Sunday, January 18, 2009

ഖബറിലേക്ക് വെള്ളം ചുമന്ന് ചുമന്ന്....

അസ്മാ, നീയറിയാതെ ഞാന്‍ നിന്റെ മണ്ണിനും മനുഷ്യര്‍ക്കുംവേണ്ടി പ്രാര്‍ത്ഥിച്ച ചിത്രം
ജൊന്‍ ജുവിലെ ആഫ്രോ-ഏഷ്യന്‍ എഴുത്തുകാരസംഗമ (നവംബര്‍,2007) ത്തിന്റെ പ്രാരംഭവേദിയില്‍ ‘അലച്ചില്‍‘ എന്ന തന്റെ പ്രബന്ധം വായിക്കുന്ന മഹമ്മൂദ് ദര്‍വിഷ്

അസ്മയുമൊത്ത്, ഗ്വാങ്ജുവിലേക്കുള്ള എക്സ്പ്രസ്സ് ബസ്സില്‍




കവിതയിലും സാമൂഹികനീതിയിലും ഉത്ക്കണ്ഠപ്പെടുന്ന മനുഷ്യര്‍ ലോകത്തിന്റെ പല കോണുകളിലിരുന്ന് മഹമ്മൂദ് ദര്‍വിഷ് എന്ന മഹാനായ ഫലസ്തീനിയെ ഓര്‍മ്മിച്ച, മൂന്നു മാസം മുമ്പത്തെ ഒരു വൈകുന്നേരം - 2008 ഒക്ടോബര്‍ 5 ന് - മനസ്സിലും പിന്നീട് യാദൃച്ഛികമായി കടലാസിലും കുറിക്കേണ്ടിവന്ന ഓര്‍മ്മകളാണിത്. തൃശ്ശൂര്‍ പബ്ലിക് ലൈബ്രറിയിലെ ചെറിയൊരു സദസ്സുമായി പങ്കിട്ടവ. ഗാസാമുനമ്പ് ഒരു കൊഴുത്ത കഫക്കട്ടയായി ഏഷ്യയുടെ തൊണ്ടയില്‍ കിടന്ന് പിടയ്ക്കുന്ന ദുഃസ്വപ്നത്തില്‍ നിര്‍ത്താതെ ചുമച്ചുപോയ ഒരു പാതിരയ്ക്ക്, കുറച്ചുപേരോടു കൂടി ആ ഓര്‍മ്മ പങ്കിടണമെന്നു തോന്നി... അതുകൊണ്ട്, അന്നു കുറിച്ചത് അതുപോലെ താഴെ-





മഹമ്മൂദ് ദര്‍വിഷിനെ സ്മരിക്കും മുമ്പ് എനിക്ക് ഓര്‍ക്കാനുള്ളത് മറ്റൊരു ഫലസ്തീനിയെയാണ് ; ദക്ഷിണകൊറിയയില്‍ വച്ച് എന്റെ കൂട്ടുകാരിയും കുഞ്ഞനുജത്തിയുമായി മാറിയ അസ്മാ അല്‍ ഗൌള്‍ എന്ന പെണ്‍കുട്ടിയെ.


ഹംഗൂക് സര്‍വകലാശാലാവളപ്പിലെ ശാന്തമായ തടാകക്കരയില്‍ വച്ചാണ് അസ്മയെ ഞാന്‍ ആദ്യമായി കണ്ടത്. അത്ഭുതപാരവശ്യത്തോടെ തടാകത്തിലേക്ക് തുറിച്ചുനോക്കിയിരിക്കുകയായിരുന്ന അവള്‍ ആരോടെന്നില്ലാതെ പറഞ്ഞു:


“എന്തൊരു ഭംഗിയാ ഈ കൊറിയയ്ക്ക്...” ആരെയോ ശകാരിക്കുംവിധം ഒച്ചയെടുത്താണ് അവള്‍ സംസാരിക്കുന്നത്, “...ഇത്രയ്ക്ക് പച്ചപ്പും വെള്ളവും പക്ഷികളും ഞാന്‍ കണ്ടിട്ടേയില്ലല്ലോ”


പരിചയപ്പെടലിനിടെ അവളുടെ ഓരോവാക്കും മുഖത്തടിക്കുമ്പോലെ. അവളെക്കാള്‍ 18 വയസ്സ് മൂപ്പുണ്ട് എനിക്ക്. കുറേക്കൂടി മയത്തില്‍ സംസാരിച്ചാലെന്താ ഇവള്‍ക്ക് എന്ന് മനസ്സു തികട്ടി. ഡയസ്പൊറാ (Diaspora) എന്ന പ്രതിഭാസത്തിന്റെ നിഷ്ഠൂരത തീരെ അറിഞ്ഞിട്ടില്ലാത്ത ഞാന്‍ അപ്രതീക്ഷിതമായി ചോദിച്ചു:


“യഹൂദാ അമിച്ചായിയുടെ കവിതകളെക്കുറിച്ച് എന്താണ് നിന്റെ അഭിപ്രായം?”


അപ്പോഴാണ് അസ്മ ആദ്യമായി എന്റെ മുഖത്തേക്ക് നോക്കിയത്. തീ പാറുന്ന നോട്ടം:


“ഞങ്ങള്‍ ജൂതന്മാരുടെ സാഹിത്യം വായിക്കാറില്ല”


സര്‍വജ്ഞാനിയും സാര്‍വ്വലൌകികതാരോഗിയുമായ എന്നിലെ മലയാളി അവിടം കൊണ്ടവസാനിപ്പിക്കാന്‍ തയ്യാറായിരുന്നില്ല. ഞാന്‍ പറഞ്ഞു:


“കവിതയില്‍ എന്ത് അറബിയും ജൂതനും.... നിങ്ങളുടെ മഹമ്മൂദ് ദര്‍വിഷ് ഹീബ്രുവിന്റെ ആരാധകനല്ലേ.”


അല്പനേരം അവള്‍ ഒന്നും മിണ്ടിയില്ല. എന്നെത്തന്നെ നോക്കിക്കൊണ്ടിരുന്ന അവളുടെ കണ്ണുകളില്‍ മെല്ലെ നനവു പരന്നു. മുന്നിലെ ചെറുതടാകം ഒരു കാച്ചിപ്പക്ഷി (ശാന്തപ്രകൃതിയായ ഒരു കൊറിയന്‍ പക്ഷി) യായി ആ മുഖത്ത് പറന്നിറങ്ങി. ഇടറുന്ന ശബ്ദത്തില്‍ അവള്‍ പറഞ്ഞു:


“ഞങ്ങള്‍ സാധാരണ ഫലസ്തീനികള്‍ അങ്ങനെയായിപ്പോയി, മിസ്റ്റര്‍ അന്‍വര്‍. പക്ഷേ മഹമ്മൂദ് ദര്‍വിഷ് വലിയ ആളല്ലേ. ഗാസയില്‍ ഹമാസ് അധികാരത്തില്‍ വന്നാലുള്ള ഭവിഷ്യത്തുകളെപ്പറ്റി അദ്ദേഹം ഞങ്ങളെ ഓര്‍മ്മിപ്പിച്ചിരുന്നു. എന്നിട്ടും ഞങ്ങള്‍ അവരെ വോട്ടുചെയ്തു ജയിപ്പിച്ചു....ഇപ്പോള്‍ തലയ്ക്കുമീതെ ഇസ്രായേല്‍ പടയുടെ ബോംബറുകള്‍, താഴെ ഹമാസിന്റെ ഭ്രാന്തന്‍ തോക്കുകള്‍.... ഞങ്ങളെ ആര്‍ക്കും വേണ്ട; ഞങ്ങള്‍ക്ക് മറ്റുള്ളവരെയും.”



