Saturday, September 20, 2008

പവര്‍കട്ട്

വരാന്ത വരാന്തയിലിരിക്കുന്നു
ഇരുട്ടിന്റെ കവുങ്ങ് മടിയില്‍കേറിയിരിക്കുന്നു
കൂട്ടുകാരി അതില്‍നിന്നൊരു കുത്തുപാള തെറുക്കുന്നു
അടര്‍ന്നുവീണ കിഴട്ടുപാളയില്‍
കുട്ടികള്‍ വഞ്ചിതുഴയുന്നു

ഓര്‍മ്മ
വരുന്നു, വല്യുപ്പയായി
സൈക്കിളില്‍ നിറയെ അടയ്ക്കയുമായി

കവുങ്ങുമ്മൂട്ടില്‍
പഴയ സ്പെയര്‍പാര്‍ട്ടുകള്‍ തിളക്കിവില്‍ക്കുന്ന ഒരു കട
സുജൂദിലിരുന്ന് പാതാളം ചൂണ്ടി
തുരുമ്പുരുവിടുന്നു

ഞങ്ങളെ തീറ്റി നീറ്റി കെട്ടുപോയ ഒരു വിറകടുക്കള
കാറ്റുവീണ മണ്ടയില്‍ പുകവിരിച്ചിരുന്ന്
മക്കള്‍ക്കുള്ള 'ദുഅ'കള്‍ മുറുക്കിത്തുപ്പുന്നു

എവിടെ എന്റെ മക്കള്‍ ?
ബലതന്ത്രനിയമങ്ങളില്ലാത്ത
ആനിമേഷനുകള്‍ ?
അവരുടെ വല്ല്യുപ്പുപ്പ
നട്ടും ബോള്‍ട്ടുമിട്ടു മുറുക്കിയ കെസ്സുതാരാട്ട്
അഴിച്ചുപിരുത്ത്
മുറ്റത്തെ പനിക്കൊതുകുകള്‍ക്ക് ശ്രുതിചേര്‍ക്കുന്ന
മറൂള*കള്‍ ?

(ഇരുട്ട്
എല്ലാതാരാട്ടുകളുടെയും അവസാനമെന്ന്
വരാന്തകള്‍ക്കറിയാം;
എല്ലാ ഇരുട്ടത്തിരുപ്പുകള്‍ക്കും
പകല്‍ പോലെ അറിയാവുന്ന വാസ്തവം)

ദേ, കറന്റ് വന്നു

തെളിയുന്നു,
അവള്‍ അടിച്ചുവാരിയും കഴുകിയും കാത്ത
വെളിച്ചം
എന്റെയും അവളുടെയും ഉമ്മമാര്‍
ഉമ്മുമ്മമാര്‍ വല്യുമ്മുമ്മമാര്‍
ഇരുട്ടുമെഴുകി വെടിപ്പാക്കിയ
അതേ വെളിച്ചം

അതിന്റെ മടിയില്‍
മകളായ് ചിതറിയ ചിരി ഛര്‍ദ്ദി
മകനുപേക്ഷിച്ച
'ബാറ്റ്മാ'**ന്റെ ഒടിഞ്ഞ ഒരു ചിറക്...

വരാന്ത എഴുന്നേല്‍ക്കുന്നു
വീട്ടിലേക്കോ പുറത്തേക്കോ?

-------------------

കുറിപ്പുകള്‍:
* മറുപിള്ള
** വവ്വാലിന്റെ രൂപഛായയുള്ള ഒരു കാര്‍ട്ടൂണ്‍ അതിമാനുഷന്‍

Tuesday, March 11, 2008

സന്‍ബിന്‍






'യോ' ബാറിലെ വിളമ്പുകാരി

ക്ഷീണിച്ച ചിരിയും സൊറയും
ബിയറും ചാലിച്ച
കോക്ടെയില്‍
ഇരുട്ടുടയാടയില്‍ ‍ഒട്ടിച്ചേര്‍ന്ന
മഞ്ഞ നിലാവുടല്‍

അര്‍ദ്ധരാത്രികൊണ്ട്
എന്റെ നോട്ട്പാഡില്‍ നിറയെ
സ്നേഹം വരച്ചുവച്ച ദേജോണ്‍സങ്കടം1

"മിസ്റ്റര്‍ അലി ആന്റ് സന്‍ ബിന്‍ ഫ്രണ്ട്സ്
ക്വെഞ്ചൊനൊയൊ?"2

"ക്വെഞ്ചൊനൊയൊ"

