യിന്- യാങ്1
ഹാന്‍നദി2 ഒരു തറി
നീരൊഴുക്കിന്റെ യിന്; അതില്‍
അനേകായിരം രാവിളക്കുകളില്‍ നിന്നു കുതിക്കുന്ന
യാങ്നൂലുകളുടെ പാവ്
ഹാന്‍
ഒരു നെയ്ത്തുകാലത്തിന്റെ ഓര്‍മ്മ-
യിന്-യാങ്
യിന്-യാങ്
തറിയില്‍ ഒരുവള്‍ നിര്‍ത്താതെ പാടിയിരുന്നു
അവളുടെ രാവഞ്ചികള്‍ മീട്ടിയ യിന്നില്‍
ഇഴയിട്ട്, നക്ഷത്രമത്സ്യങ്ങളുടെ യാങ്
*
കൊയ്ത്തുകാലം വന്നു; ചോരയുടെ കാലം3
യിന്-യാങ് നിലവിളിയും കൊലവിളിയുമായി
കീറിപ്പറിഞ്ഞ സോവ്ള്‍ വാരിയുടുത്ത്
മുടികരിഞ്ഞ സാനുകളെ4 വാരിയെടുത്ത്
അവള് മഞ്ഞക്കടലിലേക്ക് അലറി
ആരും കണ്ടിട്ടില്ല പിന്നീടവളെ
(ഒരു പടുകൂറ്റന്‍ അപ്പാര്‍ട്മെന്റില്‍
അടക്കിപ്പിടിച്ച തന്റെ ശ്വാസം മാത്രം ശ്വസിച്ച്
വെള്ളിക്കിഴങ്ങിന്റെ വേരുപോലുള്ള നരയുമായി
മകന്റെ ഫ്ലാറ്റിലെ കുടുസ്സുമുറിയിലുണ്ടെന്ന് ലീ സി-യങ്)5
*
പക്ഷേ
ഇന്നു രാത്രി അവള് വരും
ഹാന്‍തറിയില്‍
ഹംഗുളിന്റെ യിന്-യാങ്ങില്‍
എന്റെ മലയാളവളവുകള്‍ വായിക്കും
ഞങ്ങള്‍ നെയ്യും
യീ-സാന്‍കവിത, തെറ്റിയുടുത്ത ജയില്‍വേഷം6
കിം കി-ദോസിനിമ, തെറിച്ച നിശാവസ്ത്രം7
ഭാരതപ്പുഴ, പിഞ്ഞിയ ഒരീരിഴത്തോര്‍ത്ത്
*
കുറിപ്പുകള്‍:-
1. യിന്-യാങ് : പ്രപഞ്ചസന്തുലനത്തെ ദാര്‍ശനികവും ജ്യോതിശ്ശാസ്ത്രപരവും ദൃശ്യാത്മകവുമായി വിശദീകരിക്കുന്ന പ്രാചീന ചൈനീസ് സങ്കല്പനം. പ്രാഥമികമായി യിന് ചന്ദ്രനെയും ഇരുട്ടിനെയും സ്ത്രീയെയും കുറിക്കുന്നു; യാങ് സൂര്യനെയും പകലിനെയും പുരുഷനെയും. ഒരു വൃത്തത്തിനുള്ളിലെ പരസ്പരാപേക്ഷമായ കറുപ്പും വെളുപ്പുംരൂപങ്ങളായാണ് യിന്-യാങ്ദ്വന്ദം ചിത്രീകരിക്കാറ്. പൂര്‍വ്വേഷ്യന്‍ പാരമ്പര്യങ്ങളിലാകെ പടര്‍ന്നുകിടക്കുന്ന ഈ ആഖ്യാനത്തിന്റെ സ്വാധീനം കൊറിയന്‍ ഭാഷാരൂപീകരണത്തിലുമുണ്ട്. യിന്(തിരശ്ചീന) യാങ്(ലംബ) രേഖകളുടെ സങ്കലനമാണ് കൊറിയന്‍ ലിപിയായ ഹംഗുള്‍.
2. ഹാന്‍ (ഹാന്‍ഗാങ്) : സോവ്ള്‍നഗരത്തിനു കുറുകേ ഒഴുകി മഞ്ഞക്കടലില്‍ ചേരുന്ന നദി.
