Tuesday, July 7, 2009

പള്ളിപ്പുറം വണ്ടിയാപ്പീസ് 1

പള്ളിപ്പുറം വണ്ടിയാപ്പീസില്‍
കാലപ്പഴക്കം കരയിട്ട
കല്ലുകസേരയുടുത്തുംകൊ -
ണ്ടോഞ്ഞിരുന്നു പകലന്ത്യോളം

പള്ളിപ്പുറം വണ്ടിയാപ്പീസ്


ദൂരമഴിഞ്ഞ രണ്ടെല്ലല്ലോ
തൂത നിളയും; അതിന്മീതേ
കൂകി നിറുത്താതിരമ്പിപ്പോയ്
തെക്കുവടക്കു തീവണ്ടത്താന്‍

- ഞെട്ടിച്ചുരുണ്ടട്ടയാപ്പീസ്


നേര്‍ച്ച കഴിഞ്ഞു തന്‍ മെല്ലിച്ച
പൈക്കളെ ധാരാളമാട്ടിക്കൊ -
ണ്ടെത്തി ബ്രേക്കിട്ടു വല്ലപ്പോഴും
പട്ടാമ്പിയില്‍ നിന്നു ചെട്ടിച്ചി2

- ചാടിയെണീറ്റാപ്പീസ് ‘ഏട്ത്തൂ?’


ഇംഗ്ലീഷ് വിളക്കുകാല്‍ പണ്ടത്തെ
പുങ്ക് ചൊറിഞ്ഞു തുരുമ്പിച്ച്
പേരാലു പൊന്തിയ മറ്റേക്കാല്‍
മന്തിനെ നോക്കിക്കൊതിവിട്ടു

- പള്ളിപ്പുറം പ്രാന്തനാപ്പീസ്


നീന്തിവരുമിരുള്‍പ്പാളത്തിന്‍
ചന്തിക്കടിച്ചു പരത്തീട്ടോ
അന്തിപ്പെരുങ്കൊല്ലനുണ്ടാക്കീ
ചുള്ളനിരുട്ടിന്റെ പാടങ്ങള്‍

- പള്ളിപ്പുറം കുണ്ടനാപ്പീസ്


കുണ്ടന്‍ നിലാവിന്റെ കുന്നായി
കുണ്ടന്‍ നിലാവിന്റെ കുണ്ടായി
നീളുന്നു പള്ളിപ്പുറമ്പോക്ക്
നീണ്ടുനിവര്‍ന്ന്, പുല്ലിംഗം പോല്‍

- പാതിരാഗന്ധര്‍വ്വനാപ്പീസ്


1. ഷൊര്‍ണ്ണൂര്‍-മംഗലാപുരം തീവണ്ടിപ്പാതയില്‍ പട്ടാമ്പി കഴിഞ്ഞുള്ള ഒരു ഉള്‍നാടന്‍ തീവണ്ടിയാപ്പീസ്. നിളയും തൂതയും പള്ളിപ്പുറം ഗ്രാമത്തിന്റെ ഇരുവശങ്ങളിലൂടെ ഒഴുകി പടിഞ്ഞാറെ മുനമ്പില്‍ വച്ച് ഒത്തുചേരുന്നു.
2. ‘കറുത്ത ചെട്ടിച്ചികള്‍’ എന്ന ഇടശ്ശേരിക്കവിതയുടെ ഓര്‍മ്മ