രാത്രി മൂന്നുമണി-
കോക്ടെയിലിനുള്ളില്‍ നിന്ന്
തന്നെ അരിച്ചെടുത്ത്,
ഇരുട്ടുടയാടയ്ക്കുമേല്‍,
അടുത്ത കൊല്ലം
ഫാഷന്‍ഡിസൈനിങ്ങ് കോഴ്സിനു ചേരുന്ന
ഒരു സന്‍ബിന്‍സ്വപ്നം ചുറ്റി
തണുപ്പത്ത്
ചൊന്‍ മിന്‍ ദോങ്ങിലെ ബാറില്‍ നിന്ന്
ഡൌണ്‍ ടൌണിലെ
അപ്പയും ഒമ്മയും ഉറങ്ങിയ അപ്പാര്‍ട്ട്മെന്റിലേക്ക്
ഒരു മണിക്കൂര്‍ നടത്തം

"ഐ ലോണ്‍ലീ.... അലി ലോണ്‍ലീ?"

നാലുമണി-
ടിഷ്യു കടലാസില്‍ അവള്‍ വെറുതേ തെറുത്ത
'മുകുംഹ്വാ'ഇതളുകളെ,3
വരുംകൊല്ലം
ഏതോ കൂട്ടുകാരന്റെ രാവുടലില്‍
കൊലുന്നു സന്‍ബിന്‍വിരലുകള്‍ വിരിഞ്ഞുതുടുക്കുന്ന
ഒരു സ്വപ്നം ചാറി നനച്ച്,
പുലരിമേഘങ്ങളോടൊപ്പം
എനിക്കു മടക്കം;
കുഞ്ഞുങ്ങളും കട്ടിലും കൂട്ടുകാരിയും
വെള്ളത്തിനടിയിലായ
കേരളത്തിലെ മണ്‍സൂണ്‍ വീ‍ട്ടിലേക്ക്

"സന്‍ ബിന്‍ ലോണ്‍ലീ... നോ ബോയ് ഫ്രണ്ട്""
"ബട്ട് സന്‍ ബിന്‍ എപ്പൊയൊ4... വില്‍ ഗെറ്റ് എ ബോയ്ഫ്രണ്ട്
ഷുവര്‍"

അപ്പയും ഒമ്മയും ഉറങ്ങിയ അപ്പാര്‍ട്ട്മെന്റില്‍
ഇരുട്ടുടയാട അഴിഞ്ഞുവീണു
സമതലമഞ്ഞകള്‍ക്കുമേല്‍
ചുവന്ന സാന്‍മുലക്കണ്ണുകള്‍
ദേജോണ്‍ശരദൃതു...5

നോട്ട്പാഡില്‍ ഞങ്ങളുടെ ഉറുമ്പുകള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു-

"സന്‍ ബിന്‍, നിന്റെ ശരത്കാലം എന്നാണവസാനിക്കുക?"

"അലീ, നിന്റെ മണ്‍സൂണ്‍വീട്ടില്‍ വെള്ളമിറങ്ങി
മാനം തെളിയുമ്പോള്‍"

"സന്‍ ബിന്‍, അപ്പോള്‍ എന്റെ മക്കള്‍ക്ക്
നീ ഡിസൈന്‍ ചെയ്ത വെയിലുടുപ്പുകള്‍ അയച്ചുതരുമോ?"

"ഉം, നിന്റെ പെണ്ണിന്
എന്റെ ചുവന്ന മുലക്കണ്ണുകളും അയച്ചുതരാം
ക്വെഞ്ചൊനൊയൊ?"

"ക്വെഞ്ചൊനൊയൊ"
*
കുറിപ്പുകള്‍:
1) ദേജോണ്‍: കൊറിയയിലെ പഴക്കമേറിയ പട്ടണങ്ങളിലൊന്ന്.
2)കൊറിയന്‍ഭാഷയില്‍ Is it ok? എന്നും It's ok എന്നും.
3) കൊറിയയില്‍ വ്യാപകമായി കണ്ടുവരുന്ന ഒരു പലനിറപ്പൂവ്. നമ്മുടെ ചെമ്പരത്തികള്‍ പോലെ.
4)'സന്‍ ബിന്‍ സുന്ദരിയാണ്.'
5) ശരത്കാലത്ത് കൊറിയയിലെ മലമുടികള്‍ (സാനുകള്‍) ചുവക്കും. താഴ്വരച്ചെടികളും സമതലവയലുകളും‍ മഞ്ഞനിറമാകും

