Saturday, July 24, 2010

ഒരു കവിതയുടെ അഞ്ച് ഓര്‍മ്മകള്‍



(തൊട്ടുമുന്നില്‍ മറഞ്ഞ ശരച്ചന്ദ്രന്)




ഓര്‍മ്മ ഒന്ന് - എഡിറ്റുചെയ്യാത്ത യുമാറ്റിക് ടേപ്പുകള്‍

ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളിലെ
ഒരു പൊതുതെരഞ്ഞെടുപ്പുനാള്‍ വെളുപ്പിന്
സ്ക്കൂള്‍മതിലിനു പുറത്തെ
കുള്ളന്‍ വഴിമരത്തിന്റെ ഇലകള്‍ക്കിടയിലൂടെ
വോട്ടില്ലാത്ത ഒരു പയ്യന്‍ വെയില്‍
എത്തിനോക്കി
തിരുവനന്തപുരത്തെ ആദ്യത്തെ വീഡിയോക്യാമറ
റോഡരികില്‍ നിന്ന് അതു പകര്‍ത്തി

അവര്‍ പരിചയക്കാരായി

വെയില്‍ പലപാടു വളര്‍ന്നു....
നിഴല്‍ത്തടങ്ങള്‍ വെയില്‍കാഞ്ഞുകിടന്ന കാടുകള്‍
കത്തിക്കരിഞ്ഞ നിഴലുകളെ
വെയില്‍ക്കച്ചയില്‍ പൊതിഞ്ഞുകിടത്തിയ ഊരുകള്‍
വെയില്‍ശാലകളുടെ വിള്ളല്‍ തോറും
നിഴലുകള്‍ ഇഴഞ്ഞുനടന്ന നഗരങ്ങള്‍

അവര്‍ കൂട്ടുകാരായി



ഓര്‍മ്മ രണ്ട് - ഫ്ലൈ എവേ ഹോം1

ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറുകളില്‍
മൊബൈല്‍ടവറുകള്‍ കിളരും മുമ്പുള്ള
ഒരു അപ്പാര്‍ട്ട്മെന്റ് ടെറസ്സില്‍
വികൃതികളായ ചില നക്ഷത്രക്കുരുന്നുകള്‍
സന്ധ്യയ്ക് ഒരു തുണ്ട് ആകാശം വിരിച്ചിട്ടു
ഒരാള്‍ മഴവില്ലില്‍ പണിത മേശ കൊണ്ടുവന്നു
മറ്റൊരാള്‍ ഇടിമിന്നല്‍ത്തെളിയുള്ള സ്റ്റീരിയോയും
ചിലര്‍ കണ്മിഴിച്ചും ചിലര്‍ കണ്‍ചിമ്മിയും ഇരുന്നു
ചിലര്‍ മേഘക്കീറുകള്‍ പുതച്ച് ദൂരെ
ഒരു മിടുക്കത്തി നക്ഷത്രം അയല്‍ഗ്യാലക്സികളില്‍ നിന്ന്
ഒരുപറ്റം കാഴ്ചക്കാരെയും കൂട്ടിയെത്തി

തൃപ്പൂണിത്തുറയിലെ ആദ്യത്തെ വീഡിയോ പ്രൊജക്ടര്‍
അവരുടെ ആകാശത്തിലേക്ക്
ആമി എന്ന പെണ്‍കുട്ടിയെയും
പുള്ളിച്ചിറകുള്ള അവളുടെ വാത്തകളെയും പറത്തിവിട്ടു

അവരും ആകാശത്തിലെ പറവകളായി
വീടും ചിറകുമില്ലാത്തവര്‍ക്കൊപ്പം പറന്നു;
നക്ഷത്രങ്ങള്‍ക്കും
ഇടിമിന്നലുകള്‍ക്കും
മഴവില്ലുകള്‍ക്കുമൊപ്പം



ഓര്‍മ്മ മൂന്ന് - കനവ് 2

രണ്ടായിരാമാണ്ട് -
ആദിമണ്‍സൂണ്‍ മോന്തി
ഭൂമി നിറഞ്ഞു കവച്ച ഒരു പകല്‍
മലഞ്ചെരു തിരണ്ടൊലിച്ച നരസിപ്പുഴ
കനവു മേഞ്ഞ ഗുഡ 3
ഇല്ലികള്‍ ഇരമ്പങ്ങളില്‍ മുക്കിവരച്ച കാറ്റ്....