രാത്രിയില്‍ ഹാന്‍നദിക്കരയില്‍ നിന്നാല്‍ സോവ്ള്‍ മെട്രോയിലെ അനേകായിരം വൈദ്യുതവിളക്കുകള്‍ ജലവിതാനത്തില്‍ ബിംബിച്ച് അന്തമറ്റ ചിത്രപടങ്ങളായി മാറുന്ന മായക്കാഴ്ച കാണാം.
3. ഇരുപതാംനൂറ്റാണ്ടിലുടനീളം ജാപ്പനീസ് കൊളോണിയല്‍ ചൂഷണത്തിന്റെയും ആഭ്യന്തരയുദ്ധത്തിന്റെയും പട്ടിണിയുടെയും പിടിയിലായിരുന്നു കൊറിയന്‍ ഉപദ്വീപ്.
4. സാന്‍: മല
5. ഗ്രാമങ്ങളില്‍ പോലും കൂറ്റന്‍ കോര്‍പ്പറേറ്റ് അപ്പാര്‍ട്മെന്റുകള്‍ ഉയര്‍ന്നുവന്ന കൊറിയന്‍ സാമ്പത്തികമുന്നേറ്റകാലത്തെക്കുറിച്ച് കൊറിയന്‍കവി ലീ സി-യങ് എഴുതിയ 'അമ്മ' എന്ന കവിതയില്‍ നിന്ന്.
6. യീ സാന്‍: കൊറിയന്‍ കവിയും കഥാകാരനും. 1937ല്‍ ഇരുപത്തേഴാം വയസ്സില്‍ ജപ്പാനിലെ ഫുക്കുവോക്കാ ജയിലില്‍ കിടന്നു മരിച്ചു. ഒട്ടുമിക്ക എഴുത്തുകാരും ദേശീയവാദികളായിരുന്ന കാലത്ത് യീ സാന്‍ ഒരു ബൊഹീനിയനായി ജീവിക്കുകയും ജാപ്പനീസ് ഭാഷയില്‍ എഴുതുകയും ആധുനികതയുടെ രചനാകലാപം പ്രഖ്യാപിക്കുകയും ചെയ്തു. കൊറിയന്‍ ദേശീയസാഹിത്യപ്രസ്ഥാനത്തിന് വഴിപിഴച്ച പ്രതിഭയും പുതുതലമുറയ്ക്ക് കാലംതെറ്റിപ്പിറന്ന മഹാപ്രതിഭയുമാണ് യീ സാന്‍.
7. കിം കി ദോക്: ലോകപ്രശസ്തനായ കൊറിയന്‍ ചലച്ചിത്രകാരന്. ദേശീയവികാരത്തിനും ജനപ്രിയതയ്ക്കും പ്രാമുഖ്യമുള്ള കൊറിയയില്‍, സദാചാരമൂല്യങ്ങളെ നിരസിക്കുകയും ആധുനികകൊറിയന്‍ വ്യക്തിസത്തയുടെ രോഗാതുരതകള്‍ തുറന്നുകാട്ടുകയും ചെയ്യുന്ന കിം കി ദോക് പൊതുവേ അസ്വീകാര്യനാണ്.
10 comments:
നനവിന്റെ ഊടില്‍ വെളിച്ചതിന്റെ പാവ് ഇണക്കമാവുന്നത്, അത് വാക്കിന്റെ വിസ്മയവലയാകുന്നത്...സുന്ദരം !!!!
ഇന്നു രാത്രി അവള് വന്നോ?:)
വാക്കുകളുടെ വിസ്മയലോകം.മനോഹരം.
അഭിനന്ദനങ്ങള്‍.
kavitha kalakkunnu.
ഹമ്പട കേമാ!!!!
ഇത് കൊള്ളാല്ലൊ
ഞങ്ങള്‍ നെയ്യും
യീ-സാന്‍കവിത, തെറ്റിയുടുത്ത ജയില്‍വേഷം6
കിം കി-ദോസിനിമ, തെറിച്ച നിശാവസ്ത്രം7
ഭാരതപ്പുഴ, പിഞ്ഞിയ ഒരീരിഴത്തോര്‍ത്ത്
ഇഷ്ടപ്പെട്ടു
Han - majestic by the day,
Mysterious black serpent by the night
So alive scissoring the city
Shedding bad blood, giving it the reason live
And the lights however high-
They are there just to gaze in amazement......
ഞാനും നീയും എന്ന സങ്കല്പമാണു നല്ലത്
www.kosrakkolli.blogspot.com
neeyentha vailoppillikku padhikkunno
Post a Comment