നവകേരളഗാനം

പാട്ടുവിമാനം തകര്‍ന്നുവീഴുമ്പൊഴീ
പൈലറ്റുമാരെന്തുചെയ്യും?
ഓഎന്‍ വീസാറിന്റൊടുക്കത്തെത്തീവണ്ടീ-
ലോടിക്കയറിയിരിക്കും

വാക്കുസര്‍ക്കസ്സിന്റെ ടെന്റഴിയുമ്പൊഴീ
ജോക്കറന്മാരെന്തുചെയ്യും?
ഡോക്ടറയ്യപ്പപ്പണിക്കരെപ്പോലെ
ചിരിച്ചുചിരിച്ചങ്ങഴിയും

Thursday, September 13, 2007

യിന്‍- യാങ്1



ഹാന്‍നദി2 ഒരു തറി
നീരൊഴുക്കിന്റെ യിന്‍; അതില്‍
‍അനേകായിരം രാവിളക്കുകളില്‍ നിന്നു കുതിക്കുന്ന
യാങ്നൂലുകളുടെ പാവ്

ഹാന്‍
ഒരു നെയ്ത്തുകാലത്തിന്റെ ഓര്‍മ്മ-
യിന്‍-യാങ്
യിന്‍-യാങ്
തറിയില്‍ ഒരുവള്‍ നിര്‍ത്താതെ പാടിയിരുന്നു

അവളുടെ രാവഞ്ചികള്‍ മീട്ടിയ യിന്നില്‍
‍ഇഴയിട്ട്, നക്ഷത്രമത്സ്യങ്ങളുടെ യാങ്

*

കൊയ്ത്തുകാലം വന്നു; ചോരയുടെ കാലം3
യിന്‍-യാങ് നിലവിളിയും കൊലവിളിയുമായി

കീറിപ്പറിഞ്ഞ സോവ്ള്‍ വാരിയുടുത്ത്
മുടികരിഞ്ഞ സാനുകളെ4 വാരിയെടുത്ത്
അവള്‍ മഞ്ഞക്കടലിലേക്ക് അലറി

ആരും കണ്ടിട്ടില്ല പിന്നീടവളെ

(ഒരു പടുകൂറ്റന്‍ അപ്പാര്‍ട്മെന്റില്‍
‍അടക്കിപ്പിടിച്ച തന്റെ ശ്വാസം മാത്രം ശ്വസിച്ച്
വെള്ളിക്കിഴങ്ങിന്റെ വേരുപോലുള്ള നരയുമായി
‍മകന്റെ ഫ്ലാറ്റിലെ കുടുസ്സുമുറിയിലുണ്ടെന്ന് ലീ സി-യങ്)5

*

പക്ഷേ
ഇന്നു രാത്രി അവള്‍ വരും
ഹാന്‍തറിയില്‍
ഹംഗുളിന്റെ യിന്‍-യാങ്ങില്‍
‍എന്റെ മലയാളവളവുകള്‍ വായിക്കും

ഞങ്ങള്‍ നെയ്യും
യീ-സാന്‍കവിത, തെറ്റിയുടുത്ത ജയില്‍വേഷം6
കിം കി-ദോസിനിമ, തെറിച്ച നിശാവസ്ത്രം7
ഭാരതപ്പുഴ, പിഞ്ഞിയ ഒരീരിഴത്തോര്‍ത്ത്

*

കുറിപ്പുകള്‍:-
1. യിന്‍-യാങ് : പ്രപഞ്ചസന്തുലനത്തെ ദാര്‍ശനികവും ജ്യോതിശ്ശാസ്ത്രപരവും ദൃശ്യാത്മകവുമായി വിശദീകരിക്കുന്ന പ്രാചീന ചൈനീസ് സങ്കല്പനം. പ്രാഥമികമായി യിന്‍ ചന്ദ്രനെയും ഇരുട്ടിനെയും സ്ത്രീയെയും കുറിക്കുന്നു; യാങ് സൂര്യനെയും പകലിനെയും പുരുഷനെയും. ഒരു വൃത്തത്തിനുള്ളിലെ പരസ്പരാപേക്ഷമായ കറുപ്പും വെളുപ്പുംരൂപങ്ങളായാണ് യിന്‍-യാങ്ദ്വന്ദം ചിത്രീകരിക്കാറ്. പൂര്‍വ്വേഷ്യന്‍ പാരമ്പര്യങ്ങളിലാകെ പടര്‍ന്നുകിടക്കുന്ന ഈ ആഖ്യാനത്തിന്റെ സ്വാധീനം കൊറിയന്‍ ഭാഷാരൂപീകരണത്തിലുമുണ്ട്. യിന്‍(തിരശ്ചീന) യാങ്(ലംബ) രേഖകളുടെ സങ്കലനമാണ് കൊറിയന്‍ ലിപിയായ ഹംഗുള്‍.