ആറുമാസക്കാലം ഞങ്ങള്‍ - അസ്മയും ഞാനും - ഒന്നിച്ചുണ്ടായിരുന്നു; യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൌസിലെ അടുത്തടുത്ത മുറികളിലും തെക്കുവടക്കുള്ള യാത്രകളിലുമായി. വെളുക്കുവോളം അല്‍ജസീറ തുറന്നുവച്ച് ഗാസയില്‍ നിന്നുള്ള അശുഭവാര്‍ത്തകള്‍ക്കു മുന്നില്‍ പകച്ചിരിക്കുകയും വല്ലപ്പോഴുമുള്ള ഉറക്കത്തിനിടയില്‍ അഭയാര്‍ത്ഥിത്തെരുവിലെ തന്റെ കുടുസ്സുവീട്ടില്‍ കുഞ്ഞുമകന്റെയും മുത്തച്ഛന്റെയും മേല്‍ മിസൈലുകള്‍ പറന്നിറങ്ങുന്ന സ്വപ്നദംശനത്താല്‍ ഞെട്ടിയുണരുകയും സമയബോധമോ സങ്കോചമോ തരിമ്പുമില്ലാതെ എന്റെ മുറിവാതിലിലേക്ക് അലച്ചുവീഴുകയും ചെയ്യുന്ന അസ്മയിലൂടെ മാത്രമേ എനിക്കിന്ന് ഏതൊരു ഫലസ്തീനിയെയും വായിക്കാനാവുന്നുള്ളൂ. ഇപ്പോള്‍ മഹാനായ കവി, മഹമ്മൂദ് ഈ ഭൂമുഖത്തുനിന്നുതന്നെ നാടുകടത്തപ്പെട്ടുകഴിഞ്ഞിരിക്കുന്നു. പക്ഷേ ദര്‍വിഷ് കവിതകള്‍ എന്റെ മുന്നിലിരിക്കുന്നു; ഭൂമി പിളര്‍ക്കെ അലറിക്കരയുന്ന, ചോരപോലെ റെഡ് വൈന്‍ വിഴുങ്ങി പൊട്ടിച്ചിരിക്കുന്ന, അകാരണമായി കയര്‍ക്കുന്ന, അടുത്ത നിമിഷം സര്‍വകലാശാലാ വളപ്പിലെ തടാകം പോലെ ശാന്തയാകുന്ന അസ്മാ എന്ന പെണ്‍കുട്ടിയുടെ രൂപവും പൊരുളുമാണ് ആ കവിതകള്‍ക്കിപ്പോള്‍.

ഒരു കാവ്യനീതിപോലെ, ദര്‍വിഷ് എന്ന മനുഷ്യനെയും അവളെനിക്ക് പരിചയപ്പെടുത്തി. 2007 നവംബറില്‍ ജൊന്‍ ജു പട്ടണത്തില്‍ നടന്ന ആഫ്രോ-ഏഷ്യന്‍ എഴുത്തുകാരസംഗമത്തിനിടയില്‍. ദര്‍വിഷ് വരുന്നതറിഞ്ഞ് അവള്‍ എനിക്ക് വാക്കുതന്നിരുന്നു: “ജേര്‍ണലിസ്റ്റ് എന്ന നിലയില്‍ എനിക്കൊരു വിലാസമുണ്ട്. പരിചയമൊന്നുമില്ലെങ്കിലും ഞാന്‍ കയറി മുട്ടും. നിന്നെയും കൂട്ടാം.”

ജൊന്‍ ജു മേളയില്‍ വലിപ്പച്ചെറുപ്പമെന്യേ എഴുത്തുകാര്‍ക്ക് പരസ്പരം കാണാന്‍ ഒരു പ്രയാസവുമില്ലെങ്കിലും അവളോടൊപ്പമേ അദ്ദേഹത്തെ പരിചയപ്പെടൂ എന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. ഡയസ്പൊറാ സെമിനാര്‍ നടന്ന ഹാളിനു പുറത്തെ ഇടനാഴിയില്‍ വച്ച് ഒരു ദിവസം അസ്മയുടെ പിന്‍ വിളി, പതിവ് അലര്‍ച്ചയില്‍. ഞാന്‍ തിരിഞ്ഞു നോക്കി. ഒരൊഴിഞ്ഞ കോണില്‍ വെന്റിങ്ങ് മെഷീനില്‍ നിന്ന് ചായ പാര്‍ന്നുകൊണ്ട് മഹമ്മൂദ് ദര്‍വിഷും അസ്മയും മാത്രം. സംഗമം രണ്ടു ദിവസം പിന്നിട്ടിരുന്നു. അവള്‍ ഇതിനകം ദര്‍വിഷിന്റെ നിഴലുപോലെയായിക്കഴിഞ്ഞിരുന്നു. ആഘോഷത്തോടെ അവളെന്നെ പരിചയപ്പെടുത്തി:

“ഇന്ത്യയില്‍ നിന്നുള്ള... നോ...കേരളത്തില്‍ നിന്നുള്ള കവിയാണ്. എന്റെ ആത്മസുഹൃത്ത്”

എന്നിലെ കേരളദേശീയവാദിയെ ഒന്നു ഞോണ്ടിക്കൊണ്ട് അവള്‍ പറഞ്ഞു. അല്പനേരത്തേക്ക് എനിക്കൊന്നും മിണ്ടാന്‍ കഴിഞ്ഞില്ല. എന്റെ ഇരട്ടിയോളം ഉയരമുണ്ട് ദര്‍വിഷിന്. അന്തര്‍മുഖവും ഏകാന്തവുമായ ഒരു കവിതയുടെ അവസാനവരി ആ മുഖത്ത് തളര്‍ന്നുകിടന്നിരുന്നു; കാലത്തിന്റെ കവിരേവപ്രജാപതി എഴുതിച്ചേര്‍ത്തപോലെ. അതിന്റെ വിപരീതധ്വനിയെന്നോണം ആഴമുള്ള ഒരു പുഞ്ചിരി അദ്ദേഹം എന്റെ നേര്‍ക്ക് ചൊരിഞ്ഞു. കലങ്ങിമറിഞ്ഞ ഉള്ളില്‍ നിന്നോ മുന്നിലെ മഹാസാന്നിദ്ധ്യത്തില്‍നിന്നോ രക്ഷപെടാനാവണം, ഞാന്‍ പെട്ടെന്നു പറഞ്ഞു:

“താങ്കളുടെ കവിത 20 കൊല്ലം മുമ്പ് ഞാന്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.”

കവിയുടെ കണ്ണുകള്‍ വിടര്‍ന്നു. ആ അന്തര്‍മുഖം ഒരു നിമിഷത്തേക്ക് വലിയൊരു ഫലസ്തീന്‍ ആള്‍ക്കൂട്ടമായി പകര്‍ന്നു:
“വാഹ്! അറബി അറിയുമോ?”
“ഇല്ല. ഇംഗ്ലീഷില്‍ നിന്ന് മറ്റൊരാള്‍ ചെയ്ത വിവര്‍ത്തനം ഞാന്‍ പത്രാധിപരായ ചെറുമാസികയില്‍ പ്രസിദ്ധീകരിച്ചതാണ്.”

