Tuesday, May 12, 2009

സദാചാരി


1975 ലെ ഒരു നട്ടുച്ചയ്ക്ക്
സദാചാരംക്ലാസില്‍ നിന്ന്
‘സഹജീവികളോട് കരുണ കാണിക്കുന്നവര്‍ക്ക്
കരുണാമയനായ ദൈവം പ്രതിഫലം നല്‍കും’
എന്ന വാക്യത്തോടൊപ്പം പുറത്തേക്കിറങ്ങിയ ഒരു കുട്ടി,
അന്നത്തെ ഉച്ചച്ചോറ്
നട്ടപ്രവെയിലത്തിരുന്ന് വെള്ളം ചുട്ടുതിന്നുന്ന വഴിക്കിറുക്കനു കൊടുത്ത്,
വൈകിട്ട്, വിശന്നു തളര്‍ന്ന്
വീട്ടിലേക്കുള്ള മെറ്റലിളകിയ വഴിയിലൂടെ
ദൈവത്തിന്റെ പ്രതിഫലം കാംക്ഷിച്ചും
അതു പൈസയായി കിട്ടണേയെന്നു പ്രാര്‍ത്ഥിച്ചും
കിട്ടിയാല്‍, പാഠപുസ്തകത്തിലെ
‘ജീന്‍ വാല്‍‍ജീന്‍’ ചിത്രത്തോടൊപ്പം മാത്രം ഓര്‍മ്മവരാറുള്ള
വേണുഗോപാലനിലയം ഹോട്ടലിലെ കണ്ണാടിപ്പെട്ടിയില്‍ നിന്ന്
വാങ്ങേണ്ടതെന്തെല്ലാമെന്നു കൂട്ടിക്കിഴിച്ചും
കടയപ്പം വാങ്ങുന്നത്
വാപ്പയുടെ പരിചയക്കാരിലാരേലും കണ്ടാലോന്ന് മോങ്ങിയ
ഒരശുഭചിന്തയെ കല്ലെറിഞ്ഞോടിച്ചും
ക്ഷമ നശിച്ച്
അങ്ങനെ നടക്കുകയായിരുന്നു

ഇതിനകം
സദാചാരംക്ലാസില്‍ നിന്ന് നേരത്തേ തന്നെ മുങ്ങി
മെറ്റലിളകിയ വഴിയില്‍ കാത്തുനിന്നിരുന്ന
‘ചുറ്റുപാടുമുള്ള കാര്യങ്ങള്‍ സദാ നിരീക്ഷിച്ചുകൊണ്ടിരിക്കണം’
എന്ന വാക്യം കുട്ടിയുടെ സഹായത്തിനെത്തി‌-

ഹായ് അത്ഭുതം തന്നെ
കുഞ്ഞിമെറ്റലുകള്‍ക്കിടയില്‍ അതാ കിടക്കുന്നു ഒരു രണ്ടുരൂപാനോട്ട്!

കുട്ടി പിന്നെ വീട്ടിലേക്ക് പോയില്ല
നിക്കറിന്റെ ഇടതും വലതും പോക്കറ്റു നിറയെ ലഡ്ഡുവുമായി
വേണുഗോപാലനിലയത്തില്‍ നിന്നിറങ്ങി
തിരുവനന്തപുരത്തെ അനേകം മുടുക്കുകളിലൂടെ
നിലാവുനിറമുള്ള ലഡ്ഡുത്തരികള്‍ നുണഞ്ഞ്
കൂട്ടംതെറ്റിയ ഒരൊന്നരയിഞ്ച് മെറ്റല്‍ കാലുകൊണ്ട് തട്ടിത്തട്ടി
നേരവും ദൂരവും മറന്ന്
നടന്നുനടന്ന്
പണിതീരാത്ത ഫ്ലൈഓവര്‍ കടന്ന്
കിഴക്കന്മലയുടെ കുണ്ടി തുരന്ന്
ഇപ്പോള്‍ അതാ, ഒരു ദേശീയപാത പോലെ....

അയാളോടൊപ്പം രണ്ടു വാക്യങ്ങള്‍ ഉണ്ടായിരുന്നല്ലോ
അവരെവിടെ?

9 comments:

ശ്രീ said...

കുട്ടിക്കാലത്ത് മനസ്സിലുറയ്ക്കുന്ന നല്ല ചിന്തകള്‍ എക്കാലവും നമ്മുടെ കൂടെ കാണും...

Sanal Kumar Sasidharan said...

സഹജീവികളോട് കരുണകാണിക്കുന്നവർക്ക് കരുണാമയനായ ദൈവം പ്രതിഫലം നൽകും,
പക്ഷേ ചുറ്റുപാടുമുള്ള കാര്യങ്ങൾ സദാനിരീക്ഷിച്ചുകൊണ്ടിരിക്കണം...

1975, 2009 ൽ നിന്നും അത്രദൂരെയല്ലെങ്കിലും പിന്നിലേക്ക് നടന്നാൽ ഞാൻ തുടക്കത്തിനപ്പുറമുള്ള ഇരുട്ടിലേക്ക് വഴിമുറിഞ്ഞ് വീഴുമല്ലോ!

ടി.പി.വിനോദ് said...

മെറ്റലിളകിയ നിരത്തുപോലെ വിണ്ടുവേര്‍പെടുന്ന വാക്കുകളില്‍ ജീവിതം. നേരവും ദൂരവും മറവിയായി സഞ്ചരിക്കാന്‍ അതിന്റെ നീണ്ടുകിടപ്പ്..

നന്ദി. ഈ വായനാനുഭവത്തിന്.

Pramod.KM said...

നിന്ന നില്‍പ്പില്‍ കാലം മാറി മലതുരന്ന് ദേശീയപാതയാകുന്നു. അല്ലെങ്കില്‍ ഓര്‍മ്മകള്‍ നമ്മെ പിന്നിലേക്ക് വലിച്ചുകൊണ്ടു പോകുന്നു.

Mahi said...

സദാ ചരിച്ച് ചരിച്ച്‌ ഭൂതകാലത്തിന്റെ പള്ള തുറന്ന്‌ ദേശീയ പാത പോലെ നീണ്ട്‌......ഓരോ ഇറങ്ങി പോക്കും ഇതിനാണൊ വീണ്ടും വീണ്ടും തിരിഞ്ഞു നോക്കാന്‍ ?

ജ്യോനവന്‍ said...

എന്നിട്ടും അവരുള്ളതുപോലെ കവിത വായിച്ചുതീര്‍ന്നിട്ടും വിട്ടുപോയില്ല....!

മനോജ് കുറൂര്‍ said...

അന്‍‌വര്‍, ആ വാക്യം പോലെ നല്ല തെളിച്ചമുള്ള കവിത. ആ ചെറുവാക്യവും ഇരുണ്ടും തെളിഞ്ഞുമുള്ള വഴികളിലെ നടപ്പിന്റെ മഹാവാക്യങ്ങളും ഇഴപിരിഞ്ഞങ്ങനെ...

ഭാഷാപോഷിണിയില്‍ വായിച്ചിരുന്നു :)

അനിലൻ said...

രണ്ടാമത്തെ വാക്യമുണ്ടല്ലോ കൂടെയിപ്പൊഴും
ഇല്ലേ?

Unknown said...

നട്ടപ്രവെയിലത്തിരുന്ന് വെള്ളം ചുട്ടുതിന്നുന്ന വഴിക്കിറുക്കനു കൊടുത്ത്,

വളരെ നല്ല എഴുത്ത്
ഒരുപാട് ഇഷ്ടമായി
ആശംസകള്‍