന്നോളം വെളിച്ചപ്പെടാത്തത്.

  ഗുഷ് ഷാലോമിന്റെ സന്ദേശത്തിലടങ്ങിയ സത്യം മഹമ്മൂദ് ദര്‍വിഷ് ജീവിതത്തിലുടനീളം മനസ്സിലാക്കിയിരുന്നു. ഏഴാംവയസ്സില്‍ ജന്മനാട്ടില്‍നിന്ന് ഓടിപ്പോകേണ്ടിവന്നവനാണ് മഹമ്മൂദ്. 1948 മേയ് 14ന് സ്വതന്ത്ര ഇസ്രായേല്‍ പ്രഖ്യാപിക്കപ്പെട്ടതിനെത്തുടര്‍ന്ന് മറ്റനേകം ഫലസ്തീന്‍ ഗ്രാമങ്ങള്‍ക്കുമൊപ്പം മഹമ്മൂദിന്റെ ജന്മനാടായ അല്‍-ബിര്‍വിയും ഭൂമുഖത്തുനിന്ന് തുടച്ചുനീക്കപ്പെട്ടു. ഒരു കൊല്ലത്തെ പ്രവാസത്തിനുശേഷം അദ്ദേഹത്തിന്റെ കുടുംബം വെസ്റ്റ് ബാങ്കില്‍ കുടിയേറി. മഹമ്മൂദ് ഇസ്രായേല്‍ എന്ന പുതുരാഷ്ട്രത്തിലെ കുട്ടിയായി. ജൂതപ്പള്ളിക്കൂടത്തില്‍ പഠിച്ചു. ഹീബ്രുവിലൂടെ ലോകത്തെ വായിച്ചു. തന്റെ സമകാലീനരായ മറ്റുചിലരെപ്പോലെ ജൂതമായ എല്ലാറ്റിനെയും വെറുത്തില്ല അദ്ദേഹം. ഒരു ‘ദര്‍വിഷി’ന്റെ, അതായത് അവധൂതന്റെ, ആഴമുള്ള നിര്‍മ്മമതയില്‍ മഹമ്മൂദ് ഒരിക്കല്‍ എഴുതി: “ എന്റെ ആദ്യ അദ്ധ്യാപിക ജൂതയായിരുന്നു. ഞാന്‍ ആദ്യമായി പ്രണയം അറിഞ്ഞത് ഒരു ജൂതപ്പെണ്‍കുട്ടിയിലൂടെയാണ്. എന്നെ ആദ്യമായി ജയിലിലേക്കയച്ച ജഡ്ജിയും ഒരു ജൂതസ്ത്രീയായിരുന്നു.”

