Monday, August 13, 2012

കൊണ്ടോട്ടി എയര്‍പ്പോര്‍ട്ടില്‍ നിന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് അവിശ്വാസിയായ ഒരിടത്തരം വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോള്‍....

(പച്ചക്കുതിര യുടെ ഓഗസ്റ്റ് ലക്കത്തില്‍ പ്രസിദ്ധീകരിച്ച കവിതയാണ്. പക്ഷേ കാതലായ ഒരു വാക്ക് അവര്‍  എഡിറ്റ് ചെയ്തു. ശരിയായ പാഠം ചുവടെ)

ചാലിയാര്‍;
കിഴക്കന്‍ കാട് അഴിച്ചെറിഞ്ഞ പര്‍ദ്ദ,
അറബിക്കടലിലേക്ക് വളച്ചുകെട്ടിയ
ഇരുണ്ടുമെലിഞ്ഞ വിനൈല്‍ ഫ്ലെക്സ്

കാറ്റ്
അതിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ
വെയില്‍നക്ഷത്രങ്ങള്‍ വരച്ചുമായിച്ചുകൊണ്ടിരിക്കെ -

അല്ലാഹുവല്ലാതെ ഇല്ല മറ്റൊരിലാഹ്... എന്ന്
ജുമുഅയ്ക്ക്1 നിരക്കുന്ന
ആണ്‍കുന്നുകള്‍;
നോക്കെത്താദൂരത്ത്
കപ്പ നട്ട
റബ്ബര്‍ നട്ട
ക്വാറി നട്ട
ഏറനാടന്‍ കുമ്പകള്‍

അല്ലാഹുവല്ലാതെ ഇല്ല... എന്ന്
മണ്ണും ചെങ്കല്ലും കുഴല്‍ക്കിണറുകളും ചുമന്ന്
പാതാളത്തിലേക്ക് സുജൂദ്2 പോകുന്ന
വയസ്സുചെന്ന പ്രാര്‍ത്ഥനകള്‍

അല്ലാഹുവല്ലാതെ ഇല്ല ഇല്ല... എന്ന്
ആകാശത്തേക്ക്  കല്ലിലും കമ്പിയിലും സിമന്റിലും
കൂര്‍ത്തുപൊന്തുന്ന
പുത്തന്‍ ഹദീസുകള്‍3

ഇല്ല മറ്റൊരിലാഹ്... എന്ന്
ഇടിഞ്ഞുവീഴാറായ  പഴയ മദ്രസകളും വായനശാലകളും

ഇല്ല ഇല്ല ഇല്ല... എന്ന്
ഒരിക്കലും തിരക്കൊഴിയാത്ത
ലീഗ് സി.പി.എം. ജമാ‍അത്തെ ആപ്പീസുകള്‍....

ഇല്ല ഇല്ല ഇല്ല....
പാണക്കാട്ടേക്ക്
പഴുക്കടയ്ക്കയും ഇടിച്ചക്കയും
പഴുത്ത പറങ്കിമാങ്ങയുമായി പോകുന്ന
ടാറിളകിയ റോഡുകള്‍

ഇല്ല ഇല്ല ഇല്ല....
മുജാഹിദ് സുന്നി സമസ്ത അഹമ്മദീയ സമ്മേളനപ്പന്തലുകള്‍
എമ്മീയെസ്സ് മര്‍ക്കസ് സ്വാശ്രയ കോളേജുകള്‍
ദെണ്ണാശുപത്രികള്‍.....
ജുവലറികളുടെ തോളില്‍ കയ്യിട്ടു നില്‍ക്കുന്ന ഇറച്ചിക്കടകള്‍
ഇറച്ചിക്കടകളെ കുടമണിചാര്‍ത്തി നടത്തിക്കുന്ന ജുവലറികള്‍
എല്ലാ കവലയിലും  കണ്ണിറുക്കുന്ന
മുത്തൂറ്റ് മണപ്പുറം കൊശമറ്റം പണമിടപാട് കേന്ദ്രങ്ങള്‍
ഏതു കുണ്ടനിടവഴിയിലും  കുഴഞ്ഞാടിനില്‍ക്കുന്ന
അപ്പെക്സ് അള്‍ട്ടിമം പഞ്ചവര്‍ണ്ണ ബംഗളാവുകള്‍
കമ്പിത്തപാലാപ്പീസുകളെ ഒന്നോടെ വിഴുങ്ങിയ
മണി എക്സ്ചെയ്ഞ്ച് കൌണ്ടറുകള്‍...

ഇല്ല...
ഇല്ല...
ഇല്ല.... എന്ന്
കൊണ്ടോട്ടി എയര്‍പോര്‍ട്ടിലേക്ക്
നിലവിളിച്ചു പായുന്ന
മേഘങ്ങള്‍ മയില്‍വാഹനങ്ങള്‍
കാറുകള്‍ കാക്കപ്പരുന്തുകള്‍
ആംബുലന്‍സുകള്‍ വേഴാമ്പലുകള്‍

ഇല്ല...
ഇല്ല...
ഇല്ല... എന്ന്
നെടുവീര്‍പ്പിടുന്ന
ഉമ്മാരങ്ങള്‍ ഓര്‍മ്മകള്‍
കുപ്പായക്കളിപ്പാട്ടക്കടകള്‍
വളവാച്ച്ചെരുപ്പ് തിളക്കങ്ങള്‍

ഇല്ല...
ഇല്ല...
എന്ന്
കാത്തിരുന്നു വറ്റിയ യോനികള്‍

ഇലാഹ്... 
ഇലാഹ് ...
എന്ന് 
യോനി മറന്ന ലിംഗങ്ങള്‍....

