ഫ്ലാറ്റില്‍ ജനാലയ്ക്കല്‍
ആടിക്കൊഴിഞ്ഞ തന്‍ കൊച്ചരിപ്പല്ലു കൈ
വെള്ളയില്‍ വച്ചു വിതുമ്പലോടെ
ആരാരുമില്ലാത്ത ഫ്ലാറ്റില്‍ ജനാലയ്ക്ക -
ലാറുവയസ്സുള്ള മുത്തിയമ്മ
അല്ലല്ലൊരാളുണ്ട് കൂട്ടിന്, സിറ്റൌട്ടി -
ലാലോലമാടുന്ന കൂട്ടിനുള്ളില്‍
പല്ലില്ല പക്ഷേ, കിളിക്കൂട്ടുകാരിക്ക-
തോര്‍ത്തിട്ടവള്‍ക്കു ചിരിയുമുണ്ട്
അപ്പൊഴുണ്ടൂളിയിടുന്നൊരു കിങ്ഫിഷര്‍
തൊട്ടയല്‍ഫ്ലാറ്റീന്നെറിച്ചപോലെ
കൂര്‍മ്പന്മുഖവും കോണ്‍വാലും ചിറകുമായ്
മുട്ടനാകാശം മുറിച്ചുകൊണ്ട്
അച്ഛന്‍ വരാറുള്ള കിങ്ഫിഷര്‍; പക്ഷെ,യാ
പക്ഷിക്കു പല്ലില്ല വായുമില്ല
പൊട്ടിച്ചിരിച്ചുപോ,യോര്‍ക്കാതവളൊരു
മുറ്റമാ,യച്ചിരി മുല്ലകളായ്....
മുറ്റത്തു തുമ്പികള്‍, പൂമ്പാറ്റകള്‍, മടല്‍ -
ക്രിക്കറ്റിലാര്‍പ്പിടുമേട്ടന്മാരും
ഒറ്റയ്ക്കിരുന്നു മയങ്ങുമപ്പുപ്പനെ
തട്ടിവിളിക്കുന്ന കാറ്റുകളും
പാത്രം കഴുകും കലപിലയ്ക്കുള്ളിലെ
കാക്കകള്‍, ചേച്ചിമാ, രമ്മുമ്മയും
‘നട്ടുച്ചയായോടീ’ന്നച്ഛന്‍, ‘തനിക്കെന്താ
വട്ടുണ്ടോ’ന്നമ്മേടുറക്കുപേച്ചും
അക്കുവുംനങ്ങുവുമായിഷേമൊത്തുള്ളൊ -
രിംഗ്ലീഷുവേണ്ടാത്ത സ്കൂള്‍ക്കളിയില്‍
മാന്തണല്‍, നീളന്‍വെയില്‍വടി വീശി വ -
ന്നന്തിയാവോളം പഠിപ്പിക്കലും
ആദ്യമായ് മിന്നാമിനുങ്ങിനെ കാണലും
ആ മിന്നലിന്നും തിളങ്ങുന്നതും
ആറുവയസ്സുള്ളൊരാമുറ്റമാകെ രാ
മുല്ലകള്‍ പാറി നിറയുകയായ്....
നാട്ടിലെക്കാഴ്ചകളോര്‍ത്താവാം, കയ്യിലെ
കൊച്ചരിപ്പല്ലും ചിരിക്കിണുണ്ട്
മാതളത്തിന്റെ കുഞ്ഞല്ലിപോല്‍ തുഞ്ചത്തൊ -
രിത്തിരിച്ചോരക്കറ പുരണ്ട്
ഓര്‍ക്കയാവാം; അയല്പക്കത്തെ വല്യുമ്മ
ആയിഷപ്പെണ്ണിന്റെ പാല്‍പ്പല്ലിനെ
ചാണകം പൂശി മേലോടിന്‍പുറത്തേക്കു
വീശിയെറിഞ്ഞൊരു വിത്തുപോലെ
‘കീരീടെ പല്ലു താ പുത്തരിപ്പല്ലു താ‘ -
ന്നെല്ലാരുമൊത്തുചേര്‍ന്നാര്‍പ്പിടുമ്പോള്‍
ആയിഷ മാത്രം കരഞ്ഞു, പല്ലില്ലാത്ത
വല്യുമ്മതന്‍ മടിത്തട്ടിലന്ന്
മണ്ണില്‍ വിതച്ചാല്‍ പൊടിക്കും, മേല്‍ക്കൂരമേല്‍
വീശിവിതച്ചാല്‍ പറക്കുമെന്ന്
തൊണ്ണുകാട്ടിച്ചിരിച്ചപ്പുപ്പനാരാത്രി
കെട്ടിപ്പിടിച്ചതുമോര്‍ക്കയാവാം....
പെട്ടെന്നു താഴേക്കെറിഞ്ഞവള്‍ തന്മണി -
പ്പല്ലിനെ ഓര്‍മ്മകളാല്‍ പൊതിഞ്ഞ്
അച്ഛനുമമ്മയുമില്ലാത്ത ഫ്ലാറ്റിന്റെ
ഇച്ചിരിപ്പോലം ജനലിലൂടെ
ആഴമറിയാച്ചുവപ്പുമൊ, രായിരം
തേറ്റകള്‍ പൊന്തും മുഖവുമായി
താഴെപ്പരന്നുകിടപ്പാണ് പട്ടണം
തീ വിതച്ചിട്ട രാപ്പാടമായി
നാട്ടീന്നിരുട്ടിന്‍ വിമാനത്തിലൊട്ടിയി -
ങ്ങെത്തിയ മിന്നാമിനുങ്ങുകളേ
ദൂരദൂരത്തെയര്‍പ്പോര്‍ട്ടില്‍ റണ്‍വേകളില്‍
പൊട്ടിക്കിളര്‍ന്ന കൂണ്‍വെട്ടങ്ങളേ
പാതിരാപ്പാതവിളക്കുമരങ്ങളേ
ചക്രവാളപ്പെരുമീനുകളേ
കൂട്ടണേ നിങ്ങടെ കൂട്ടത്തി,ലീവരും
വേരറ്റ പട്ടണപ്പല്ലിനേയും