മെല്ലെ അദ്ദേഹം തന്റെ ഏകാന്തതയിലേക്ക് മടങ്ങിപ്പോയി; അതോ തോറ്റ ജനതയുടെ ശബ്ദായമാനമായ മൌനത്തിലേക്കോ? എനിക്ക് ഒന്നും ചോദിക്കാനുണ്ടായിരുന്നില്ല; പറയാനും. അഞ്ചുമിനിട്ടോളം ഞങ്ങള്‍ ഒന്നും മിണ്ടാതെ നിന്നു. ഇതിനിടയില്‍ അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോകാനായി ചില സംഘാടകരെത്തി. മാധ്യമങ്ങളില്‍നിന്നും ആരാധകരില്‍നിന്നും ദര്‍വിഷ് കഴിയുന്നത്ര ഒഴിഞ്ഞുനടക്കുകയാണെന്ന് അസ്മയില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു. എനിക്ക് അഭിമുഖമൊന്നും വേണ്ട. പോകുമ്പോള്‍ ഞാന്‍ വെറുതേ നോക്കിനില്‍ക്കുക മാത്രം ചെയ്തു. പക്ഷേ തിരിഞ്ഞുനിന്ന് ശബ്ദം താഴ്ത്തി അദ്ദേഹം പറഞ്ഞു: “ നമുക്ക് വീണ്ടും കാണാം”

ഞങ്ങള്‍ തങ്ങിയ ഹോട്ടലിന്റെ ലോഞ്ചില്‍ വച്ച് രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും കണ്ടു. ഞങ്ങള്‍ രണ്ടുപേര്‍ മാത്രം. എല്ലാവരും സെമിനാര്‍ സ്ഥലത്താണ്. വെന്റിങ്ങ് മെഷീനില്‍ നിന്ന് ചായ പാര്‍ന്ന് ഞങ്ങള്‍ സോഫയിലിരുന്നു. ഞാന്‍ അപേക്ഷിച്ചതു പ്രകാരം അദ്ദേഹം ഏതാനും വരി കവിത ചൊല്ലി. അറബിയില്‍, പതിഞ്ഞ ദുര്‍ബലമായ ശബ്ദത്തില്‍. അറബി അറിയാത്ത ഞാന്‍ അതിന്റെ അര്‍ത്ഥം ചോദിച്ചില്ല. അദ്ദേഹം പറഞ്ഞുമില്ല. പറഞ്ഞതിത്രമാത്രം:
“ഇത് എന്റെ ഒരു ദീര്‍ഘകാവ്യത്തിലെ വരികളാണ്...”
ഏതു വരികള്‍ എന്ന് എനിക്കിപ്പോഴുമറിയില്ല. പക്ഷേ ആ ദീര്‍ഘകാവ്യം, ‘മ്യൂറല്‍’ ഞാന്‍ വായിച്ചിട്ടുണ്ട്. ജീവിതത്തിന്റെ ഏകാന്തതയും മരണത്തിന്റെ സ്വച്ഛതയുമാണ് അതില്‍ നിറയെ. ‘മ്യൂറലി’ ലെ എനിക്കു തിരിയാത്ത അറബി വരികളിലൂടെ ദര്‍വിഷിന്റെ തൊണ്ട എന്നോട് ഇടറിയതെന്താണ്? ‘ഉമ്മി’യും ‘ഐഡന്റിറ്റി കാര്‍’ഡും എഴുതിയ പോരാളിയായ മഹമ്മൂദ്, ഫലസ്തീന്‍ എന്ന അനാഥദേശീയതയുടെ സ്വത്വരൂപകമായി മാറിയ ദര്‍വിഷ്... അവരൊക്കെയും മരിച്ചുകഴിഞ്ഞുവെന്നോ, എന്റെ മുന്നിലിരുന്ന് ചായ മൊത്തുന്ന ഈ മനുഷ്യന്റെ ഉള്ളില്‍? പി. എല്‍. ഒ.യും യാസ്സര്‍ അറഫാത്തും മരിച്ചടങ്ങിയതുപോലെ; സോവിയറ്റ് യൂണിയനും പാബ്ലോ നെരൂദത്വങ്ങളും ഫിദെല്‍ യുഗവും മണ്മറഞ്ഞതുപോലെ; ആധുനികതയുടെ കൊതിപ്പിച്ച എല്ലാ ബ്രഹദാഖ്യാനകങ്ങളും പോലെ....

തുടര്‍ച്ചയായ ഹൃദ്രോഗത്തിനും രാഷ്ട്രീയവിരക്തികള്‍ക്കുമിടയില്‍, തന്റെ ദീര്‍ഘകാവ്യത്തില്‍ മഹമ്മൂദ് എഴുതി:
This is your name-
a woman said,
and vanished through the winding corridor
There I see heaven within reach
The wing of a white dove carries me
towards another childhood. And I never dreamt
that I was dreaming. Everything is real.
(Mural, 2002)

ഒരുപക്ഷേ ഈ വരികള്‍ തന്നെയാവുമോ അദ്ദേഹം ജൊന്‍ ജുവിലെ ഹോട്ടല്‍ ലോഞ്ചിലിരുന്ന് എന്നോടുരുവിട്ടത്?


  • മഹമ്മൂദ് ദര്‍വിഷ് കഥവശേഷനായതിന്റെ പിറ്റേന്ന് ഇസ്രയേലി മനുഷ്യാവകാശപ്രസ്ഥാനമായ ഗുഷ് ഷാലോം (Gush Shalom) രാഷ്ട്രത്തിന്റെ വിദ്യാഭ്യാസമന്ത്രിക്കയച്ച ഒരു കമ്പിസന്ദേശം ഇങ്ങനെ:
    “At his gravesite we salute Mahmoud Darwish, son of Galilee, conscience of the Palestinian people, poet of anger and hope, partner in the struggle for peace between the two peoples of this land..... Mahmoud Darwish was born between us, and grew up as an Israeli citizen, not more and not less. The fact that the State of Israel was unable to give this great creative talent a feeling of belonging, pushing him into decades of exile – isn’t that our badge of infamy? The least what we can still do after his death is including his poems in the school curriculum presented to Israeli pupils – to the Arab pupils, in order to let them become acquainted with one of the great creative talents of their own culture, but not less important: to the Jewish pupils – to learn through it a bit about the suffering and aspirations of those with whom we can and should make peace.”

    ജൂതനായതുകൊണ്ടുമാത്രം അമിച്ചായിയെ വായിക്കാത്ത അസ്മയ്ക്കും മറ്റനേകര്‍ക്കും മുന്നില്‍, ദര്‍വിഷ് കവിതകളുടെ കനലൂതി ഇസ്രായേലിലെ നല്ലവരായ ജൂതര്‍ കത്തിച്ചുവച്ച ഇത്തിരിവെട്ടമാണ് ഈ കമ്പിസന്ദേശം - ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും തമ്മിലിടഞ്ഞുതകരുന്ന ഫലസ്തീന്‍ രാഷ്ട്രീയനേതൃത്വത്തിന് തെളിയാത്തത്; ന്യൂയോര്‍ക്കിന്റെ ആകാശം മുതല്‍ കെടുകേരളത്തിന്റെ ഉള്‍നാടുകള്‍ വരെ പടര്‍ന്നുകഴിഞ്ഞ പാന്‍ ഇസ്ലാമിക അതിവാദങ്ങള്‍ക്കോ ആര്യ-ബൌദ്ധ-ഗോത്ര-വംശവാദികള്‍ക്കോ ഇടതും വലതുമായ സാമ്രാജ്യത്വ പ്രത്യയശാസ്ത്രങ്ങള്‍ക്കോ പുതുകമ്പോളവ്യവസ്ഥയുടെ നിയാമകങ്ങള്‍ക്കോ ഇന്നോളം വെളിച്ചപ്പെടാത്തത്.