അല്ലാഹുവല്ലാതെ ഇല്ല മറ്റൊരിലാഹ് എന്ന്
കാലത്തില്‍ തറഞ്ഞുനില്‍ക്കുന്ന എമ്മെസ്പീ കുന്നില്‍
അല്ലാഹുവല്ലാതെ ഇല്ല മറ്റൊരിലാഹ് എന്ന്
എല്ലാ ഔദ്യോഗികചുമതലകളും മാറ്റിവയ്ക്കുന്ന സിവില്‍ സ്റ്റേഷനില്‍
വിജനമായ ന്യൂ ബ്ലോക്കില്‍
പണിതീരാത്ത മൂന്നാം നിലയില്‍
വെള്ളിയാഴ്ച ഉച്ചയ്ക്ക്
ഒരാള്‍ ഒറ്റയ്ക്കിരുന്ന് ഈ വരികളെഴുതുന്നു,
പ്രാവുകള്‍ ഒരു നൂറ്റാണ്ട് കാഷ്ടിച്ച ജനലിലൂടെ,
സിഗരറ്റ് കത്തിച്ച്
കൊള്ളി, അങ്ങു താഴെ കുത്തിത്തിരിയുന്ന
വിനൈല്‍ ഫ്ലെക്സിലേക്കെറിയുന്നു,
ധൂമാവിഷ്ടനായ ഒരു കാഫിര്‍;
ജീവനുള്ള മര്‍ത്ത്യമാംസം4 കയറ്റിയ തീവണ്ടി

- കാറ്റ്
വെയില്‍നക്ഷത്രങ്ങള്‍ വരച്ചുമായിച്ചുകൊണ്ടിരിക്കെ.....


 കുറിപ്പുകള്‍
1. ജുമുഅ: മുസ്ലീങ്ങള്‍ വെള്ളിയാഴ്ചകളിൽ ഉച്ചനേരത്ത് അനുഷ്ടിക്കുന്ന സമൂഹപ്രാർത്ഥന. ഒരുമിച്ചുകൂടുക എന്നും വെള്ളിയാഴ്ച എന്നും ഈ അറബി പദത്തിനർത്ഥം.

2. സുജൂദ്: നിസ്കാരത്തിലെ ഒരു മുഖ്യക്രിയ. കാല്‍വിരലുകളിലൂന്നി കുനിഞ്ഞ് കാല്‍മുട്ടുകള്‍, കൈവിരലുകള്‍, മൂക്ക്, നെറ്റി  എന്നിവയാല്‍  ഭൂമിയെ സ്പര്‍ശിച്ചാണ് ഇതു നിര്‍വ്വഹിക്കുക. സുജൂദ് എന്ന വാക്കിന് സാഷ്ടാംഗം, പ്രണാമം, വണക്കം എന്നെല്ലാം അര്‍ത്ഥം.

 3. ഹദീസ്: പ്രവാചകന്റെ വാക്കുകളും പ്രവർത്തനങ്ങളും മൗനാനുവാദങ്ങളുമാണ് പൊതുവെ ഹദീസ് എന്ന് അറിയപ്പെടുന്നത്. ഇവ ഏറെക്കാലം ക്രോഡീകരിക്കപ്പെടാതെ കിടന്നു. ആദ്യകാലത്ത് ഹദീഥുകൾ രേഖപ്പെടുത്തുന്നതിനെ നബി വിലക്കിയിരുന്നതായും പിന്നീട്  ഈ നിയന്ത്രണം നബിതന്നെ നീക്കിയതോടെ അനുചരന്മാര്‍ അവ എഴുതി സൂക്ഷിക്കാൻ തുടങ്ങിയതായും കരുതപ്പെടുന്നു. ആളുകൾ സ്വന്തമായി ഹദീസുണ്ടാക്കുന്ന അവസ്ഥയെത്തിയപ്പോഴാണത്രെ അവ ഗ്രന്ഥരൂപത്തില്‍  ക്രോഡീകരിക്കപ്പെട്ടത്. ഇസ്ലാമികവിശ്വാസം അനുസരിച്ച്  ഖുർ‌ആൻ ദൈവവചനവും ഹദീസ് നബിവചനവുമാകുന്നു.

4. “മര്‍ത്ത്യമാംസം, ജീവനുള്ള മര്‍ത്ത്യമാംസം കേറ്റി / മുദ്രവച്ച വാഗണുകളോടിവന്ന കാലം“ - ഇടശ്ശേരിയുടെ ‘മുഹമ്മദബ്ദുറഹിമാന്‍‘ എന്ന കവിത ഓര്‍ത്തുകൊണ്ട്.