2. ഹാന്‍ (ഹാന്‍ഗാങ്) : സോവ്ള്‍നഗരത്തിനു കുറുകേ ഒഴുകി മഞ്ഞക്കടലില്‍ ചേരുന്ന നദി.
രാത്രിയില്‍ ഹാന്‍നദിക്കരയില്‍ നിന്നാല്‍ സോവ്ള്‍ മെട്രോയിലെ അനേകായിരം വൈദ്യുതവിളക്കുകള്‍ ജലവിതാനത്തില്‍ ബിംബിച്ച് അന്തമറ്റ ചിത്രപടങ്ങളായി മാറുന്ന മായക്കാഴ്ച കാണാം.


3. ഇരുപതാംനൂറ്റാണ്ടിലുടനീളം ജാപ്പനീസ് കൊളോണിയല്‍ ചൂഷണത്തിന്റെയും ആഭ്യന്തരയുദ്ധത്തിന്റെയും പട്ടിണിയുടെയും പിടിയിലായിരുന്നു കൊറിയന്‍ ഉപദ്വീപ്.

4. സാന്‍: മല

5. ഗ്രാമങ്ങളില്‍ പോലും കൂറ്റന്‍ കോര്‍പ്പറേറ്റ് അപ്പാര്‍ട്മെന്റുകള്‍ ഉയര്‍ന്നുവന്ന കൊറിയന്‍ സാമ്പത്തികമുന്നേറ്റകാലത്തെക്കുറിച്ച് കൊറിയന്‍കവി ലീ സി-യങ് എഴുതിയ 'അമ്മ' എന്ന കവിതയില്‍ നിന്ന്.

6. യീ സാന്‍: കൊറിയന്‍ കവിയും കഥാകാരനും. 1937ല്‍ ഇരുപത്തേഴാം വയസ്സില്‍ ജപ്പാനിലെ ഫുക്കുവോക്കാ ജയിലില്‍ കിടന്നു മരിച്ചു. ഒട്ടുമിക്ക എഴുത്തുകാരും ദേശീയവാദികളായിരുന്ന കാലത്ത് യീ സാന്‍ ഒരു ബൊഹീനിയനായി ജീവിക്കുകയും ജാപ്പനീസ് ഭാഷയില്‍ എഴുതുകയും ആധുനികതയുടെ രചനാകലാപം പ്രഖ്യാപിക്കുകയും ചെയ്തു. കൊറിയന്‍ ദേശീയസാഹിത്യപ്രസ്ഥാനത്തിന് വഴിപിഴച്ച പ്രതിഭയും പുതുതലമുറയ്ക്ക് കാലംതെറ്റിപ്പിറന്ന മഹാപ്രതിഭയുമാണ് യീ സാന്‍.

7. കിം കി ദോക്: ലോകപ്രശസ്തനായ കൊറിയന്‍ ചലച്ചിത്രകാരന്‍. ദേശീയവികാരത്തിനും ജനപ്രിയതയ്ക്കും പ്രാമുഖ്യമുള്ള കൊറിയയില്‍, സദാചാരമൂല്യങ്ങളെ നിരസിക്കുകയും ആധുനികകൊറിയന്‍ വ്യക്തിസത്തയുടെ രോഗാതുരതകള്‍ തുറന്നുകാട്ടുകയും ചെയ്യുന്ന കിം കി ദോക് പൊതുവേ അസ്വീകാര്യനാണ്.