    ഗുഷ് ഷാലോമിന്റെ സന്ദേശത്തിലടങ്ങിയ സത്യം മഹമ്മൂദ് ദര്‍വിഷ് ജീവിതത്തിലുടനീളം മനസ്സിലാക്കിയിരുന്നു. ഏഴാംവയസ്സില്‍ ജന്മനാട്ടില്‍നിന്ന് ഓടിപ്പോകേണ്ടിവന്നവനാണ് മഹമ്മൂദ്. 1948 മേയ് 14ന് സ്വതന്ത്ര ഇസ്രായേല്‍ പ്രഖ്യാപിക്കപ്പെട്ടതിനെത്തുടര്‍ന്ന് മറ്റനേകം ഫലസ്തീന്‍ ഗ്രാമങ്ങള്‍ക്കുമൊപ്പം മഹമ്മൂദിന്റെ ജന്മനാടായ അല്‍-ബിര്‍വിയും ഭൂമുഖത്തുനിന്ന് തുടച്ചുനീക്കപ്പെട്ടു. ഒരു കൊല്ലത്തെ പ്രവാസത്തിനുശേഷം അദ്ദേഹത്തിന്റെ കുടുംബം വെസ്റ്റ് ബാങ്കില്‍ കുടിയേറി. മഹമ്മൂദ് ഇസ്രായേല്‍ എന്ന പുതുരാഷ്ട്രത്തിലെ കുട്ടിയായി. ജൂതപ്പള്ളിക്കൂടത്തില്‍ പഠിച്ചു. ഹീബ്രുവിലൂടെ ലോകത്തെ വായിച്ചു. തന്റെ സമകാലീനരായ മറ്റുചിലരെപ്പോലെ ജൂതമായ എല്ലാറ്റിനെയും വെറുത്തില്ല അദ്ദേഹം. ഒരു ‘ദര്‍വിഷി’ന്റെ, അതായത് അവധൂതന്റെ, ആഴമുള്ള നിര്‍മ്മമതയില്‍ മഹമ്മൂദ് ഒരിക്കല്‍ എഴുതി: “ എന്റെ ആദ്യ അദ്ധ്യാപിക ജൂതയായിരുന്നു. ഞാന്‍ ആദ്യമായി പ്രണയം അറിഞ്ഞത് ഒരു ജൂതപ്പെണ്‍കുട്ടിയിലൂടെയാണ്. എന്നെ ആദ്യമായി ജയിലിലേക്കയച്ച ജഡ്ജിയും ഒരു ജൂതസ്ത്രീയായിരുന്നു.”

    അറബ് കേന്ദ്രിത നാടുകളിലെ എഴുത്തുകാര്‍ ആധുനികതയുടെ ലോകപരിസരത്തെ ആര്‍ജ്ജിക്കാന്‍ വെമ്പല്‍കൊണ്ട 50കളുടെ ഒടുവില്‍, കൌമാരക്കാരനായ ദര്‍വിഷ് താരതമ്യേന ആധുനികപൂര്‍വ അറബി എഴുത്തുകാരെയാണ് മാതൃഭാഷയില്‍ വായിച്ചത്. പക്ഷേ തന്റെ രണ്ടാംഭാഷയായ ഹീബ്രുവിലൂടെ പാശ്ചാത്യാധുനികതയെ അദ്ദേഹം അറിഞ്ഞു. സിറിയയില്‍ അഡോണിസിനെപ്പോലുള്ളവര്‍ അറബ് കവിതയിലെ പുതിയ രൂപകഭാഷ നിര്‍ണ്ണയിക്കാന്‍ തുടങ്ങിയ കാലത്ത് ദര്‍വിഷിനെ ആ പുതുഭാവുകത്വത്തിലേക്കടുപ്പിച്ചത് അറബിയല്ല, ആജന്മശത്രുവിന്റെ ഭാഷയെന്ന് ‘അറബ് രോഷം’ മുദ്രകുത്തിയ ഹീബ്രുവായിരുന്നു.
    ഇസ്രായേലി പൌരനും കവിതയില്‍ ഫലസ്തീനി റിബെലുമായി ജീവിച്ചപ്പോഴും കമ്മ്യൂണിസ്റ്റായി മോസ്കോയിലെത്തിയപ്പോഴും പി.എല്‍. ഒ.യില്‍ രാഷ്ട്രീയനേതൃത്വം കയ്യാളിയപ്പോഴും ഒടുവില്‍ അതില്‍നിന്ന് കവിതയിലെ ഏകാന്തതയിലേക്കു മാത്രമായി ഇറങ്ങിപ്പോയപ്പോഴുമെല്ലാം ദര്‍വിഷിന്റെ മൊഴിയില്‍ മാറ്റമില്ലാതെ തുടര്‍ന്ന രണ്ടു ധാരകളുണ്ട്. ഒന്ന് അറബിക്കും ജൂതനും കമ്മ്യൂണിസ്റ്റിനും ഇസ്ലാമിനും അതീതമായ മാനവികബോധം. മറ്റേത് നാടുകടത്തപ്പെട്ട ഫലസ്തീനി സ്വത്വബോധം. രണ്ടാമത്തേത് അദ്ദേഹത്തെ അതിപ്രശസ്തനാക്കി. ഒരു ജനതയുടെ ദേശീയസ്വത്വത്തെ നിര്‍ണ്ണയിക്കുകയും നിര്‍വ്വചിക്കുകയും ചെയ്യുകയെന്ന, പ്രായേണ നവോത്ഥാനകവികള്‍ക്കു മാത്രം വിധിക്കപ്പെട്ട ഭാഗധേയം ആധുനികകാലത്ത് കയ്യേല്‍ക്കേണ്ടിവന്ന ഭാഗ്യശാലിയോ ഹതഭാഗ്യനോ ആണ് മഹമ്മൂദ് ദര്‍വിഷ്.


  • ഫലസ്തീനികവിതയിലെ രണ്ടാംതലമുറയുടെ പ്രതിനിധിയായ സക്കറിയാ മുഹമ്മദിന്റെ ഒരു പ്രവാസക്കുറിപ്പില്‍ നിന്ന് ഒരു അറബി പഴങ്കഥ ഉദ്ധരിച്ചുചേര്‍ത്തുകൊണ്ട്, ദുഃഖത്തോടെ, സമകാലജീവിതത്തിന്റെ പരിണതികളില്‍ ഒരു പ്രതീക്ഷയുമില്ലാതെ ഈ ഓര്‍മ്മ അവസാനിപ്പിക്കട്ടെ- പ്രവാസിയായ ഒരറബി തന്റെ ജന്മനാട്ടില്‍നിന്നെത്തിയ പഴയൊരു ചങ്ങാതിയെ പതിറ്റാണ്ടുകള്‍ക്കു ശേഷം കണ്ടുമുട്ടുന്നു. അവരുടെ സംഭാഷണം ഇങ്ങനെ:
    എന്റെ ഒട്ടകം സുഖമായിരിക്കുന്നുവോ സുറൈഖ്?
    അതു ചത്തുപോയി
    എങ്ങനെ?
    ഉമൈറിന്റെ ഉമ്മിയുടെ ഖബറിലേക്ക് വെള്ളം ചുമന്നു ചുമന്ന്
    ഉമൈറിന്റെ ഉമ്മി മരിച്ചെന്നോ?
    ഉവ്വ് അവള്‍ മരിച്ചുപോയി
    എങ്ങനെ?
    നിന്റെ മകന്‍ ഉമൈറിനെ ഓര്‍ത്ത് കരഞ്ഞുകരഞ്ഞ്
    ഉമൈറും മരിച്ചുവോ?
    ഉവ്വ് അവനും മരിച്ചു
    എങ്ങനെ?
    വീടിന്റെ മേല്‍ക്കൂര അവന്റെ മേല്‍ ഇടിഞ്ഞുവീണ്

  • 45 comments:

    __faisal__ said...

    i go numb, beyond pain, when i think or read of palestine...you bring tears back into my eyes...

    Inji Pennu said...

    ഉറുമ്പ്

    പലസ്തീനെക്കുറിച്ച് വ്യത്യസ്തയുള്ള കുറിപ്പ്

    Pramod.KM said...

    ഉള്ളില്‍ കൊണ്ടു. അവസാനം കൊടുത്ത കവിത ശരിക്കും ഭയങ്കരം.

    thoufi | തൗഫി said...
    This comment has been removed by the author.
    thoufi | തൗഫി said...

    കേട്ടു മാത്രം പരിചയമുള്ള മഹമ്മൂദ് ദര്‍വിഷ് എന്ന കവിയെ കുറച്ചു കൂടെ അടുത്തുനിന്ന് പരിചയപ്പെടുത്തിയതിന് നന്ദി.