ഒരു കോടക്കാറ്
ആരും കാണാതെ വന്ന്
മലയിടുക്കിനെ ഉമ്മവച്ചുമ്മവച്ച് കിനിഞ്ഞിറങ്ങിയ
ഒരു മുത്തിക്കഥയില്‍
മഴ ‘മേലോരച്ച‘നായി
മണ്ണ് ‘കീഴോരത്തി’യായി4


കേരളത്തിലെ ആദ്യത്തെ നോണ്‍ലീനിയര്‍ കണ്‍സോളിന്റെ
താരകളില്‍
അവരുടെ അടിയോര്‍ക്കിടാങ്ങള്‍
പാട്ടുകളായി ഓടിനടന്നു:

എട്ടുകൊട്ടാഗെ എരിമയു കാലിയോ.... ലവ്വീയാ....
എവിടേക്കു ലവ്വീയാ ആട്ടുവ ലവ്വീയാ....
ലവ്വീയാ.... ലവ്വീയാ....

പാക്കത്തപ്പന്റെ വെള്ളിയാമലൈക്കോ.... ലെന്നായാ....
ആട്ടുത്ത വണ്ണായാ ലാട്ടുത്ത വണ്ണായാ....
ലെന്നായാ....ലെന്നായാ....5



ഓര്‍മ്മ നാല് - അങ്ങനെ പോയവന്റെ ശബ്ദം

പുതുനൂറ്റാണ്ടിലേക്ക് പുറപ്പെട്ടുപോയ
നിന്റെ വീഡിയോക്യാമറയോ
പ്രൊജക്ടറോ കണ്‍സോളോ
ഈ കവിത പിന്നെ കണ്ടിട്ടേയില്ല
വെയിലും
മഴയും
മണ്ണും
വിണ്ണും
മുറിച്ചുമാറ്റപ്പെട്ട
ഏതൊക്കെയോ ചുടലപ്പറമ്പുകളില്‍ നിന്ന്
ഇടയ്ക്കിടെ നിന്റെ കൈഫോണ്‍ മാത്രം
ശബ്ദിച്ചുകൊണ്ടിരുന്നു;

ഉത്തരമഥുരാപുരിയിലെ
ദുഃഖസത്യജ്ഞനായ ഭിക്ഷുവെപ്പോലെ



ഓര്‍മ്മ അഞ്ച് - ഉച്ഛിഷ്ടങ്ങളുടെ ദീര്‍ഘചതുരം

ഇപ്പോള്‍
രണ്ടായിരത്തിപ്പത്തിലെ ഒരു വേനലറുതിയില്‍
തൃശൂര്‍ പട്ടണത്തില്‍
പൂരത്തെറിയുടെ ഉച്ഛിഷ്ടങ്ങള്‍ കനച്ച
ഒരു കാനയുടെ കരയില്‍
സ്ലാബിളകിയുണ്ടായ
കറുത്തുകൊഴുത്ത ദീര്‍ഘചതുരത്തിലേക്ക് മൂത്രമിറ്റിച്ച്
ആടിയാടി
നീ നില്‍ക്കുന്നതായി
ഞാന്‍ സങ്കല്‍പ്പിക്കുന്നു
കൈഫോണ്‍
തോള്‍കൊണ്ട് കാതോട് ചേര്‍ത്തുപിടിച്ച്
നീ ആരോടോ തീവണ്ടിസമയം തിരക്കുന്നു
‘സൂക്ഷിച്ച്’ എന്നു ഞാന്‍ പറഞ്ഞില്ല
‘സമയമായില്ല’ എന്നു നീയും.

കൈഫോണ്‍ കാനയിലേക്കു വീണു

ഇപ്പോള്‍
ഉച്ഛിഷ്ടങ്ങളുടെ കറുത്ത ഒരു ദീര്‍ഘചതുരത്തിലേക്ക്
വാപൊളിച്ചിരിക്കുന്നു ഭൂമിയിലെ മുഴുവന്‍ വാങ്മയങ്ങളും.


കുറിപ്പുകള്‍:

1. കരോള്‍ ബലാര്‍ഡിന്റെ പ്രശസ്ത ചലച്ചിത്രം. ദേശാടക ജനുസ്സില്‍പ്പെട്ട, അനാഥരായ 16 കനേഡിയന്‍ വാത്തക്കുഞ്ഞുങ്ങളെ അവരുടെ വളര്‍ത്തമ്മയായ ആമി എന്ന പെണ്‍കുട്ടിയും അവളുടെ അച്ഛനും ചേര്‍ന്ന് ഒരു അള്‍ട്രാലൈറ്റ് വിമാനത്തോടൊപ്പം പറക്കാന്‍ പരിശീലിപ്പിക്കുന്നതും ഒടുവില്‍ ശൈത്യകാലത്ത് ആമിയുടെ വിമാനത്തെ പതിനായിരം മൈലോളം തെക്കോട്ടു പിന്തുടര്‍ന്ന് വാത്തകള്‍ നോര്‍ത്ത് കരോലിനയിലെ ഒരു പക്ഷിസങ്കേതത്തില്‍ എത്തിച്ചേരുന്നതുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. സഹജപ്രകൃതിയുടെയും സ്വാതന്ത്ര്യത്തിന്റെയും ആകാശങ്ങള്‍ തുറന്നിടുന്ന ഈ ചിത്രം കുട്ടികളെ കാണിക്കാന്‍ ശരത്ത് എപ്പോഴും ഇഷ്ടപ്പെട്ടിരുന്നു.