Monday, July 16, 2007

ഇരുപുറവും ചൂടുള്ള ദോശ

നാം കിടക്കുമ്പോളോര്‍ത്തില്ല നമ്മളില്‍
നാം കിടന്നു വേവാന്‍ തുടങ്ങുന്നത്

നാം കിടന്നു,
മുരണ്ടൂ വിറക്
ദേ
നാം കിടുങ്ങുന്നു
ചൂടിന്നിരുപുറം

ആരുവന്നു തിരിച്ചിട്ടു നമ്മളെ
അമ്പു, തുമ്പിയോ? ദൈവമോ സ്വപ്നമോ?

ഞാന്‍ തിണര്‍ത്തൂ
നെരിപ്പില്‍‍
അണുവണുവായ് തണുത്തു നീ
കോശസമുദ്രമായ്

നമ്മളെത്തിന്നുവാനൊരു കണ്‍സ്യൂമര്‍
നാവു നീട്ടി; ഒടുക്കത്തെ നാവ്
അതിന്‍
നഷ്ടമൂല്യമേ നമ്മിലെ ചൂട്

ഗ്യാസു തീര്‍ന്നോ?

ഹലോ, ഗ്യാസേജന്‍സിയല്ലേ?
നമ്പര്‍ 278...
ങ്ഹേ!രണ്ടുമാസം കഴിയുംന്നോ?
....ഓക്കെ.

വേഗം കഴിച്ചോളൂ
നല്ല ചൂടാ
നല്‍...ല്ല ചൂടാ.

Sunday, July 15, 2007

കാഫ്ക


വെറിവേനലില്‍
ഒരു തെങ്ങിന്റെ മണ്ടയില്‍
‍തണ്ടുതുരപ്പന്‍ സൂര്യകിരണങ്ങളെ
കടിച്ചുപറിച്ചുകൊണ്ടിരുന്ന ഒരു കാക്ക

പെട്ടെന്ന്
തോന്ന്യാസത്തില്‍
ആകാശം തുരന്ന്
അനേകായിരം അപ്പാര്‍ട്ടുമെന്റുകള്‍ക്കപ്പുറത്ത്
ഉദ്ധരിച്ചുനിന്ന മറ്റേതോ മരത്തെ ഉന്നംവെച്ച്
പറന്നു തുടങ്ങിയതും,
ഒരു മഴ വന്നു

അപ്പാര്‍ട്ടുമെന്റുകളിലൊന്നിലെ
ഇരുപത്തൊന്നാം നിലയിലെ ബാല്‍ക്കണിയില്‍
ഇണചേര്‍ന്നു നിന്നിരുന്ന
ഒരാണും പെണ്ണും
കണ്ട്
അന്തംവിട്ടു നിന്നു,
മഴയ്ക്കു കുറുകേ
ഒറ്റവരയായി
ഒറ്റയ്ക്കു പരക്കുന്ന
ആ കാഫ്കയെ.

ആടിയാടി അലഞ്ഞ മരങ്ങളേ...

'നീലപ്പുല്‍ത്തറകള്‍ക്കുമേല്‍
പലനിഴല്‍ക്കൂടാരമുണ്ടാക്കി'*നടന്ന
പഴങ്കഥകളേ

ഓരോ തുള്ളി ചിതയിലേയ്ക്കും
ഒരായിരം സൂര്യനു കുതിച്ച
ഉടന്തടികളേ

ഉളിപിടിക്കാത്ത കടുന്തടികളേ
ഉരമറിയാത്ത ഇളമുറകളേ
കാറ്റുമ്പുറത്തു കേറി ഇരക്കാന്‍ പോയവരേ

അടിപറിഞ്ഞ നിലപാടുകളേ

ആടിയാടിയലഞ്ഞ്
നാവുകുഴഞ്ഞ്
എടുപിടീന്നൊരുനാള്‍...

ശരി, പിന്നെക്കാണാംന്ന്‍
പൊറിഞ്ഞിട്ടേലും പോകാരുന്നില്ലേ?

ദൈവന്തമ്പുരാനേ!
പ്രൊജക്ടഡ് ടാര്‍ജറ്റുപടി
പ്രോലിട്ടേറിയറ്റു കേരളം വരുമാരുന്നേല്‍
നിന്നുനിന്നു പെരുങ്കാടുകളാവേണ്ടവരല്ലാരുന്നോ,
കഷ്ടം!

ആഴിയാഴിയഴഞ്ഞ് ...
എഴുപിഴീന്ന്...

**************
*കുമാരനാശാന്റെ ‘പ്രരോദന‘ത്തില്‍ നിന്ന്