    പോസ്റ്റു ഉള്ളില്‍ തട്ടി,
    അവസാനം സൂചിപ്പിച്ച കവിത
    നൊമ്പരമായി ഉള്ളിലിപ്പോഴും..

    -- മിന്നാമിനുങ്ങ്

    വിഷ്ണു പ്രസാദ് said...

    സമയോചിതമായ ഈ കുറിപ്പ് ഖബറിലേക്ക് വെള്ളം ചുമക്കുന്നവരോട് കാണിക്കുന്ന ചെറുതായ ഒരു നീതിയെങ്കിലും നമ്മുടെ കുറ്റബോധങ്ങളെ,നിസ്സഹായതകളെ ആശ്വസിപ്പിക്കുന്നു.
    നന്ദി അന്‍‌വര്‍.

    നജൂസ്‌ said...

    നന്ദി.. ഈ അനുഭവം പങ്കുവെച്ചതിന്

    നസീര്‍ കടിക്കാട്‌ said...

    വായനയെ പൊള്ളിച്ചു...
    കവിത പോലെ
    ജീവിതം പോലെ

    ടി.പി.വിനോദ് said...

    മനുഷ്യപ്പറ്റിന്റെ എല്ലാ കോശങ്ങളെയും കുലുക്കിയുണര്‍ത്തുന്നു,ഇത്. നന്ദി..

    വല്യമ്മായി said...

    ഹൃദ്യം

    മനോജ് കുറൂര്‍ said...
    This comment has been removed by the author.
    മനോജ് കുറൂര്‍ said...

    അന്‍‌വര്‍, ഞാനിപ്പോഴും ദര്‍വീഷിന്റെ ആരാധകന്‍. ‘വിജയികളുടെ പാളയത്തിലായാലും (അല്ലെന്നു നമുക്കറിയാം) ഇരകള്‍ക്കുവേണ്ടി സംസാരിച്ചേനെ’ എന്ന വാചകത്തിലൂടെ കവിതയുടെ രാഷ്ട്രീയമെന്തെന്ന് ഒറ്റ വാചകത്തില്‍ പറഞ്ഞുതന്നവന്‍. താന്‍ പത്രാധിപരായ പ്രസിദ്ധീകരണത്തില്‍ ഇസ്രയേല്‍ കവികള്‍ക്കും ഇടം നല്‍കിയവന്‍. തന്റെ കവിതകള്‍ ഇസ്രയേല്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്താത്തതില്‍ ദു:ഖിച്ചവന്‍. പി. എല്‍. ഓ.യില്‍ പ്രവര്‍ത്തിക്കുമ്പോഴും പിഴച്ചെന്നു തോന്നിയപ്പോഴെല്ലാം അതുമായി കലഹിച്ചവന്‍.
    പക്ഷേ നീ കണ്ടുമുട്ടിയ പെണ്‍കുട്ടി... അവളിലൂടെ ദര്‍വീഷിന്റെ യുക്തികള്‍ പരാജയപ്പെടേണ്ടായിരുന്നു. മട്ടാഞ്ചേരിയില്‍നിന്നു പോയ ജൂതന്മാര്‍ കൊച്ചിയില്‍ തിരിച്ചെത്തിയപ്പോള്‍ അവര്‍ക്കുവേണ്ടി ഞാന്‍ ഒരു ക്ലാസ്സ് എടുത്തിരുന്നു. രണ്ടു നാടുകളുമില്ലാതെപോയ സാധാരണക്കാരായ അവരെയും അന്ന് അടുത്തറിഞ്ഞതാണ്. അവര്‍ക്കുവേണ്ടി യഹൂദ അമിച്ചായിയുടെ കവിത വായിക്കുകയും ചെയ്തു.ഒപ്പം‍ നേരിട്ടറിയില്ലെങ്കിലും ദര്‍വീഷിന്റെ കവിതയിലൂടെ, മാര്‍സല്‍ ഖലീഫെയുടെ സംഗീതത്തിലൂടെ പാലസ്തീനികളെയും. ഏതോ ഒരു സിനിമയില്‍, ടിക്കറ്റെടുത്ത് വിമാനത്തിലേറിയപ്പോള്‍ മാത്രം തനിക്കു ചെല്ലേണ്ടിയിരുന്ന രാജ്യം ഭൂമുഖത്തുനിന്നുതന്നെ ഇല്ലാതായ വിവരം അറിയുന്നയാളെയും ഓര്‍മ വരുന്നു. അന്‍‌വര്‍, നിന്റെ പാലസ്തീന്‍ അനുജത്തി പറയുന്നത് മനസ്സിലാകുന്നു. പക്ഷേ, മറ്റൊരു നാട്ടില്‍ മറ്റൊരു ജനതയുടെ ഭാഗമായിരുന്ന് ഇവര്‍ക്കൊക്കെവേണ്ടി ആധികൊള്ളാന്‍ കഴിയുന്നുവെങ്കില്‍,കവിതയുടെ ബുദ്ധികുറഞ്ഞ യുക്തിയില്‍ സംസാരിക്കാന്‍ നമുക്കൊക്കെ ചിലപ്പോഴെങ്കിലും കഴിയുന്നുവെങ്കില്‍‍,... ആ പെണ്‍കുട്ടി ജീവിതംകൊണ്ട് ദര്‍വീഷിന്റെ കവിതയെ തോല്പിക്കാതിരിക്കട്ടെ. യുദ്ധടാങ്കുകള്‍ക്ക് കീഴ്പ്പെടുത്താനാവാത്ത ആത്മാവിന്റെ ആ പ്രദേശം സംരക്ഷിക്കപ്പെടട്ടെ.

    രാജ് said...

    ചില വായനകള്‍ക്കു ശേഷം അവധിയെടുക്കുവാന്‍ തോന്നും. മറ്റൊരു വായനയും അലോസരപ്പെടുത്താതിരിക്കട്ടെയെന്നാവും. വായിച്ച വരികള്‍ ഊതിയൂതി കനലെരിക്കുവാന്‍ . ദര്‍‌വീഷ് പൊള്ളുന്ന ഉണ്മയാണ്‌. വായിക്കുമ്പോഴെല്ലാം. ഈ കുറിപ്പും അതുപോലെയായി.

    Sanal Kumar Sasidharan said...

    ഖബറിലേക്ക് വെള്ളം ചുമന്നു ചുമന്നു മരിക്കുന്ന ഒട്ടകങ്ങൾക്ക് മനുഷ്യരൂപം.വിലാപങ്ങളുടെ പാലസ്തീനെക്കുറിച്ച് വിലാപം പോലുള്ള കുറിപ്പ്.സത്യസന്ധമായി വേദനിക്കുന്നുവെങ്കിൽ ആ വേദന മറ്റൊരാളിലേക്ക് പകരാൻ കവിതയുടെയൊ കഥയുടേയോപോലും ക്രാഫ്റ്റ് വേണ്ട.

    പകല്‍കിനാവന്‍ | daYdreaMer said...

    മനസ്സു നീറുന്നു... അവസാനം വരികള്‍ക്കിടയില്‍ .....

    ambili said...

    ഗാസ യെ കുറിചു ദര്‍വിഷിനു വേവലതിപ്പെടേണ്ടാ
    പക്ഷെ അസ്മ എന്ന അനുജത്തി എന്തു ചെയ്യും?

    Mahi said...

    സ്നേഹത്തിന്റെ വെളിച്ചത്തില്‍ മാത്രം വായിക്കാന്‍ കഴിയുന്ന ഒരാത്മസ്പര്‍ശം

    zakirNadvi said...

    I pray for falastene ...

    I pray for hamas...

    I pray for those who struggle for falastene liberation...

    zakir

    urumbu (അന്‍വര്‍ അലി) said...