2. വയനാട്ടിലെ നരസി എന്ന ചെറുപുഴയുടെ കരയിലായി ആദിവാസി സമുദായങ്ങളിലെ കുട്ടികള്‍ ഒന്നിച്ചുപാര്‍ക്കുന്ന പാഠശാല

3. ആദിവാസിപ്പെണ്‍കുട്ടികള്‍ തിരളുമ്പോള്‍ ഒറ്റയ്ക്കു പാര്‍പ്പിച്ചിരുന്ന ചെറുകൂര

4.അടിയോര്‍ ഗോത്രത്തിന്റെ ആദിപിതാവ് മേലോരച്ചനും ആദിമാതാവ് കീഴോരത്തിയുമാണെന്ന് വിശ്വാസം.

5. അടിയോര്‍ ഗോത്രക്കാരുടെ ഒരു പാട്ട്. ശരത്തിന്റെ ‘കനവ്” എന്ന ഡോക്യുമെന്ററിയുടെ ശബ്ദപഥത്തില്‍ ഈ പാട്ട് കേള്‍ക്കാം

14 comments:

★ Shine said...

അഞ്ച് ഓര്‍മ്മകളില്‍ ഒരു ജീവിതം പറഞ്ഞത് ഇഷ്ടപ്പെട്ടു.

ഓര്‍മ്മയുണ്ട്. നക്ഷത്രചിന്തുകളെ നോക്കിനിന്നു വളര്‍ന്ന പയ്യന്റെ കഥ ശരത് ഒരിക്കല്‍ പറഞ്ഞത്‌ കനവില വെച്ചാണ്, ബേബിയുടെയും, അനിതയുടെയുമൊക്കെ ഒപ്പം ഇരിക്കുമ്പോഴായിരുന്നു.

Ra Sh said...

A touching elegy! A master piece!

പകല്‍കിനാവന്‍ | daYdreaMer said...

ഉച്ഛിഷ്ടങ്ങളുടെ ദീര്‍ഘചതുരം !!!

വിഷ്ണു പ്രസാദ് said...

നന്നായി ഈ ശരത്തോര്‍മ്മ. ഉച്ഛിഷ്ടങ്ങളുടെ കറുത്ത ഒരു ദീര്‍ഘചതുരത്തിലേക്ക്
വാപൊളിച്ചിരിക്കുന്നു ഭൂമിയിലെ മുഴുവന്‍ വാങ്മയങ്ങളും.

നജൂസ്‌ said...

നക്ഷത്രങ്ങള്‍ക്കും
ഇടിമിന്നലുകള്‍ക്കും
മഴവില്ലുകള്‍ക്കുമൊപ്പം..

naakila said...

ഉച്ഛിഷ്ടങ്ങളുടെ കറുത്ത ഒരു ദീര്‍ഘചതുരത്തിലേക്ക്
വാപൊളിച്ചിരിക്കുന്നു ഭൂമിയിലെ മുഴുവന്‍ വാങ്മയങ്ങളും

നന്നായി അലിക്കാ

ഏറുമാടം മാസിക said...

വെയിലും
മഴയും
മണ്ണും
വിണ്ണും
മുറിച്ചുമാറ്റപ്പെട്ട
ഏതൊക്കെയോ ചുടലപ്പറമ്പുകളില്‍ നിന്ന്
ഇടയ്ക്കിടെ നിന്റെ കൈ...

അനസ്‌ മാള said...

ശരതിന്റെ ഓര്‍മ്മകളിലേക്ക് യാത്ര തരപ്പെടുത്തിയതിന് നന്ദി!!

മഴക്കിളി said...

ഓര്‍മകളുടെ ഗന്ധമുള്ള വരികള്‍....

വി.മോഹനകൃഷ്ണന്‍ said...

ശരത്തിന്റെ ഓര്‍മ്മയ്ക്ക് ഒരാണ്ടു തികയാറായി..

kaviurava said...

കവിതയുടെ അഞ്ചോര്മ്മകളില്‍ അന്‍വര്‍ കവികള്‍ക്കും,
കവിതയ്ക്കും ഒപ്പം സഞ്ചരിച്ച ഒരുപാട് സഞ്ചാര ദൂരങ്ങളുണ്ട് .
പിന്നെ,
ആദി മണ്‍ സൂണ്‍ മോന്തി ഭൂമി നിറഞ്ഞു കവിച്ച ഒരു പകലും.

പ്രകാശ് ചിറക്കൽ said...

Nalla varikal

പ്രകാശ് ചിറക്കൽ said...

Nalla varikal

എന്നിട്ട് said...

ഓര്‍മ്മ