നൈല ഒമര്‍
(2007 നവംബറില്‍ ദക്ഷിണകൊറിയ സന്ദര്‍ശിച്ച കവി മഹമ്മൂദ് ദര്‍വിഷിന്
സഹായിയും സഹചാരിയുമായിരുന്ന ഒരു പലസ്തീനി പെണ്‍കുട്ടിയുടെ ഓര്‍മ്മ)
ഞാന്‍ നൈല ഒമര്‍
നിന്റെ പെരുവഴിപ്പെങ്ങള്‍
പലസ്തീനി
ഈജിപ്ഷ്യന്‍ പാസ്പോര്ട്ടില് പാറി
കൊറിയയിലടിഞ്ഞ പാഴില
പ്രായം
നൈല്‍നദിയില്‍ മുങ്ങിച്ചത്ത വിയര്‍പ്പുതുള്ളിയുടേത്
പ്രേമം
മഹമ്മൂദ് എന്ന ദര്‍വിഷിനോട്
ഭൂമിയുടെ മറ്റേക്കരയിലുള്ള
സോവ്ള്‍ നഗരം മുഴുവന്‍ അലഞ്ഞ്
അയാള്‍ക്കായി പന്നിയിറച്ചിയില്ലാത്ത ഒരു കിംപപ്പ്1 വാങ്ങി
തിരിച്ചുചെല്ലുമ്പോള്‍,
ഒരു ഗാസാവിശപ്പുതുള്ളിയെ കെയ്റോപുറമ്പോക്കുകളിലേക്കെന്നപോല്‍
അയല്‍മുറിയിലേക്ക് തുടച്ചെറിഞ്ഞു എന്നെ എന്റെ ദര്‍വിഷ്
ഞാനിരുന്നു കരഞ്ഞു
ഞാന്‍ കൊണ്ടുവന്ന കിംപപ്പ്
മുയല്‍ക്കുഞ്ഞിനെപ്പോലെ
അകത്താക്കുന്ന അയാളുടെ കാരിക്കേച്ചര്‍
കണ്ണീരുകൊണ്ട് വരച്ചുകാട്ടി
എന്റെ പാവം ലാപ് ടോപ്പ് -
ഇത്തവോണില്‍2 ചില്ലിക്കാശിനു പണിയെടുത്ത് ഞാന്‍ വാങ്ങിയ
സെക്കന്റ് ഹാന്റ് കൂട്ടുകാരന്
എന്റെ പ്രണയകഥ കേട്ട്
രണ്ട് ഓണ്‍ ലൈന്‍ പുരുഷബോംബുകള്‍,
അബ്ബാജാനും നീയും
പൊട്ടിച്ചിരിക്കുന്നു
ചിരിച്ചോളൂ, കിഴട്ടുതന്തമാരേ
ഹാന്‍3 നദിക്കരയില്‍ വച്ച്
നീയെടുത്ത എന്റെ ഫോട്ടോകള്‍ക്കും
പൊറുത്ത കിറുക്കുകള്‍ക്കും
പകുത്ത നമ്മുടെ അമുസ്ലീം യുക്തികള്‍ക്കും
അടിക്കുറിപ്പായി
ചിരിച്ചോളൂ
എന്റെ മകന് നാസര്‍
നിന്റെ അമ്പുവിന്റെ അതേ പ്രായം
അതേ അമുസ്ലീം യുക്തിയുടെ സന്തതി
ചിരിച്ചോളൂ
മേല്‍ക്കൂര ഇടിഞ്ഞുവീണോ
മേല്‍ക്കൂരയ്ക്കു കീഴെ നീണ്ടനാള്‍ ജീവിച്ചോ
നമ്മുടെ മക്കളും മരിക്കും, ഒരിക്കല്‍
അതിനുമുമ്പ്
ഞാന്‍, നീ, അബ്ബാജാന്, ഉമ്മീജാന്‍...
മഹമ്മൂദ് എന്ന എന്റെ ദര്‍വിഷും...