    പ്രിയ സക്കീര്‍ നദ്വി,
    താങ്കള്‍ എന്തിനാണ് ‘ഹമാസി‘നു വേണ്ടി പ്രാര്‍ത്ഥിക്കുന്നതെന്ന് എനിക്കു മനസ്സിലാകുന്നില്ല.
    എന്റെ കുറിപ്പു വായിച്ചതിന്റെ കൂടി ഫലമാണ് എങ്കില്‍ ഞാന്‍ അതില്‍ ദുഃഖിക്കുന്നു.

    വികടശിരോമണി said...

    എനിക്കൊന്നും പറയാനാവുന്നില്ല.താങ്കളുടെ കുറിപ്പും ആ അനുജത്തിയും പൊറുക്കാം,പക്ഷേ അവസാനത്തെ ആ കവിത...എന്നെ മൌനത്തിലാഴ്ത്തുന്നു.
    എന്നും ദർവീഷിന്റെ കവിതകൾക്കു മുന്നിൽ തരിച്ചുനിന്ന അതേ മൌനം.

    മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

    അന്‍‌വര്‍ നല്ല അവതരണം,ഹൃദയസ്പര്‍ശി!
    ദര്‍വിഷിനെ മുന്‍പ് വായിച്ചിരുന്നു.ഈ എഴുത്ത് വ്യത്യസ്ഥമായി അദ്ദേഹത്തെ അറിയാന്‍ കഴിഞ്ഞു!നന്ദി.

    ശ്രീ said...

    നന്നായിരിയ്ക്കുന്നു, മാഷേ. അവസാനത്തെ വരികള്‍ പ്രത്യേകിച്ചും...

    ബഷീർ said...

    ഏറെ വിയോജിപ്പുണ്ടെങ്കിലും പ്രത്യേകിച്ച്‌

    (ഹമാസ്‌.. നിരീക്ഷണം..ഹമാസ്‌ കാരണമാണു ഫലസ്തീനികള്‍ കൊല്ലപ്പെടുന്നതെന്ന സാമ്രാജ്യത്വ പ്രൊപഗാന്റ ഇവിടെ കോപ്പി ചെയ്യപ്പെട്ടിരിക്കുന്നു
    )

    വിത്യസ്ഥാമായ ഒരു വായനാനുഭവം.. നന്ദി.

    ബഷീർ said...
    This comment has been removed by the author.
    urumbu (അന്‍വര്‍ അലി) said...

    ബഷീര്‍ വെള്ളറക്കാട് എന്ന സുഹൃത്ത് വായിച്ചറിയാന്‍--

    ഹമാസ് കാരണമാണ് ഫലസ്തീനികള്‍ കൊല്ലപ്പെടുന്നതെന്ന് ഞാന്‍ അഭിപ്രായപ്പെട്ടിട്ടില്ല. ലേഖനത്തില്‍ ഉദ്ധരിച്ച വരികള്‍ ( ഇപ്പോള്‍ തലയ്ക്കുമീതെ ഇസ്രായേല്‍ പടയുടെ ബോംബറുകള്‍, താഴെ ഹമാസിന്റെ ഭ്രാന്തന്‍ തോക്കുകള്‍.... ഞങ്ങളെ ആര്‍ക്കും വേണ്ട; ഞങ്ങള്‍ക്ക് മറ്റുള്ളവരെയും." ) എന്റേതോ ഏതെങ്കിലും സാമ്രാജ്യത്വ പ്രചാരകരുടെയോ അല്ല. ഗാസയില്‍, മകനും മുത്തച്ഛനും ഉള്‍പ്പെടെ 12ഓളം വരുന്ന തന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം അഭയാര്‍ത്ഥിയായി ജീവിക്കുന്ന ഒരു പെണ്‍കുട്ടി 2007 ജൂണ്‍ മാസത്തില്‍ എന്നോട് പറഞ്ഞതാണ് . 2007 ജൂണ്‍ മുതലുള്ള 'ഹമാസ് ജനാധിപത്യ' കാലത്ത് ഗാസയിലെ ജനങ്ങള്‍ സ്വയം ശപിക്കുന്നത് അസ്മയിലൂടെ ഒരുപാട് കേട്ടു മരവിച്ചുപോയിട്ടുണ്ട് സുഹൃത്തേ. അതൊന്നും ആ കുറിപ്പിലില്ല.

    മാത്രമല്ല, ഗാസായുദ്ധത്തിനു മുമ്പ് എഴുതിയതാണ്. അതെഴുതുമ്പോഴെന്നപോലെ ഇന്നും ഞാന്‍ ഹമാസിനെ, സയണിസ്റ്റുകളെയോ താലിബാനിസം, മാവോയിസം, ഹിന്ദുത്വം എന്നിവ പോലുള്ള ഏതെങ്കിലും മത/ മതേതര പ്രത്യയശാസ്ത്ര അതിവാദത്തിന്റെ വക്താക്കളെയോ അപേക്ഷിച്ച് ഭേദപ്പെട്ട ഒന്നായി കരുതുന്നില്ല.

    ബഷീർ said...

    ഞാന്‍ ഹമാസിന്റെ വക്താവല്ല. ഫത്തയുടെയും. എങ്കിലും പിറന്ന നാടിനെ അധിനിവേഷത്തിന്റെ കരങ്ങളില്‍ നിന്ന് മോചിപ്പിക്കാന്‍ അവര്‍ നടത്തുന്ന സമരങ്ങളെ , ചെറുത്തു നില്‍പ്പുകളെ തീവ്രവാദമായി എണ്ണാന്‍ ആവില്ല . കാരണം എനിക്ക്‌ സാമ്രാജ്യത്വത്തിന്റെയോ അവര്‍ക്ക്‌ ഓശാന പാടുന്നവരുടെയോ കണ്ണടകളില്ല. പിന്നെ നമ്മുടെ നാടിനെ സാമ്രാജ്യത്വത്തില്‍ നിന്ന് മോചിപ്പിക്കാന്‍ പടപൊരുതി വീര ചരാം പ്രാപിച്ചവരെയും ഭീകരാരായി തന്നെ യാണിവര്‍ എന്നല്ല നമ്മുക്കിടയില്‍ തന്നെ സാമ്രാജ്യത്വത്തിന്റെ വിടുപണിക്കാര്‍ അന്നും ആക്ഷേപിച്ചിരുന്നത്‌.

    ഒരു ജനതയെ ഉന്മൂലനം ചെയ്യുന്ന ഇസ്ര ഈ ല്‍ ഭീകരത കാണാന്‍ കണ്ണുകളില്ലാതെ പോവുന്ന വര്‍ ഹമാസിന്റെ തോക്കിന്റെ (പൊട്ടുന്നത്‌ എത്രയെന്ന് അറിയില്ല) ഭീകരത യില്‍ നടുങ്ങുന്നത്‌ വിരോധാഭാസം തന്നെ.

    ഒരു നുണ നൂറു വട്ടം ആവര്‍ത്തിച്ച്‌ സത്യമാക്കുന്ന ഗീബല്‍സിയന്‍ തിയറി തന്നെ ഇവിടെയും ഞാന്‍ കാണുന്നു. കൂടുതല്‍ ഒന്നും പറയാനില്ല.

    മനോജ് കുറൂര്‍ said...