  അറബ് കേന്ദ്രിത നാടുകളിലെ എഴുത്തുകാര്‍ ആധുനികതയുടെ ലോകപരിസരത്തെ ആര്‍ജ്ജിക്കാന്‍ വെമ്പല്‍കൊണ്ട 50കളുടെ ഒടുവില്‍, കൌമാരക്കാരനായ ദര്‍വിഷ് താരതമ്യേന ആധുനികപൂര്‍വ അറബി എഴുത്തുകാരെയാണ് മാതൃഭാഷയില്‍ വായിച്ചത്. പക്ഷേ തന്റെ രണ്ടാംഭാഷയായ ഹീബ്രുവിലൂടെ പാശ്ചാത്യാധുനികതയെ അദ്ദേഹം അറിഞ്ഞു. സിറിയയില്‍ അഡോണിസിനെപ്പോലുള്ളവര്‍ അറബ് കവിതയിലെ പുതിയ രൂപകഭാഷ നിര്‍ണ്ണയിക്കാന്‍ തുടങ്ങിയ കാലത്ത് ദര്‍വിഷിനെ ആ പുതുഭാവുകത്വത്തിലേക്കടുപ്പിച്ചത് അറബിയല്ല, ആജന്മശത്രുവിന്റെ ഭാഷയെന്ന് ‘അറബ് രോഷം’ മുദ്രകുത്തിയ ഹീബ്രുവായിരുന്നു.
  ഇസ്രായേലി പൌരനും കവിതയില്‍ ഫലസ്തീനി റിബെലുമായി ജീവിച്ചപ്പോഴും കമ്മ്യൂണിസ്റ്റായി മോസ്കോയിലെത്തിയപ്പോഴും പി.എല്‍. ഒ.യില്‍ രാഷ്ട്രീയനേതൃത്വം കയ്യാളിയപ്പോഴും ഒടുവില്‍ അതില്‍നിന്ന് കവിതയിലെ ഏകാന്തതയിലേക്കു മാത്രമായി ഇറങ്ങിപ്പോയപ്പോഴുമെല്ലാം ദര്‍വിഷിന്റെ മൊഴിയില്‍ മാറ്റമില്ലാതെ തുടര്‍ന്ന രണ്ടു ധാരകളുണ്ട്. ഒന്ന് അറബിക്കും ജൂതനും കമ്മ്യൂണിസ്റ്റിനും ഇസ്ലാമിനും അതീതമായ മാനവികബോധം. മറ്റേത് നാടുകടത്തപ്പെട്ട ഫലസ്തീനി സ്വത്വബോധം. രണ്ടാമത്തേത് അദ്ദേഹത്തെ അതിപ്രശസ്തനാക്കി. ഒരു ജനതയുടെ ദേശീയസ്വത്വത്തെ നിര്‍ണ്ണയിക്കുകയും നിര്‍വ്വചിക്കുകയും ചെയ്യുകയെന്ന, പ്രായേണ നവോത്ഥാനകവികള്‍ക്കു മാത്രം വിധിക്കപ്പെട്ട ഭാഗധേയം ആധുനികകാലത്ത് കയ്യേല്‍ക്കേണ്ടിവന്ന ഭാഗ്യശാലിയോ ഹതഭാഗ്യനോ ആണ് മഹമ്മൂദ് ദര്‍വിഷ്.


 • ഫലസ്തീനികവിതയിലെ രണ്ടാംതലമുറയുടെ പ്രതിനിധിയായ സക്കറിയാ മുഹമ്മദിന്റെ ഒരു പ്രവാസക്കുറിപ്പില്‍ നിന്ന് ഒരു അറബി പഴങ്കഥ ഉദ്ധരിച്ചുചേര്‍ത്തുകൊണ്ട്, ദുഃഖത്തോടെ, സമകാലജീവിതത്തിന്റെ പരിണതികളില്‍ ഒരു പ്രതീക്ഷയുമില്ലാതെ ഈ ഓര്‍മ്മ അവസാനിപ്പിക്കട്ടെ- പ്രവാസിയായ ഒരറബി തന്റെ ജന്മനാട്ടില്‍നിന്നെത്തിയ പഴയൊരു ചങ്ങാതിയെ പതിറ്റാണ്ടുകള്‍ക്കു ശേഷം കണ്ടുമുട്ടുന്നു. അവരുടെ സംഭാഷണം ഇങ്ങനെ:
  എന്റെ ഒട്ടകം സുഖമായിരിക്കുന്നുവോ സുറൈഖ്?
  അതു ചത്തുപോയി
  എങ്ങനെ?
  ഉമൈറിന്റെ ഉമ്മിയുടെ ഖബറിലേക്ക് വെള്ളം ചുമന്നു ചുമന്ന്
  ഉമൈറിന്റെ ഉമ്മി മരിച്ചെന്നോ?
  ഉവ്വ് അവള്‍ മരിച്ചുപോയി
  എങ്ങനെ?
  നിന്റെ മകന്‍ ഉമൈറിനെ ഓര്‍ത്ത് കരഞ്ഞുകരഞ്ഞ്
  ഉമൈറും മരിച്ചുവോ?
  ഉവ്വ് അവനും മരിച്ചു
  എങ്ങനെ?
  വീടിന്റെ മേല്‍ക്കൂര അവന്റെ മേല്‍ ഇടിഞ്ഞുവീണ്