അമ്പൂ, നാസര്‍
അമുസ്ലീം വിയര്‍പ്പുതുള്ളികളേ
ചിരിച്ചോളൂ നിങ്ങളും
*
കുറിപ്പുകള്‍:
1. കിം എന്ന പായലില്‍ പൊതിഞ്ഞ പപ്പ് (ചോറ്); കൊറിയയിലെ സാധാരണക്കാരുടെ ഭക്ഷണം.
2. ഇത്തവോണ്‍: സോവ്ള്‍ നഗരത്തില്‍ വിദേശികള്‍ ഒത്തുകൂടുന്ന ഒരു തെരുവുസമുച്ചയം. ഇവിടത്തെ മിഡില്‍ ഈസ്റ്റ് - ആഫ്രിക്കന്‍ - പാകിസ്ഥാനി റെസ്റ്റാറന്റുകളില്‍ നിരവധി മുസ്ലിം പ്രവാസികള്‍ പണിയെടുക്കുന്നു. ഹലാല്‍ ഇറച്ചിക്കടകള്‍, ഏഷ്യന്‍ പലവ്യഞ്ജനകേന്ദ്രം, മുസ്ലീം ദേവാലയം, എന്നിവയ്ക്ക് പുറമേ, മുഖ്യമായും അമേരിക്കന്‍ പട്ടാളക്കാരെ ഉദ്ദേശിച്ചുള്ള രാശാലകളും 'പെണ്'ബാറുകളും ഇവിടെയുണ്ട്.
3. സോവ് ള്‍ നഗരത്തിനു കുറുകേ ഒഴുകുന്ന നദി.
10 comments:
ദൈവമേ,
ഈ വിശപ്പിനെ ഞങ്ങളില്‍
നിന്ന്
എടുത്തു കളയല്ലേ
പുറമ്പോക്കുകളില്‍ നിന്ന്
നീ
ഞങ്ങളെ അകങ്ങളിലിരുത്തല്ലേ
യുദ്ധവിമാനങ്ങളില്‍
നിന്ന്
ഞങ്ങള്ക്കൊളിക്കാനാകും
ഞങ്ങാളുടെ വീടുകള്ക്കാവില്ലല്ലോ അത്
ഫ്രം ബൈറൂത്ത് റ്റു ജറുസലം
ആ ഡോക്റ്ററുടെ കുറിപ്പുകള്‍ വായിച്ചിട്ടുണ്ടോ?
ഡി.സി.ബി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ദർവേഷിനെ കുറിച്ച് ഇവിടെയും ,ഇവിടെയും ചില കുറിപ്പുകളുണ്ട് രണ്ടിലും ചില കവിതകളും ഉണ്ട്.
മറ്റൊന്നും കൂടി ദർവേഷിനെക്കുറിച്ച് നൈല ഒമറിലൂടെ എന്നത് ആഴം കൂട്ടുന്ന കാഴ്ചയാണ്.
കണ്ണാടിയിൽ എഴുതിവയ്ക്കുന്നപോലെ..... വസ്തുക്കൾ കാണപ്പെടുന്ന ദൂരത്തിലല്ല
BHOOOOMISHAAASTHRAATHEEETHAMAAM SNEHAM
KAVITHA.......
നന്നായിരിക്കുന്നു
anwer chettaaa....
njaan ivide ethy..
paranju thanna paadangal muzhuvanum manassil undu..
ippol pokunnu;veendum varaan...
ഞാനും..
'ഭൂമിയുടെ മറ്റേക്കരയിലുള്ള
സോവ്ള്‍ നഗരം മുഴുവന്‍ അലഞ്ഞ്
അയാള്‍ക്കായി പന്നിയിറച്ചിയില്ലാത്ത ഒരു കിംപപ്പ്1 വാങ്ങി
തിരിച്ചുചെല്ലുമ്പോള്‍,
ഒരു ഗാസാവിശപ്പുതുള്ളിയെ കെയ്റോപുറമ്പോക്കുകളിലേക്കെന്നപോല്‍
അയല്‍മുറിയിലേക്ക് തുടച്ചെറിഞ്ഞു എന്നെ എന്റെ ദര്‍വിഷ്'
പ്രിയകവെ, വ്യത്യസ്ഥമായ വായനാനുഭവം...
നന്നായിരിക്കുന്നു
I can't express my delight in the language of poetry, but can understand the language. Good! Warm wishes
Post a Comment