    ജീവിതത്തിലൂടെ നേരിട്ടറിയാനായില്ലെങ്കില്‍പ്പോലും ഈ പ്രശ്നത്തെക്കുറിച്ചു പഠിക്കാനും ആവിഷ്ക്കാരങ്ങളിലൂടെ മാത്രം അനുഭവിക്കാനും കഴിഞ്ഞ ഒരാളെന്ന നിലയില്‍ എന്റെ കമന്റിന് പരിമിതികളുണ്ടാവാം. എങ്കിലും അമ്പിളിയുടെ കുറിപ്പിനെപ്പറ്റി പറയട്ടെ: ദര്‍വീഷിനു വേവലാതിപ്പെടാതിരിക്കാനാവുന്നത് അദ്ദേഹം മരിച്ചുപോയതുകൊണ്ടു മാത്രമാവാം. ഓസ്ലോ ഉടമ്പടിയില്‍ പ്രതിഷേധിച്ചാണല്ലൊ ദര്‍വീഷ് പി. എല്‍. ഓ. യില്‍നിന്നു രാജിവച്ചത്. ആ ഉടമ്പടിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെതന്നെ നിരീക്ഷണം പകര്‍ത്തട്ടെ "there was no clear link between the interim period and the final status, and no clear commitment to withdraw from the occupied territories. I felt Oslo would pave the way for escalation. I hoped I was wrong. I'm very sad that I was right." ഇതിനു സമ്മതിച്ച പി. എല്‍. ഓ. നിലപാടുതന്നെയല്ലേ അസ്മമാരുടെ അവസ്ഥയ്ക്കു കാരണം? ദര്‍വീഷ് അസ്മയോടു വിയോജിച്ചേക്കാവുന്നത് ജൂതന്മാരുടേതായതുകൊണ്ടു മാത്രം അവരുടെ സാഹിത്യം വായിക്കാതിരിക്കുന്നതുപോലെയുള്ള തീവ്രനിലപാടുകളില്‍‍ മാത്രമാവാം. അതിന് അസ്മയേയും കുറ്റപ്പെടുത്താനാവില്ല. ജീവിതമല്ലേ ഓരോന്നും? അസ്മ എന്ന അനുജത്തി എന്തുചെയ്യുമെന്നുതന്നെയാണു പ്രശ്നം.

    ബഷീര്‍ വെള്ളറക്കാടിന്റെ കുറിപ്പിനെപ്പറ്റി: ഇസ്രയേല്‍ ഭരണകൂടഭീകരത ആരും കാണാതിരിക്കുന്നില്ല- താങ്കള്‍ പറഞ്ഞ സാമ്രാജ്യത്വവാദികളൊഴികെ. ഗാസയില്‍നിന്ന് ഇസ്രയേല്‍ പിന്മാറണമെന്ന ഹമാസിന്റെ നിലപാടു ശരിയും‍ സ്വാഭാവികവുമാണ്. അപ്പോഴും കര്‍ക്കശസംഘടനകള്‍ പലപ്പോഴും ആര്‍ക്കുവേണ്ടി വാദിക്കുന്നുവോ അവരെത്തന്നെ ഇരകളാക്കുന്ന അവസ്ഥയും കാണാതിരിക്കാനാവില്ല. അന്‍‌വറിന്റെ കുറിപ്പിലുള്ള അസ്മയുടെ ജീവിതം അതല്ലേ സൂചിപ്പിക്കുന്നത്? അ‍തില്‍ ഇപ്പറഞ്ഞ സാമ്രാജ്യത്വപക്ഷപാതമൊന്നും കാണാന്‍ കഴിഞ്ഞില്ല. ജീവിതംകൊണ്ടുള്ള സ്നേഹം മാത്രമല്ലേ അത്?

    വികടശിരോമണി said...

    ബഷീർ,
    ഭരണകൂടഭീകരതയെ തരിമ്പും ന്യായീകരിക്കുന്നില്ല.പക്ഷേ ഈ പോസ്റ്റിലോ,തുടർന്നുള്ള ബ്ലോഗറുടെ കമന്റുകളിലോ സാമ്രാജ്യത്വപക്ഷപാതം എനിക്കു കാണാനാവുന്നില്ല.അതെവിടെയാണെന്ന് പറഞ്ഞാൽ ഉപകാരമായിരുന്നു.

    മാണിക്യം said...

    മഹമ്മൂദ് ദര്‍വിഷ് എന്ന കവിയെ
    നന്നായി വരച്ചുകാട്ടി..
    ‘“ഞങ്ങള്‍ ജൂതന്മാരുടെ സാഹിത്യം വായിക്കാറില്ല”’ അക്ഷരങ്ങള്‍ക്ക് ജാതിയുടെയും മതത്തിന്റെയും വരമ്പോ ? അതു സങ്കടമായി...

    ഒരു രാജ്യത്തെ ജനങ്ങള്‍ വെടിയൊച്ച കേട്ട് ഉണരുക എന്നത് എത്ര ഭീകരമാണ്?
    ചിന്തകള്‍ക്ക് മേല്‍ വീടിന്റെ മേല്‍ക്കൂര ഇടിഞ്ഞുവീഴുന്നു...

    ആദരവോടെ ...

    കാവിലന്‍ said...

    വളരെ മികച്ച ഒരു പോസ്റ്റ്‌, കൂടുതല്‍ തരിക

    mumsy-മുംസി said...

    ബഷീര്‍ വെള്ളറക്കാട് എന്ന സുഹൃത്തിനോട്.'എനിക്കും  ഈ കുറിപ്പില്‍ സാമ്രാജ്യത്വ പ്രൊപഗാന്റ'കളും ഗീബല്‍സിയന്‍ തന്ത്രങ്ങളും കാണാന്‍ കഴിഞ്ഞില്ല. ഇസ്ലാം കാര്യങ്ങളുടേയും ഈമാന്‍ കാര്യങ്ങളുടേയും ഇടയില്‍ 'ജൂത വിരോധം' കൂടി എഴുതി വെക്കുന്നതിലും അപകടമാണ്‌ ഇത്തരം നല്ല ചിന്തകളോടുള്ള അസഹിഷ്ണുതയും . 'അറബിക്കും ജൂതനും കമ്മ്യൂണിസ്റ്റിനും ഇസ്ലാമിനും അതീതമായ മാനവികബോധം' നാം അത്തരം ചിന്തകളിലാണ്‌ ഊന്നേണ്ടത്.നല്ല കുറിപ്പ് അന്‍വര്‍ സര്‍...നന്ദി . വീണ്ടും ഇതു പോലെ ഉണ്‍മയുള്ളവ എഴുതുക.

    അനില്‍ വേങ്കോട്‌ said...

    അലി...അസാധാരണമായ നിന്റെ രാഷ്ട്രീയ തെളിച്ചത്തിൽ ഞാൻ നിന്റെ കൂട്ടുകരനാകുന്നു.
    ദർവിഷ് നഷ്ടപ്പെട്ട നമ്മുടെ അണ്ണൻ

    Stanly said...

    എല്ലാവരും ചേര്‍ന്ന് പരജയപ്പെടുത്തിയ ഒരു ജനതയുടെ കനത്ത നിശബ്ദതയെക്കുറിച്ാണ്‌ ദാര്‍വീഷ്‌ കവിതകളെഴൂതീയത്. ഒരിക്കലും പങ്കു വച്ചെടുക്കാന്‍ പറ്റാത്ത ആ വേദനായെക്കുറിച്ചെഴുതിയതിനു നന്ദി.

    Let me add a few more things. I wont say that every bit of Hamas criticism is part of the imperial propoganda. Hamas is an Islamist fundamentalist group that rules the Gaza strip with its tight fist. But at the same time, whome the Palestinians support? The Fatah collaborators, who betrayed their own people for decades? Who played everything into the hands of the Islamists in the region? The US, Israel and their collaborators, right? Who radicalised the Palestinian arabs? I think before we draw parallels between the Hamas and the occupier, we shd think twice or more given the betrayed history of the Palestinians. Morover, comparing Hamas and its ideology with Talibanism is nothing more than symplification of history. There's a world of difference between the Taliban butchers, who want to kill all humanists around the world and the Hamas, which is leading a legitimate resistance against the Empire and the occupier.

    urumbu (അന്‍വര്‍ അലി) said...

    സ്റ്റാന്‍ലീ,
    താങ്കളുടെ പ്രതികരണത്തിനു നന്ദി. താലിബാനുമായി ഹമാസിനെയെന്നല്ല, ഞാന്‍ ഉദാഹരണമായി സൂചിപ്പിച്ച ‘അതിവാദ’ പ്രസ്ഥാനങ്ങളില്‍ ഒന്നിനെയും താരതമ്യപ്പെടുത്താനാവില്ല.അത്തരം താരതമ്യം ലളിതവല്‍ക്കരണവും അതിലേറെ ചരിത്രവിരുദ്ധവും തന്നെ. സംഘടിത പ്രസ്ഥാനരൂപങ്ങളെ രാഷ്ട്രീയചരിത്രത്തിന്റെ അടിസ്ഥാനത്തില്‍ താരതമ്യപ്പെടുത്തുകയായിരുന്നില്ല ഞാന്‍, ബഷീറിനുള്ള എന്റെ പ്രതികരണത്തില്‍. പ്രത്യയശാസ്ത്ര അതിവാദം എന്നു ഞാന്‍ കരുതുന്ന എല്ലാറ്റിനോടുമുള്ള ഒരേ അകലം വ്യക്തമാക്കുകയായിരുന്നു.
    ‘Who radicalised the Palestinian arabs?’ എന്ന ചോദ്യം തന്നെയാണ് വിവേകമുള്ള ഏതൊരു ആധുനിക പൌരബോധത്തെയും അലടുന്നത്;അലട്ടേണ്ടതും. പക്ഷേ, എല്ലാ രാഷ്ട്രാന്തരീയ സ്ഥാപിതതാല്‍പ്പര്യങ്ങളും ചേര്‍ന്ന് എന്നേ ഇസ്ലാമികവത്ക്കരിച്ചു കഴിഞ്ഞു ഫലസ്തീന്‍ അറബിയെ. അവരെ അവര്‍ തന്നെ ഖബറടക്കട്ടെ (The dead will bury the dead).

    Junaith Rahman | ജുനൈദ് said...

    Anver,
    The dead may bury the dead. But who will answer this collective punishment? May be the dead are fortunate. They will not burn again by the tears of Asma, they will not suffer indide their graves by the sound of the rattling guns. Still, why all the eyes are closed even Collective punishment is forbidden by Article 75 of Protocol I to the Geneva Conventions. As four U.S. Supreme Court justices agreed in Hamdan v. Rumsfeld last week, Article 75 is "indisputably part of the customary international law." For this touching account, hats off...

    urumbu (അന്‍വര്‍ അലി) said...

    ഉദ്ധരിണികള്‍ ക്രൂരവും കവിതയുമാവുന്നതിന് നമ്മള്‍ ഒറ്റയ്ക്കൊറ്റയ്ക്കും ഒന്നിച്ചും മനുഷ്യചരിത്രത്തില്‍ ഉത്തരവാദികളാണ്, ജുനൈദ്.
    മറ്റൊന്ന്... കേരളത്തില്‍ നിന്ന് ഗാസയെക്കാള്‍ എത്ര ദൂരെയാണ് ജാഫ്ന....

    Stanly said...

    Anwar sir,

    Ideally i would agree that the Palestinians need or should have had a secular democratic movement. Is there any magic bullet for secularism and democracy? We are talking abt a region where religion and religious culture define everything. On the other side, Israel has a history of six decades of expelling more and more Arabs from their territories. When Ben Gurion, Israel's first PM, was asked by a general in 1948 that "what shall we do with the Arabs", he replied at once: "Expel them". This has been Israel's agenda ever since. How many wars, how many peace talks..how many refugees. Whatelse we could have expected from the Palestinians? Hamas may be right or wrong. But I doubt whether they can bury their radical selves as long as they live under occupation.

    Ra Sh said...

    to anwar and others: a doubt has been nagging my mind. why is it that the palestine issue remains in the hearts of our poets with the seriousness that it deserves, while an issue like the tamil eelam, nearer to us geographically and culturally, does not touch their hearts at all? After all, eelam has its own share of martyrs, suicide bombers, extended history of supression of a people, expression of a separate nationhood, tamil writers, poets etc etc. Is it because only globalised emotions affect us easily - even human suffering? A student named Muthukumar recently immolated himself in Chennai for the eelam cause. I have not seen a single piece of writing on that. We, who express our solidarity with palestinians - do we not feel the same with our brethren tamils?

    This is not to take the power of Anwar's writing away from this exquisite piece. Just a doubt.

    Ammu said...

    Israyel palasthene vishayathe kurichu vanna manassil koluthivalikal undakkiya oru kurippu.shariyaya sahanathinte udamasthare orkkan,onninum aavathe,tharichiruthunnu ee ormakal.Bhashayile shanthathayum bhangiyum ethine onnu koodi priyappetta thakkunnu.
    ethu kroorathayeum/akramatheyum samrajyatha cheruthu nilppayi kanan kazhiyathu ente kuzhappamano ennu ninachirikkubol ethu vayikkanayathu nannayi.
    asmailue paranju thudangiyathu parachilinte/ezhuthinte urappu vallathe kootti.
    thanks,veritta oru kazhchaykku..alla yathartha kazhchaykku..

    Mammootty Kattayad said...

    ഷമിക്കണം
    നിങ്ങളുടെ ബ്ലോഗ്‌ വായിക്കാൻ വൈകിപ്പോയി.
    ഒരെളിയ അപേക്ഷ.
    നിങ്ങൾ എന്റെ ബ്ലോഗ്‌ സന്ദർശിക്കണം.
    ഞാൻ അറബി അറിയുന്ന ദർവീശ്‌ പ്രേമിയാണ്‌. നിങ്ങളെപ്പോലെ ഞാനും അദ്ദേഹത്തെ സ്നേഹിക്കുന്നു.
    http://podikkat.blogspot.com
    എന്ന്
    മമ്മൂട്ടി കട്ടയാട്‌.

    സിന്ധു മേനോന്‍ said...

    ormakal kannu nanayikkunnu

    Akbarali Charankav said...

    നിങ്ങളുടെ ബ്ലോഗ്‌ വായിക്കാന്‍ വൈകിയവരില്‍ ഉള്‍പ്പെട്ട ഒരാളാണ്‌ ഞാന്‍. എന്തായാലും താങ്കള്‍ ഭാഗ്യവാനാണ്‌. ആ വലിയ കവിയെ കാണാനും, സംസാരിക്കാനും കഴിഞ്ഞല്ലോ......

    അക്‌ബറലി ചാരങ്കാവ്‌

    Unknown said...

    ദര്‍വീഷിനെ അറിയുന്നു ഇതിലുടെ .നന്ദി മാഷേ ..കൂടുതല്‍ അറിയാന്‍ ശ്രമിക്കട്ടെ

    Arif Zain said...

    ദര്‍വീഷിനെ അറബിയില്‍ തന്നെ വായിക്കുന്ന ഞാന്‍ ഇത്ര ഹൃദ്യമായ ഒരു ലേഖനം മുന്‍പ്‌ വായിച്ചിട്ടില്ല. മനോഹരം എന്ന് പറയാതെ വയ്യ.

    K M Sherrif said...

    നല്ല കുറിപ്പുകള്‍. താഴെ കൊടുക്കുന്നത് പോലുള്ള (ഇപ്പോള്‍ ഫാഷന്‍ ആയ ) സാമാന്യവല്കരണങ്ങള്‍ ആവശ്യമോ എന്നാ സംശയം മാത്രം ബാക്കിയാകുന്നു:

    കെടുകേരളത്തിന്റെ ഉള്‍നാടുകള്‍ വരെ പടര്‍ന്നുകഴിഞ്ഞ പാന്‍ ഇസ്ലാമിക അതിവാദങ്ങള്‍ക്കോ ആര്യ-ബൌദ്ധ-ഗോത്ര-വംശവാദികള്‍ക്കോ ഇടതും വലതുമായ സാമ്രാജ്യത്വ പ്രത്യയശാസ്ത്രങ്ങള്‍ക്കോ പുതുകമ്പോളവ്യവസ്ഥയുടെ നിയാമകങ്ങള്‍ക്കോ ഇന്നോളം വെളിച്ചപ്പെടാത്തത്.